28 May Monday

റണ്ണുകളുടെ തോഴന് ട്രിപ്പിളിന്റെ തുലാഭാരം

Thursday Nov 24, 2016
എ എന്‍ രവീന്ദ്രദാസ്

അപൂര്‍വമായ ട്രിപ്പിള്‍നേട്ടത്തിന്റെ നാഴികക്കല്ലുകള്‍ താണ്ടി രോഹന്‍ പ്രേം കേരള ക്രിക്കറ്റിലെ നിത്യഹരിത നായകസ്ഥാനത്തേക്ക് രണ്ടു കൈയും വീശി കയറിനില്‍ക്കുന്നു. തുടര്‍ച്ചയായി 12ാം സീസണിലും കേരളത്തിനായി രഞ്ജിട്രോഫി കളിക്കുന്ന ഈ തിരുവനന്തപുരത്തുകാരന്‍ മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഗോവയ്ക്കെതിരെ സമനിലയില്‍ അവസാനിച്ച മത്സരത്തിലൂടെ ഒന്നാംക്ളാസ് ക്രിക്കറ്റില്‍ 4000 റണ്‍ തികയ്ക്കുന്ന ആദ്യ കേരള ബാറ്റ്സ്മാനെന്ന നേട്ടത്തിനുപുറമെ എല്ലാതലത്തിലുമുള്ള ഒന്നാം ക്ളാസ് മത്സരങ്ങളിലെ മുന്തിയ റണ്‍വേട്ടക്കാരനെന്ന റെക്കോഡും ഒപ്പംകൂട്ടി. രഞ്ജിട്രോഫിയില്‍ ഏറ്റവുമധികം റണ്‍ നേടിയ കേരളത്തിന്റെ മുന്‍ നായകന്‍ സുനില്‍ ഒയാസിസിന്റെ റെക്കോഡും (3906) നായകന്റെ കുപ്പായത്തില്‍തന്നെ പ്രേം സ്വന്തമാക്കുകയും ചെയ്തു.

ഒന്നാംക്ളാസ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ശ്രീകുമാര്‍ നായരുടെ 3921 റണ്ണാണ് ഗോവയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി (130)യും രണ്ടാം ഇന്നിങ്സില്‍ അര്‍ധശതക (70)വും നേടി രോഹന്‍ പ്രേം 4008ലേക്ക് ഉയര്‍ത്തിയത്. കേരളത്തിനായി 68 മത്സരങ്ങളില്‍ 3925 റണ്ണും ദക്ഷിണമേഖലയ്ക്കായി മൂന്ന് മത്സരങ്ങളില്‍ 83 റണ്ണും അടിച്ച പ്രേം 12 സെഞ്ചുറികളുടെ അകമ്പടിയോടെയാണ് 4000 കടന്നത്. ശ്രീകുമാര്‍ നായര്‍ 3921 റണ്ണിലെത്തിയത് 73 മത്സരങ്ങളില്‍ അരഡസന്‍ സെഞ്ചുറികളോടെയായിരുന്നു. 74 മത്സരങ്ങളില്‍ ആറ് സെഞ്ചുറി ഉള്‍പ്പെടെ സുനില്‍ ഒയാസിസ് 3906 റണ്ണിലെത്തിയപ്പോള്‍ 65 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളോടെ 3327 റണ്ണടിച്ച വി എ ജഗദീഷാണ് നാലാംപടിയില്‍. ഈ നാല്‍വരില്‍ ബാറ്റിങ് ശരാശരിയിലും രോഹനാണ് മുന്നില്‍ (4175).

കേരളത്തിനായി ഒന്നാം ക്ളാസ് ക്രിക്കറ്റില്‍ ആദ്യമായി 1000 റണ്‍ തികച്ചത് ബാലന്‍ പണ്ഡിറ്റാണ്. 1959ല്‍ പാലക്കാട്ട് നടന്ന രഞ്ജി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരൊയിരുന്നു ആ നേട്ടം. ഒമ്പതുവര്‍ഷത്തിനുള്ളില്‍ 1968ല്‍ കൊച്ചിയില്‍ മൈസൂരിനെതിരെയുള്ള മത്സരത്തിലൂടെ ആദ്യമായി 2000 റണ്‍ നേടുന്ന കേരളതാരമെന്ന ബഹുമതിയും ബാലന്‍ പണ്ഡിറ്റിനൊപ്പമായി. 2002ല്‍ കേരളം സര്‍വീസസിനെ നേരിട്ടപ്പോഴായിരുന്നു സുനില്‍ ഒയാസിസ് 3000 റണ്ണിലെത്തിയത്. ഇപ്പോഴിതാ രോഹന്‍ പ്രേം ഗോവയ്ക്കെതി കളിച്ചുകൊണ്ട് നാലായിരത്തിലുമെത്തി.

