28 May Monday

ഇത് വീണ്ടെടുപ്പിന്റെ ദേശീയ ഫുട്ബോള്‍ ലീഗ്...

Friday Feb 3, 2017

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐഎസ്എലിന്റെ ആരവമൊഴിഞ്ഞ മൈതാനങ്ങളില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നേരിട്ടു നടത്തുന്ന ദേശീയ ക്ളബ് ചാമ്പ്യന്‍ഷിപ്പായ ഐ ലീഗിന് പന്തുരുളുമ്പോള്‍ ഇതാദ്യമായി ഇന്ത്യന്‍ ഫുട്ബോളില്‍ ഒരു വീണ്ടെടുപ്പിന്റെയും പുനര്‍നിര്‍മിതിയുടെയും സ്വപ്നങ്ങള്‍ നിറയുന്നുണ്ട്. അതിനു കാരണങ്ങള്‍ പലതുണ്ടുതാനും. 2007ല്‍ ആരംഭിച്ച ഐ ലീഗ് എന്ന ഇന്ത്യന്‍ പ്രീമിയര്‍ ഫുട്ബോള്‍ ലീഗ് വേറിട്ടുനില്‍ക്കെത്തന്നെയാണല്ലോ താരത്തിളക്കവും പണക്കിലുക്കവും മൈതാനംനിറയുന്ന കാണികളെയുംകൊണ്ട് ഫുട്ബോളിന്റെ കോക്ക്ടൈലായ ഐഎസ്എല്‍ കടന്നുവന്നത്. കഷ്ടിച്ചു മൂന്നുമാസം മാത്രം നീളുന്ന ഐഎസ്എലിന് ലീഗ് എന്ന പദവി ചാര്‍ത്തിക്കൊടുക്കുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് ഉത്തരംകിട്ടുന്നില്ല എന്നതു മാത്രമല്ല, 1996ല്‍ തുടങ്ങിയ ദേശീയ ലീഗിന്റെ പുതിയ രൂപമായ ഐ ലീഗാകട്ടെ ഇന്ത്യയുടെ പ്രമുഖ ദേശീയ ലീഗായി തുടരുകയും ചെയ്യുന്നു.

അങ്ങനെയിരിക്കെയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും അവരുടെ മാക്കറ്റിങ് പങ്കാളിയായ ഐഎംജി റിലയന്‍സും ചേര്‍ന്ന് ഒരു തീരുമാനമെടുത്തത്. ഐ ലീഗും ഐഎസ്എലും സംയോജിപ്പിച്ച് ഒറ്റ പ്രൊഫഷണല്‍ ലീഗാക്കുക. അതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അവര്‍ കര്‍മസമിതിയെയും നിയോഗിച്ചു. മൂന്നു ഡിവിഷന്‍ ലീഗുകളെന്ന് വിഭാവനംചെയ്യുന്ന പുതിയ ദേശീയ ലീഗായി മാറുന്ന ഐഎസ്എലില്‍ ഐ ലീഗിലെ മുന്തിയ രണ്ട് ടീമുകളെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന കര്‍ശന നിബന്ധനയും ആ തീരുമാനത്തില്‍ അടങ്ങിയിരിക്കുന്നു.

വന്‍തോതില്‍ പണം മുടക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനായാലും ഐ ലീഗിലെ എട്ട് ടീമുകള്‍ക്ക് പുതിയ മേജര്‍ ലീഗില്‍ ഇടമുണ്ടാവില്ലെന്നു സാരം. തങ്ങളെ രണ്ടാം തരക്കാരായി കാണാനും പ്രീമിയര്‍ ലീഗില്‍നിന്ന് മാറ്റിനിര്‍ത്താനുമുള്ള തീരുമാനത്തെ കൊല്‍ക്കത്തയിലെയും ഗോവയിലെയും വമ്പന്‍ ക്ളബ്ബുകളടക്കം നിലവിലെ ഐ ലീഗ് ടീമുകള്‍ ചോദ്യംചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തത് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടതിനാല്‍തന്നെയാണ്. പുതിയ ദേശീയ ലീഗില്‍ ഐ ലീഗിലെ എല്ലാ ക്ളബ്ബുകളെയും ഉള്‍പ്പെടുത്തുകയും അതിന് ഫ്രാഞ്ചൈസി നിബന്ധന മാറ്റുകയും വേണമെന്നാണ് ഐ ലീഗിലെ ക്ളബ്ബുകളുടെ നിലപാട്. അശാസ്ത്രീയവും യുക്തിരഹിതവുമായി ഐ ലീഗ്ഐഎസ്എല്‍ ടീമുകളെ സംയോജിപ്പിച്ച് പുതിയ ദേശീയ ലീഗ് സംഘടിപ്പിക്കാനുള്ള നീക്കത്തില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയ ഗോവന്‍ ക്ളബ്ബുകളായ ഡെമ്പോയും സ്പോര്‍ട്ടിങ് ക്ളബ്ബും സാല്‍ഗോക്കറും ഇപ്പോള്‍ നടന്നുവരുന്ന ഐ ലീഗിന്റെ 10ാം പതിപ്പില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ചര്‍ച്ചില്‍ ബ്രദേഴ്സ് മാത്രമാണ് ഇക്കുറി ഐ ലീഗില്‍ ഗോവയുടെ പ്രാതിനിധ്യം പേറുന്നത്്

