20 June Wednesday

ചക്കരക്കെണിയുടെ മംഗളഗാനം

Monday Apr 3, 2017
ശതമന്യു

നല്ലകാര്യം തുടങ്ങുമ്പോഴാണ് മംഗളം നേരുന്നത്. ക്രൈസ്തവര്‍ വിവാഹവേളകളില്‍ അതിമനോഹരമായ മംഗളഗാനം പാടാറുണ്ട്. മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം നമുക്കീ മധുവിധുവസന്തരാവില്‍ എന്നത് നവമിഥുനങ്ങള്‍ക്കുള്ള ആശംസാഗാനം.  ഒരു കാര്യം അവസാനിപ്പിക്കുമ്പോഴും മംഗളം പാടും. തുടക്കത്തില്‍ത്തന്നെ മംഗളം പാടുന്ന അനുഭവം അത്യപൂര്‍വം. മാധ്യമചരിത്രത്തില്‍ പുതുസരണി വെട്ടിത്തുറക്കുമെന്ന് ഉദ്ഘോഷിച്ച് ആരംഭിച്ച ചാനല്‍ പഴയ ഊടുവഴിതന്നെയാണ് പിന്നെയും തുറന്നത്. കൊലപാതകവും ആത്മഹത്യയും ദുരൂഹമരണവും നടന്നിടത്തേക്ക് കുതിച്ചുചെന്ന് കല്ലിനെയും മുള്ളിനെയും തൂണിനെയും ഇന്റര്‍വ്യൂ ചെയ്ത് കണ്ണീരും മസാലയും ഉദ്വേഗവും അശ്ളീലവും സമാസമം ചേര്‍ത്ത് ഉണക്കിപ്പൊടിച്ച് മംഗളം എന്ന പേരിലാണ് അത് പണ്ട് വിറ്റത്. അതിനുപുറമെ ഏജന്റുമാരെ പ്രസാധകവേഷം കെട്ടിച്ച് വിറ്റു പണമുണ്ടാക്കിയാണ് മുത്തും ചെപ്പും പവിഴവും ഉണ്ടായത്. എല്ലാറ്റിനും 'എ' സര്‍ട്ടിഫിക്കറ്റ്. 

വായനക്കാര്‍ വാരികയില്‍നിന്ന് സീരിയലിലേക്ക് മാറിയപ്പോഴാണ് അമംഗളം സംഭവിച്ചത്. കുറ്റം ലാഭകഥ നടപ്പുദീനത്തിന് വഴിമാറി. വാരികയ്ക്ക് പകരം പത്രത്തിലും നാനാവര്‍ണത്തിലുള്ള കഥകള്‍ അച്ചടിച്ചാല്‍ ചെലവാകുമെന്ന് അടുത്ത കണ്ടെത്തല്‍. നേരത്തെ ഈ രംഗത്ത് തനിനിറംകാണിച്ചവരെ കൂടി ചേര്‍ത്തുനിര്‍ത്തിയാല്‍ വെള്ളയോ കറുപ്പോ മഞ്ഞയോ നീലയോ എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാതെ സ്വീകരിക്കപ്പെടുമെന്ന് കച്ചോടക്കാര്‍ക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു.

വാരികയെക്കാളും പത്രത്തെക്കാളും ഗ്ളാമര്‍ ടിവിക്കാണ്. ലാഭത്തിന്റെ സാധ്യതയും അവിടെത്തന്നെ. പത്താംക്ളാസ് പരീക്ഷയുടെ റിസല്‍റ്റ് പുസ്തകങ്ങള്‍ സര്‍ക്കാരില്‍നിന്ന് കിട്ടിയനിമിഷം ട്യൂട്ടോറിയല്‍കാര്‍ക്ക് വിറ്റ് കാശുണ്ടാക്കുന്ന പത്രപ്രവര്‍ത്തകര്‍ തലസ്ഥാനത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. ടെക്നോളജി മാറി, പുതിയ ധനാഗമനമാര്‍ഗങ്ങളും തുറന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ മുടിചൂടാമന്നന്മാരായി വിരാജിക്കുന്ന മാധ്യമചക്രവര്‍ത്തിമാരെ ഡല്‍ഹിയിലുംമറ്റും കണ്ടിട്ടുണ്ട്.

അതുപോലെ ആകണമെന്നില്ല. സ്വന്തമായി ഒരു കോട്ടെങ്കിലും ഇടണം, എങ്കിലേ ഞാന്‍ ഇട്ട വള്ളിനിക്കര്‍ അവന്‍ ഇട്ടാല്‍ ബര്‍മുഡ എന്ന ദുര്യോഗം മാറൂ. ചാനല്‍ കൈയിലുണ്ടെങ്കില്‍ രാഷ്ട്രീയനേതൃത്വം കാല്‍ക്കീഴില്‍ എത്തും. സ്വന്തം മുഖം ക്യാമറയില്‍ തെളിയാന്‍ വെമ്പിനില്‍ക്കുന്ന നേതാക്കളെ തട്ടാതെ നടക്കാന്‍ കഴിയാത്ത നാട്. ചാനല്‍ ഉടമയ്ക്ക് ചക്രവര്‍ത്തിപദം കൊതിക്കാവുന്നതേയുള്ളൂ.

