20 April Friday

ഇനി ഗോളടിയില്ല; കളി പഠിപ്പിക്കാം

Thursday Dec 1, 2016
എ എന്‍ രവീന്ദ്രദാസ്

2014 ജൂലൈ 11നായിരുന്നു പ്രൌഢഗംഭീരമായ മാറക്കാന സ്റ്റേഡിയം മിറോസ്ളാവ് ക്ളോസെയുടെ വീണ്ടുെപ്പിനും വിടചൊല്ലലിനും സാക്ഷ്യംവഹിച്ചത്. അന്ന് 36ാം വയസ്സില്‍ ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ ഏറ്റവും സമ്പന്നനായ കളിക്കാരന്‍ എന്ന നേട്ടത്തോടെ രാജ്യാന്തര ഫുട്ബോളില്‍ ഹംസഗാനം ആലപിച്ച ക്ളോസെ കടന്നുപോയ നവംബര്‍ ഒന്നിന് 38ാം വയസ്സില്‍ ക്ളബ് ഫുട്ബോളിലും ബൂട്ടഴിച്ചു. ഇത്രയുംകാലം രംഗത്തുനിന്നുവെന്നതു മാത്രമല്ല, അസംതൃപ്തരായി വിരമിക്കുന്ന താരങ്ങളില്‍നിന്ന് എല്ലാ അര്‍ഥത്തിലും വ്യത്യസ്തനുമാണ് കുടിയേറ്റക്കാരനായ ജര്‍മനിയുടെ ഈ ഗോളടിക്കാരന്‍.

പോളണ്ടില്‍നിന്ന് ജര്‍മനി തട്ടിയെടുത്ത താരമാണ് ക്ളോസെ. രണ്ടാം ലോകയുദ്ധത്തില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ തങ്ങളുടെ രാജ്യത്തേക്ക് അധിനിവേശം നടത്തിയതുമുതല്‍ പോളണ്ടുകാരെ സംബന്ധിച്ചിടത്തോളം ജര്‍മനി ഒരു നല്ല രാജ്യമല്ല. എങ്കിലും ക്ളോസെക്ക് അങ്ങനെയായിരുന്നില്ല. പോളണ്ടിനുവേണ്ടി കളിക്കാനുള്ള ക്ഷണം നിരസിച്ച് 2001ല്‍ ലോകകപ്പ് യോഗ്യതയില്‍ അല്‍ബേനിയക്കെതിരെ ജര്‍മന്‍ ടീമില്‍ അരങ്ങേറ്റംകുറിച്ച മിറോസ്ളാവ്  ക്ളോസെ പിന്നീട് ലോകത്തെതന്നെ മികച്ച സ്ട്രൈക്കര്‍മാരിലൊരാളായി മാറുന്നതാണ് പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകം കണ്ടത്. ഇപ്പോഴിതാ കളി മതിയാക്കിയ ക്ളോസെ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനിയെ ജേതാക്കളാക്കിയ ജോകിം ലോയുടെ കീഴില്‍ 2018ലെ റഷ്യന്‍ ലോകകപ്പിന് ടീമിനെ ഒരുക്കാനുള്ള പരിശീലകസംഘത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ബെലോഹൊറിസോന്റയില്‍ ബ്രസീലിനെ 71ന് തകര്‍ത്ത ജര്‍മനിയുടെ രണ്ടാംഗോള്‍ നേടിക്കൊണ്ടായിരുന്നു ക്ളോസെ ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായത്. ബ്രസീലിന്റെ പ്രിയതാരമായ റൊണാള്‍ഡോയുടെ റെക്കോഡിനെ (15 ഗോള്‍) പിന്തള്ളി 16 ഗോളുമായി ക്ളോസെ ചരിത്രം തിരുത്തി. ഈ ലോകകപ്പിലെ ഗ്രൂപ്പ്ഘട്ടത്തില്‍ ഘാനയ്ക്കെതിരെ സ്കോര്‍ചെയ്തായിരുന്നു ജര്‍മന്‍താരം റൊണാള്‍ഡോയുടെ 15 ഗോളുകള്‍ക്കൊപ്പം എത്തിയത്. ഇതിലൊരു യാദൃച്ഛികതയുടെ സൌന്ദര്യമുണ്ടായിരുന്നു. 2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ റൊണാള്‍ഡോ റെക്കോഡിലെത്തിയതും ഘാനയ്ക്കെതിരെ ഗോള്‍നേടിക്കൊണ്ടായിരുന്നു. ബ്രസീല്‍താരം അന്നു മറികടന്നതാകട്ടെ ജര്‍മനിയുടെ ഇതിഹാസതാരമായ യേര്‍ഡ് മുള്ളറെയായിരുന്നു. ക്ളോസെ റൊണാള്‍ഡോയെ മറികടന്നതാകട്ടെ ബ്രസീലിനെതിരെയുള്ള സെമിഫൈനലിലും. തുടര്‍ന്ന് മാറക്കാനയിലെ ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ജര്‍മനിയുടെ കുന്തമുനയായി തുടങ്ങിയശേഷം 88ാം മിനിറ്റില്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മിറോസ്ളാവ് ക്ളോസെ നടന്നുനീങ്ങിയപ്പോള്‍ അത് ലോകകപ്പ് ഫുട്ബോളിലെ ഒരു മഹത്തായ വിടവാങ്ങലായിരുന്നു. ക്ളോസെയുടെ സ്ഥാനം ഏറ്റെടുത്ത മാരിയോഗോട്സെ 113ാം മിനിറ്റിലെ ഗോളിലൂടെ ലയണല്‍ മെസിയുടെയും സംഘത്തിന്റെയും സ്വപ്നങ്ങള്‍ തല്ലിക്കൊഴിച്ച് ജര്‍മനിയെ ചരിത്രവിജയത്തിലേക്കു നയിച്ചതാകട്ടെ മറ്റൊരു നിയോഗവുമായി.