റെക്കോഡുകളെക്കുറിച്ചുള്ള ചിന്ത ഒരവസരത്തിലും തന്നെ അലട്ടിയിട്ടില്ല. എന്നാല്‍ ഗോവയ്ക്കെതിരെ ജയത്തോടെ ആ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നെന്ന് രോഹന്‍ പറയുന്നു. അതേസമയം ഇനിയും വലിയ നേട്ടങ്ങളും നാഴികക്കല്ലുകളും രോഹനെ കാത്തിരിക്കുന്നുണ്ടെന്നും ബാറ്റിങ്ങില്‍ ഈ ഫോമും സ്ഥിരതയും തുടരാനായാല്‍ 60007000 റണ്ണിലെത്താമെന്നും മുന്‍ റെക്കോഡുകാരനായ ശ്രീകുമാര്‍ നായര്‍ അഭിപ്രായപ്പെട്ടു.

ടീമിന് എപ്പോഴും പ്രചോദനവും മാതൃകയുമാകുന്ന ഈ മുപ്പതുകാരന്‍ ഈ സീസണിലും കേരളത്തിന്റെ മികച്ച റണ്‍വേട്ടക്കാരനാണ്. രഞ്ജിയില്‍ ഇതുവരെ ഒമ്പത് ഇന്നിങ്സിലായി 65.6 ശരാശരിയോടെ 525 റണ്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ രഞ്ജി സീസണില്‍ എട്ട് കളികളില്‍ 705 റണ്ണുമായി ദേശീയതലത്തില്‍ മുമ്പനായിരുന്നു രോഹന്‍. ഒരു ഇരട്ടസെഞ്ചുറി ഉള്‍പ്പെടെ മൂന്ന് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും ആ റണ്‍കൊയ്ത്തിന് തിളക്കംകൂട്ടുകയും ചെയ്തു. നല്ലൊരു ഓഫ് ബ്രേക്ക് ബൌളര്‍ കൂടിയായ രോഹന് രഞ്ജിയില്‍ 51 വിക്കറ്റും സ്വന്തം പേരിലുണ്ട്.

രോഹനെക്കാള്‍ മുമ്പ് ക്രിക്കറ്റിനെ പ്രേമിച്ചത് അച്ഛന്‍ ടി പ്രേംഭാസില്‍ ആണ്. കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് ഗ്രൌണ്ടിലെത്തുമായിരുന്ന രോഹന്റെ ആദ്യ പരിശീലകന്‍ സ്പോര്‍ട്സ് കൌണ്‍സിലിലെ ശ്രീകുമാറായിരുന്നു. സ്കൂള്‍ ടീമില്‍നിന്ന് കേരളത്തിന്റെ അണ്ടര്‍14 ടീമിലേക്ക് കയറിച്ചെന്ന രോഹന്‍ പിന്നീട് ഇന്ത്യയുടെ അണ്ടര്‍20 ടീമിലെത്തി. 2005ല്‍ 19ാം വയസ്സുമുതല്‍ രഞ്ജിട്രോഫിയില്‍ കേരളത്തിന്റെ കുപ്പായത്തില്‍ ഈ കണ്ണന്മൂല സ്വദേശിയുണ്ട്. ഇന്ത്യാ സിമന്റ്സിലെ ജോലിവിട്ട് തിരുവനന്തപുരം ഏജീസ് ഓഫീസില്‍ എത്തിയ രോഹന്‍ പ്രേമിന്റെ ഇപ്പോഴത്തെ പരിശീലകന്‍ ഫിലിപ്പ് ജേക്കബ്ബാണ്. 208 ആണ് ഉയര്‍ന്ന സ്കോര്‍.

ബാലന്‍ പണ്ഡിറ്റിനെയും കെ ജയറാമിനെയും പി ബാലചന്ദ്രനെയും  പിന്തുടര്‍ന്ന് അനന്തപത്മനാഭന്റെയും സുനില്‍ ഒയാസിസിന്റെയും സോണി ചെറുവത്തൂരിന്റെയും പാതയില്‍ കേരളത്തിന്റെ ക്രീസില്‍ ബാറ്റ്കൊണ്ടും പന്തുകൊണ്ടും വിസ്മയം രചിച്ചവരുടെ നിരയിലേക്ക് രോഹന്‍ പ്രേം എന്ന ഓള്‍റൌണ്ടറും കയറിച്ചെല്ലുന്നു. ബാറ്റ്ചെയ്യുമ്പോള്‍ തനിക്കതില്‍ പൂര്‍ണമായി മുഴുകാനും ആസ്വദിക്കാനും കഴിയുന്നുണ്ടെന്നു പറയുന്ന കേരളത്തിന്റെ ഈ നായകന് ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കാനാകട്ടെ. 

Top