പെട്ടിക്കടപോലെ ചാനല്‍ തുറന്നാല്‍ കച്ചവടം പോയി. സവിശേഷമായ എന്തെങ്കിലും വിളമ്പിയാല്‍ ആളുകള്‍ എത്തിനോക്കും.  സ്വന്തമായി കൊലപാതകം നടത്തി അത് എക്സ്ക്ളൂസീവ് ആക്കി സ്വന്തം പത്രം പ്രസിദ്ധീകരണം തുടങ്ങിയത് സിനിമയിലെ കഥ. യാഥാര്‍ഥ്യത്തിലെത്തുമ്പോള്‍ ചിത്രം വേറെയാണ്.

വനിതാ ജീവനക്കാരെ വേഷം അണിയിച്ചിറക്കി വഴിയേപോകുന്നവരെ വലവീശിപ്പിടിച്ച് വശംകെട്ട വര്‍ത്തമാനം പറയിപ്പിച്ച് റെക്കോഡ് ചെയ്ത് പുറത്ത് ഇതാ വഷളന്‍ എന്നുപറഞ്ഞാല്‍ ചാനല്‍ ലോഞ്ചിങ്ങിന്റെ പുത്തന്‍ അനുഭവം ആകും എന്നാണ് കരുതിയത്. വാര്‍ത്തയേറ്റു. വാര്‍ത്താചാനലുകള്‍ക്ക് 'എ' സര്‍ട്ടിഫിക്കറ്റും 'യു' സര്‍ട്ടിഫിക്കറ്റും നല്‍കുന്ന പതിവില്ല. ഇവിടെ വിവാദവാര്‍ത്ത പുറത്തുവിടുന്നതിനുമുമ്പ് കാഴ്ചക്കാരായി കുട്ടികളുണ്ടെങ്കില്‍ ഉടനെ മാറ്റിക്കൊള്ളാന്‍ ആഹ്വാനം. വാര്‍ത്ത വായിച്ചത് വനിതയാണ്. ചര്‍ച്ചയ്ക്ക് കൊണ്ടിരുത്തിയത് മൂന്ന് വനിതകളെ. വരാന്‍പോകുന്ന വാര്‍ത്ത സ്ത്രീസുരക്ഷയെ കരുതിയാണെന്ന ആമുഖം. വന്നപ്പോള്‍ വാര്‍ത്തയുമില്ല സ്ത്രീയുമില്ല സുരക്ഷയുമില്ല, കുറെ നേരം ഒരാളുടെ അപശബ്ദം മാത്രം. എന്തായാലും ആ ശബ്ദത്തിനുടമ മന്ത്രിയാണെന്ന് പറഞ്ഞതോടെ അന്വേഷണത്തിനു വഴിമാറി രാജിവയ്ക്കാന്‍ എ കെ ശശീന്ദ്രന്‍ തയ്യാറായി.

വാര്‍ത്തയിലെ അധാര്‍മികതയെയും ക്രിമിനല്‍ വശത്തെയും കുറിച്ച് സംസാരിച്ചവളോട് ചാനല്‍ ഉടമ പറഞ്ഞു, ഇതൊരു വീട്ടമ്മയുടെ പരാതിയാണ് സ്റ്റിങ് ഓപ്പറേഷനല്ല. പരാതിക്കാരിയുണ്ട,് എപ്പോള്‍ വേണമെങ്കിലും അവര്‍ പ്രത്യക്ഷപ്പെടും. ഈ വിശദീകരണത്തെ അവിശ്വസിച്ചവരെ വിഡ്ഢികള്‍ എന്ന് വിളിച്ചു. വിമര്‍ശിക്കുന്നവരെ പരിഹസിച്ച് സ്വന്തം ചാനലില്‍ ചര്‍ച്ച നയിച്ചു. മറ്റ് ചാനലുകളില്‍ ചെന്നിരുന്ന്് ഘോരഘോരം ന്യായീകരിച്ചു.

പക്ഷേ ജനങ്ങളും നിയമവും സര്‍ക്കാരും മാത്രമല്ല മാധ്യമരംഗത്തെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ജുഡീഷ്യറി അന്വേഷണവും പൊലീസ് അന്വേഷണവും എത്തി. അപ്പോഴാണ് തെറ്റ് ഏറ്റുപറയാനും മാപ്പ് അപേക്ഷിക്കാനും ചാനല്‍ ഉടമയ്ക്ക് തോന്നിയത്.