ബ്രസീല്‍ ലോകകപ്പിനെത്തിയ ജര്‍മന്‍ ടീമിലെ ഏക സ്ട്രൈക്കറായിരുന്നു ക്ളോസെ. എന്നിട്ടും പല കളികളിലും പകരക്കാരനായാണ് കോച്ച് ജോകിംലോ ഈ താരത്തെ ഉപയോഗിച്ചത്. എങ്കിലും പ്രായമേശാത്ത കാലുകളും പരിമിതമായ അവസരങ്ങളുമായി ക്ളോസെ മഹാനേട്ടത്തെ പുല്‍കുകയായിരുന്നു. 137 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 71 ഗോളോടെ ജര്‍മനിയുടെ മുന്തിയ ഗോള്‍വേട്ടക്കാരനായ ക്ളോസെ പെലെയ്ക്കും ജര്‍മനിയുടെതന്നെ യൂവ്സീലര്‍ക്കുമൊപ്പം നാല് ലോകകപ്പുകളില്‍ സ്കോര്‍ചെയ്തതാരമെന്ന ബഹുമതിയും പങ്കിടുന്നു. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂനിച്ചിനും കൈസര്‍ല്യൂട്ടേനും വെര്‍ഡര്‍ ബ്രെയ്മനും വേണ്ടി കളിച്ച ക്ളോസെ ഇറ്റാലിയന്‍ ക്ളബ്ബായ ലാസിയോയിലാണ് അവസാന ഊഴം കഴിച്ചത്.

2002, 2006 ലോകകപ്പുകളില്‍ അഞ്ചെണ്ണംവീതം, 2010ല്‍ നാല്, 2014ല്‍  രണ്ട് എന്നിങ്ങനെയാണ് ക്ളോസെയുടെ ഗോള്‍കണക്ക്. ഹെഡര്‍ ഗോളുകളുടെ ആശാനായിരുന്നു ഈ സ്ട്രൈക്കര്‍. 2002 ലോകകപ്പില്‍ സൌദി അറേബിയക്കെതിരെ ഹാട്രിക് ഉള്‍പ്പെടെ ക്ളോസെ നേടിയ അഞ്ച് ഗോളും തലകൊണ്ടായിരുന്നു. ഗ്രൌണ്ടിലൂടെ തെന്നിനീങ്ങി സ്വീപ്പിങ് ഗോള്‍ നേടുന്നതിലും മിടുക്കനായിരുന്നു. ഗോള്‍ നേടിയതിനുള്ള ആഘോഷത്തിലും തന്റേതായ ശൈലിയുണ്ട്. ഓരോ ഗോള്‍നേട്ടത്തിനുശേഷവും ക്ളോസെയുടെ കുട്ടിക്കരണം മറിച്ചിലുകള്‍ ഗോള്‍പോലെ മനോഹരമായിരുന്നു. അതിനാല്‍ 'സെയ്റ്റോ ക്ളോസെ' അഥവാ 'സോമര്‍സോള്‍ട്ട് ക്ളോസെ' എന്ന വിളിപ്പേരും ചാര്‍ത്തിക്കിട്ടി. ഏത് പ്രതിരോധനീക്കവും മെയ്ക്കണ്ണാക്കുകയും തരംകിട്ടിയപ്പോഴൊക്കെ തലകൊണ്ടോ കാലുകൊണ്ടോ ഗോള്‍ നേടുകയും ചെയ്ത മിറോസ്ളാവ് ക്ളോസെയുടെ സ്ഥാനം എക്കാലത്തെയും മികച്ച ഗോളടിക്കാരുടെ അഭിജാത നിരയില്‍തന്നെയാണ്.

Top