20 April Friday

തുടക്കം കുറിക്കാം പരിവര്‍ത്തനത്തിന്

Saturday Jan 16, 2016
സീതാറാം യെച്ചൂരി

പെരുകിവരുന്ന സാമ്പത്തികഭാരം വേട്ടയാടുന്ന ഇന്ത്യന്‍ ജനതയ്ക്ക് മോഡിസര്‍ക്കാരിന്റെ പുതുവത്സര ആശംസകളെ സംശയത്തോടെ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. സന്തോഷം അരികിലേക്ക് വരുന്നില്ലെന്നുമാത്രമല്ല, അത് ജനങ്ങളില്‍നിന്ന് കൂടുതല്‍ അകന്നുപോകുകയുമാണ്.

രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള വിടവ്– ചെറുന്യൂനപക്ഷത്തിന്റെ 'തിളങ്ങുന്ന ഇന്ത്യയും' ജീവിതസാഹചര്യങ്ങള്‍ കടുത്ത തോതില്‍ മോശമാകുന്ന ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും–കൂടുതല്‍ വലുതാകുകയാണ്. ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ മോഡിസര്‍ക്കാര്‍ തയ്യാറാക്കിയ, ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് കാര്യങ്ങളുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നു. വ്യവസായ ഉല്‍പ്പാദന സൂചിക നവംബറില്‍ മൈനസ് 3.2 ശതമാനം എന്ന എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തി. നിര്‍മിതോല്‍പ്പന്നമേഖലയിലെ ഇടിവ് കൂടുതല്‍ മോശമാണ്. ഇതില്‍ മുഖ്യമായ വ്യവസായ തൊഴില്‍ വളര്‍ച്ച മൈനസ് 4.4 ശതമാനമാണ്. ഉപഭോക്തൃ ഉല്‍പ്പന്നമേഖലയിലെ വളര്‍ച്ച മൈനസ് 0.5 ശതമാനമായി. ജനങ്ങളുടെ വാങ്ങല്‍ശേഷി വന്‍തോതില്‍ ഇടിയുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പുതിയ നിക്ഷേപങ്ങളുടെ അടിത്തറയായ മൂലധന ചരക്ക് മേഖലയിലെ സ്ഥിതിയാണ് ഏറ്റവും മോശം; മൈനസ് 24 ശതമാനം എന്ന ഞെട്ടിപ്പിക്കുന്ന ഋണവളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായത്. ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച 24.43 ശതമാനം ഇടിഞ്ഞ് അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതില്‍ എത്തി. 

ഈ ഇടിവ് രാജ്യാന്തര ഏജന്‍സികളും ശരിവയ്ക്കുന്നു. നിര്‍മിതോല്‍പ്പന്ന വാങ്ങല്‍ശേഷിയുടെ സൂചികയായ, നിക്കി ഇന്ത്യ പിഎംഐ നവംബറില്‍ 50.3 ആയിരുന്നത് ഡിസംബറില്‍ 49.1 ആയി ഇടിഞ്ഞു. വില്‍പ്പനയുമായി ബന്ധപ്പെട്ട വ്യവസായ മേഖല ഉല്‍പ്പാദന പ്രക്രിയയുടെ സൂചികയാണ് പിഎംഐ. സൂചിക 50ല്‍ താഴെയായത് ഫാക്ടറികളിലെ ഉല്‍പ്പാദനം ചുരുങ്ങിയതിനു തെളിവാണ്.