മാധ്യമപ്രവര്‍ത്തനം എങ്ങനെയാകരുത് എന്ന ചര്‍ച്ചയാണ് മംഗളഗാനത്തോടെ ആരംഭിച്ചത്. വാര്‍ത്താനിര്‍മിതിയും വ്യാജസൃഷ്ടിയും മാധ്യമപ്രവര്‍ത്തനമല്ല. മന്ത്രി അഴിമതി കാണിച്ചു എന്ന വാര്‍ത്തയും അതിനു തെളിവായി അപശബ്ദവും നല്‍കിയിരുന്നെങ്കില്‍ അത് മതിക്കപ്പെട്ടേനെ. ഇവിടെ അഴിമതിയുമില്ല അധികാര ദുര്‍വിനിയോഗവുമില്ല, അനീതിയുമില്ല. ഉണ്ടായത് അപശബ്ദവും ചാനലിന്റെ അത്യാര്‍ത്തിയുംമാത്രം. അതിനുള്ളതാണ് കിട്ടിയത്. നിയമം നിയമത്തിന്റെ വഴിക്കുതന്നെപോകും. നിയമവും നീതിയും ആരോപണവിധേയര്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താറില്ല.

മാധ്യമരംഗത്ത് മഹാസംഭവമാണ് കേരളം എന്നൊക്കെ പലര്‍ക്കും അഹന്തയുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പടര്‍ന്നുപന്തലിച്ചത്. മലയാളിയുടെ മാധ്യമപ്രവര്‍ത്തനം ഇത്രക്കൊക്കെയേ ഉള്ളൂ എന്ന് പുറത്തറിയുമ്പോഴുള്ള സങ്കടംകൊണ്ടാകാം ജയശങ്കര്‍, പിയേഴ്സന്‍, ഷാജഹാന്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കൃത മാധ്യമനിരൂപക പ്രതിഭകള്‍ മംഗളത്തോടൊപ്പം അടിയുറച്ചു നിലകൊണ്ടു. എന്നിട്ടും പക്ഷേ അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിനും നിയമവിരുദ്ധ നടപടികള്‍ക്കും വായനക്കാരുടെ പിന്തുണ അശേഷം ലഭിച്ചില്ല.

അത്ഭുതങ്ങള്‍ മാധ്യമമേഖലയില്‍മാത്രം സംഭവിക്കുന്നതാണ് എന്ന് കരുതേണ്ടതില്ല. ഉള്ളിലുള്ളത് എങ്ങനെയായാലും പുറത്തുവരും. കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജാഫര്‍ഷെറീഫ് രാഷ്ട്രപതിസ്ഥാനത്തേക്ക് ആര്‍എസ്എസ് തലവന്റെ പേര് നിര്‍ദേശിച്ചത് അത്തരം ഒരു തികട്ടലാണ്. രാജ്യസ്നേഹിയായ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോഡിക്ക് കത്തെഴുതിയാണ് ജാഫര്‍ഷെറീഫ് മാതൃകയായത്.

കോണ്‍ഗ്രസില്‍ ആര്‍എസ്എസ് ഒളിഞ്ഞിരിപ്പുണ്ടെന്ന് പറഞ്ഞത് മറ്റൊരു മുതിര്‍ന്ന നേതാവാണ്. മുതിര്‍ന്ന നേതാവ് എസ് എം കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തി. ഇപ്പോള്‍ ജാഫര്‍ഷെറീഫിനും ശിവസേനയ്ക്കും ഒരേ അഭിപ്രായമാണ്. മോഹന്‍ഭാഗവത് ആര്‍എസ്എസിന്റെ തലവനെന്നനിലയില്‍ വ്യത്യസ്തമായ ചരിത്രം സൃഷ്ടിച്ചയാളാണ.് മലേഗാവ്, മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് അസീമാനന്ദ വെളിപ്പെടുത്തിയപ്പോള്‍ മോഡി പ്രധാനമന്ത്രിയും ഭാഗവത് രാഷ്ട്രപതിയുമാകുന്ന കാലത്തിനായി കോണ്‍ഗ്രസിന്റെ സമുന്നതനേതാക്കളും അധ്വാനിക്കുന്നു എന്നതാണ് മതനിരപേക്ഷയ്ക്ക് ആകെയുള്ള ആശ്വാസം.

പശുവിനെ കൊല്ലുന്നവരെ തുക്കിക്കൊല്ലുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദിത്യനാഥ് ആന്റിറോമിയോ സ്ക്വാഡിനെ രംഗത്തിറക്കി സദാചാര പൊലീസിന് ഔദ്യോഗികഭാവം നല്‍കിയിട്ടുണ്ട്. ആര്‍ക്ക് കുത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്ന യന്ത്രമാണ് ഏറ്റവും പുതിയ കണ്ടുപിടിത്തം. ഇതിനെല്ലാം പുരോഗതി തെളിയാന്‍ മോഹന്‍ഭാഗവത് തന്നെ രാഷ്ട്രപതിയാകണം. കേരളത്തിലെ കോണ്‍ഗ്രസിലും അതിനുപറ്റുന്ന നേതാക്കള്‍ മുന്നോട്ടുവരുമെന്നും മലപ്പുറത്ത് ഉള്‍പ്പെടെ അത് പ്രായോഗികവല്‍ക്കരിക്കപ്പെടുമെന്നും കുമ്മനത്തിന് പ്രതീക്ഷയുണ്ടാകട്ടെ.

Top