21 July Saturday

ഫെൽപ്സിനു തുടർക്കഥയാകാൻ ഡ്രെസൽ

Friday Aug 11, 2017

ഓളപ്പരപ്പിലെ വിസ്മയക്കാഴ്ചകള്‍ മൈക്കേല്‍ ഫെല്‍പ്സില്‍ അവസാനിക്കുന്നില്ല. ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും മെഡല്‍ക്കൂമ്പാരമുയര്‍ത്തിയ ഫെല്‍പ്സിന്റെ വീരചരിതത്തിന് തുടര്‍ക്കഥയാകാന്‍ ഇതാ, കാലെബ് ഡ്രെസല്‍ എന്ന ഇരുപതുകാരന്‍ എത്തിയിരിക്കുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്ന ലോക നീന്തല്‍ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് സ്വര്‍ണമെഡലുകളുടെ ചരിത്രനേട്ടത്തെ പുല്‍കിയ ഡ്രെസലിന്റെ നാളുകളാണ് വരാനിരിക്കുന്നത്.

ലോകചാമ്പ്യന്‍ഷിപ്പിന്റെ അവസാനനാള്‍ പുരുഷന്മാരുടെ 4 ഃ 100 മീറ്റര്‍ മെഡ്ലെ റിലേയില്‍ മൂന്നാംപാദത്തില്‍ ചിറകുവിരിച്ച് തന്റെ ഏഴാം സ്വര്‍ണത്തിലെത്തിയ ഡ്രെസല്‍ ഈ നേട്ടത്തോടെ യുഎസിന്റെ ഇതിഹാസതാരങ്ങളായ ഫെല്‍പ്സിനും 2011ല്‍ അഞ്ച് സ്വര്‍ണം നേടിയ റ്യാന്‍ റോച്ചറ്റിനും 1972ലെ മ്യൂണിച്ച് ഒളിമ്പിക്സില്‍ ഏഴ് സ്വര്‍ണം വാരിയ മാര്‍ക് സ്പിറ്റ്സിനും ഒപ്പമെത്തി. നീന്തലില്‍ അമേരിക്കയുടെ പുരുഷതാരങ്ങളുടെ എക്കാലത്തെയും മികച്ച അഞ്ച് പ്രകടനങ്ങളിലൊന്നാണ് ഡ്രെസലിന്റേതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മറ്റ് നാലെണ്ണം ഫെല്‍പ്സിനും റോച്ചറ്റിനും അവകാശപ്പെട്ടതാണ്. 2007ലെ മെല്‍ബണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ഫെല്‍പ്സ് ഏഴ് സ്വര്‍ണം നേടിയിരുന്നു.

നിലവിലെ താരങ്ങളുടെ മികവിനൊപ്പം പുതുനിരയുടെ തിളക്കവും കരുത്താക്കുന്ന അമേരിക്ക ലോകനീന്തലില്‍ എക്കാലവും വന്‍  ശക്തിയാണ്. റിയോ ഒളിമ്പിക്സിനുശേഷം വിരമിച്ച ഫെല്‍പ്സിനു പിന്‍ഗാമിയെ തേടുകയായിരുന്ന അമേരിക്കയ്ക്ക് ബുഡാപെസ്റ്റിലെ ഡ്രെസലിന്റെ മഹാപ്രകടനങ്ങള്‍ ഓളപ്പരപ്പില്‍ പുതിയ വിതാനങ്ങളും സ്വപ്നങ്ങളും സമ്മാനിക്കുന്നു. 2004 ഏഥന്‍സ്മുതല്‍ 2016 റിയോവരെയുള്ള ഒളിമ്പിക്സുകളിലും ലോകചാമ്പ്യന്‍ഷിപ്പുകളിലും ഏകഛത്രാധിപതിയായി വിരാജിച്ച ഫെല്‍പ്സിന്റെ സുവര്‍ണകാലത്തെ പുനര്‍നിര്‍മിക്കാന്‍പോന്ന ശേഷിയും നൈപുണിയുമുള്ള യുവതാരമാണ് കാലെബ് ഡ്രെസല്‍ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബുഡാപെസ്റ്റിലെത്തുംമുമ്പ് അത്ര അറിയപ്പെട്ടിരുന്ന താരമായിരുന്നില്ല എന്നത് ഡ്രെസലിന്റെ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. എന്നാല്‍ അവിടെ എട്ടുദിവസത്തിനുള്ളില്‍ ഏഴ് സ്വര്‍ണവുമായി മുങ്ങിപ്പൊങ്ങിയതോടെ ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ ഈ ചെറുപ്പക്കാരന്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നു.