ഒരുപക്ഷേ ഈ കാരണങ്ങളെല്ലാം മുന്‍നിര്‍ത്തിയാവാം ഐ ലീഗിലെ 10 ടീമുകളും മാറ്റുതെളിയിക്കാനുള്ള തീക്ഷ്ണമായ പോരാട്ടത്തിലാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെയും മേഖലകളെയും പ്രതിനിധീകരിക്കുന്ന യുവതാരങ്ങളടക്കം സ്വദേശീയരായ കളിക്കാരുടെ ശക്തമായ സാന്നിധ്യം ഈ ടീമുകളിലെല്ലാമുണ്ട്. ഐഎസ്എല്‍ ടീമുകളുടേതില്‍നിന്നു വ്യത്യസ്തമായി ഐ ലീഗിലെ വിദേശതാരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുന്നു.

രാജ്യത്തിന്റെ വിശാലമായ ഇടങ്ങളിലേക്ക് കളിയുടെ പ്രചാരം എത്തിക്കാനും അറിയപ്പെടാത്ത കോണുകളില്‍നിന്നുപോലും പ്രതിഭകളെ കണ്ടെത്താനും ഐ ലീഗിനു കഴിയുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റര്‍ ബെയ്ചുങ് ബൂട്ടിയ പറയുന്നു. പുതിയ മൈതാനങ്ങളിലേക്ക് കളി എത്തുന്നതിനൊപ്പം കൂടുതല്‍ കാണികളും ഐ ലീഗ് മത്സരങ്ങള്‍ കാണാനെത്തുന്നു. ഉദാഹരണത്തിന് നവാഗതരായ മിനര്‍വ പഞ്ചാബ് എഫ്സി, 2011ല്‍ ജെസിടി മില്‍സ് ഐ ലീഗില്‍നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് വിളക്കണഞ്ഞുപോയ ഉത്തരേന്ത്യയുടെ ഫുട്ബോള്‍ഭൂമിയിലേക്ക് പ്രകാശംചൊരിയാന്‍ പര്യാപ്തമാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു. അതേപോലെ കഴിഞ്ഞ ദശകത്തില്‍ ചെന്നൈ ഇന്ത്യന്‍ ബാങ്കിനുശേഷം ദേശീയ ഫുട്ബോള്‍ ലീഗില്‍ തമിഴ്നാടിന്റെ വിലാസമായി മാറുന്ന രണ്ടാമത്തെ ടീമാകുന്നു മറ്റൊരു നവാഗത ടീമായ ചെന്നൈ എഫ്സി.

ജനിച്ച് നാലുവര്‍ഷത്തിനുള്ളില്‍ രണ്ടുവട്ടം ഐ ലീഗ് കിരീടവും ഒരുതവണ ഫെഡറേഷന്‍ കപ്പും ഒടുവില്‍ ഇക്കഴിഞ്ഞ നവംബറില്‍ എഎഫ്സി കപ്പില്‍ ഫൈനലിലുമെത്തിയ ബാംഗ്ളൂര്‍ എഫ്സി, ഇന്ത്യന്‍ ഫുട്ബോളില്‍ ചരിത്രവും പാരമ്പര്യവും ഏറെ പറയാനുള്ള കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മത്സരയോട്ടത്തില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ചുകഴിഞ്ഞ ഈ ഐ ലീഗില്‍ ഷില്ലോങ് ലാജോങ്, ഐസ്വാള്‍ എഫ്സി, മുംബൈ എഫ്സി, പുണെ ഡിഎസ്കെ ശിവജിയന്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ക്ളബ്ബുകളും സാന്നിധ്യം ഉറപ്പിക്കാനുള്ള വെമ്പലിലാണ്.
എങ്കിലും ഐ ലീഗിന്റെ 10ാം പതിപ്പില്‍ ആധിപത്യത്തിനായുള്ള രണ്ട് കൊല്‍ക്കത്ത ടീമുകളുടെയും ബിഎഫ്സിയുടെയും ത്രിമാന പോരാട്ടംതന്നെയാണ് ദൃശ്യമാവുന്നത്. പരിചയസമ്പന്നരായ കളിക്കാരുടെ മികവിനൊപ്പം വിദേശികളും സ്വദേശികളുമായ പരിശീലകരുടെ മികവുകൂടിയാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത്. കളിയുടെ നിലവാരത്തിലും ഗോളുകളുടെ എണ്ണത്തിലും കേളീ ശൈലിയിലും തന്ത്രങ്ങളിലും സര്‍വോപരി കാണികളുടെ എണ്ണത്തിലും ആസ്വാദനതലത്തിലും ഈ ഐ ലീഗ് ഇന്ത്യന്‍ ഫുട്ബോളിന് ഒരു നവനിര്‍മിതിയായേക്കാം.
 

Top