ചാമ്പന്‍ഷിപ്പിന്റെ ഏഴാംനാള്‍ 98 മിനിറ്റിനുള്ളില്‍ സ്വര്‍ണമെഡലുകളുടെ ഹാട്രിക് പൂര്‍ത്തിയാക്കിയ ഡ്രെസലിന്റെ പ്രകടനത്തിന് സമാനതകളില്ലെന്നുതന്നെ പറയാം. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണത്തോടെ തുടങ്ങിയ ഡ്രെസല്‍ അരമണിക്കൂറിനുശേഷം 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ തന്റെ ആരാധനാമൂര്‍ത്തിയായ ഫെല്‍പ്സിന്റെ റെക്കോഡ് മുക്കി വിജയപീഠമേറി. പിന്നാലെ ഡ്രെസല്‍ അംഗമായ 4 ഃ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ അമേരിക്ക ലോകറെക്കോഡോടെ സ്വര്‍ണത്തിലെത്തി.

ഡ്രെസലിന്റെ ഏഴ് തങ്കപ്പതക്കങ്ങളില്‍ മൂന്നെണ്ണം 50, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നീ ഇനങ്ങളിലേത് വ്യക്തിഗത കിരീടങ്ങളാണ്. മറ്റ് നാലെണ്ണം 4 ഃ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍റിലേ, 4 ഃ 100 മീറ്റര്‍ മിക്സഡ് ഫ്രീസ്റ്റൈല്‍, 4 ഃ 100 മീറ്റര്‍ മിക്സഡ് മെഡ്ലെ, 4 ഃ 100 മീറ്റര്‍ മെഡ്ലെ എന്നിവയിലാണ്. ഫെല്‍പ്സിനൊപ്പം ഇവന്‍ എത്തുമോ എന്ന ചോദ്യത്തിന് സ്പഷ്ടമായ ഉത്തരമേകിക്കൊണ്ടായിരുന്നു ഡ്രെസല്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ടീം മെഡ്ലെ റിലേയില്‍ ആധിപത്യം കാത്തത്. അങ്ങനെ ഡാന്യൂബ് അരീനയിലെ നീന്തല്‍ക്കുളത്തില്‍ ചരിത്രംകോറിയിട്ട സപ്തവിജയങ്ങളുടെ പൊന്‍തിളക്കവുമായി, മൈക്കേല്‍ഹെല്‍പ്സിന്റെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരന്‍ എന്ന നിറവോടെ കാലെബ് ഡ്രെസല്‍ തലയുയര്‍ത്തിനിന്നു. 1996 ആഗസ്ത് 16ന് ഫ്ളോറിഡയില്‍ ജനിച്ച ഡ്രെസല്‍ 2013ല്‍ ദുബായിയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണമുദ്രകള്‍ നേടിയാണ് വരവറിയിച്ചത്. റിയോ ഒളിമ്പിക്സില്‍ 4 ഃ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4 ഃ 100 മീറ്റര്‍ മെഡ്ലെ റിലേകളില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു.

ഡ്രെസലിന്റെ പ്രകടനത്തിന്റെ നിഴലിലായിപ്പോയെങ്കിലും അമേരിക്കയുടെ ജലറാണി കാറ്റി ലെഡെക്കിക്കും സ്വീഡന്റെ സാറാജോസ് ട്രോമിനും ബ്രിട്ടന്റെ ആദം പീറ്റിക്കും അമേരിക്കയുടെ ലില്ലികിങ്ങിനും ഈ ചാമ്പ്യന്‍ഷിപ് അവിസ്മരണീയമായി. അഞ്ച് സ്വര്‍ണമെഡലുകള്‍ നേടിയെങ്കിലും താന്‍ ഏറ്റവും കൊതിച്ച 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലെഡെക്കിക്ക് കരിയറിലെ ആദ്യതോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ ഈ ഇരുപതുകാരിയുടെ ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടം 14ല്‍ എത്തി. റിയോ ഒളിമ്പിക്സില്‍ നാല് സ്വര്‍ണം നേടിയ ലെഡെക്കി ലണ്ടനില്‍ 15ാം വയസ്സില്‍ അരങ്ങേറ്റംകുറിച്ചതുമുതല്‍ ഫ്രീസ്റ്റൈല്‍ ഇനങ്ങളില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്.

Top