ഇന്ത്യന്‍ കാര്‍ഷികമേഖലയും കെടുതിയിലാണ്. കര്‍ഷക ആത്മഹത്യ പെരുകി. ഗ്രാമീണ മേഖലയിലെ വേതന വളര്‍ച്ച 2014 ആഗസ്തില്‍ 17.5 ശതമാനമായിരുന്നത് 2015 ആഗസ്തില്‍ 3.8 ശതമാനമായി ഇടിഞ്ഞു, ഈ പ്രവണത തുടരുകയാണ്. ഈ റാബി സീസണില്‍ കൃഷിചെയ്ത സ്ഥലത്തിന്റെ വിസ്തൃതിയില്‍ 18 ശതമാനം കുറവുണ്ടായെന്ന് കൃഷിമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി വിളവെടുപ്പിലും കുറവുണ്ടായി, ഗോതമ്പ്–28 ശതമാനം, പയര്‍വര്‍ഗങ്ങള്‍–ഒമ്പത് ശതമാനം, എണ്ണ വിത്തുകള്‍–12 ശതമാനം എന്ന തോതിലാണ് കുറഞ്ഞത്. 2014–15ല്‍ കാര്‍ഷികവളര്‍ച്ച 0.2 ശതമാനം എന്ന ദയനീയ നിരക്കിലായിരുന്നു. ഇക്കൊല്ലം ഇത് ഋണവളര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് എല്ലാ സൂചനകളും.

രാജ്യാന്തരവിപണിയിലെ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 30 ഡോളര്‍ എന്ന 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിട്ടും ഇന്ത്യയുടെ അക്കൌണ്ട് കമ്മി (ഉയര്‍ന്നതോതിലുള്ള ഇറക്കുമതിയും കുറഞ്ഞ തോതിലുള്ള കയറ്റുമതിയും തമ്മിലുള്ള വ്യാപാര ശിഷ്ടം) ആശങ്കാജനകമായ നിലയില്‍ ഉയര്‍ന്നുനില്‍ക്കുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിയുന്നതിന്റെ ആശ്വാസം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ മോഡിസര്‍ക്കാര്‍ വൈമനസ്യം കാട്ടുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. എണ്ണയ്ക്ക് ജനങ്ങള്‍ ഉയര്‍ന്നവില നല്‍കേണ്ട അവസ്ഥ തുടരുമ്പോള്‍ എക്സൈസ് തീരുവ വര്‍ധന വഴി സര്‍ക്കാര്‍ വരുമാനം കൂട്ടുന്നു.

വ്യവസായ മേഖലയില്‍ തൊഴില്‍ സൃഷ്ടി ഇടിയുന്നുവെന്നതാണ് ഇതിന്റെയൊക്കെ അര്‍ഥം, 1.2 കോടി പുതിയ തൊഴിലന്വേഷകര്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന സാഹചര്യത്തിലാണിത്. തൊഴില്‍ മന്ത്രാലയത്തിന്റെ 26–ാമത് പാദ തൊഴില്‍ സര്‍വേ പ്രകാരം, നിര്‍മിതോല്‍പ്പന്ന–കയറ്റുമതിയധിഷ്ഠിത മേഖലകളിലെ തൊഴില്‍വളര്‍ച്ച നാല് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലായി. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ട എല്ലാ മേഖലകളിലും ഇടിവാണ്–തൊട്ടു മുന്‍ പാദത്തെ അപേക്ഷിച്ച് 43,000 തൊഴിലുകള്‍ നഷ്ടപ്പെട്ടു. ഓരോ വര്‍ഷവും 2.5 കോടി തൊഴിലുകള്‍ അധികമായി സൃഷ്ടിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഇതിനെ താരതമ്യം ചെയ്യുക!

പണച്ചുരുക്കത്തിന്റെ മികച്ച ഉദാഹരണമായ അവസ്ഥയിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നടിയുമ്പോഴും മോഡിസര്‍ക്കാര്‍ നിഷേധാത്മക നിലപാടിലാണ്. സ്ഥിതിവിവരക്കണക്കുകളില്‍ കൃത്രിമപ്പണി കാട്ടി ആഭ്യന്തര മൊത്തവരുമാനം (ജിഡിപി) കണക്കാക്കിയശേഷം, പ്രധാനമന്ത്രി മോഡി താന്‍ സന്ദര്‍ശിച്ച 38 രാജ്യങ്ങളിലും ഇന്ത്യ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണെന്ന് പെരുമ്പറ മുഴക്കി! ആളുകള്‍ക്ക് സാമ്പത്തിക പുരോഗതിയെന്ന ചന്ദ്രനെ വാഗ്ദാനം ചെയ്ത് ഈ സര്‍ക്കാര്‍ നേരിട്ടുള്ള വിദേശനിക്ഷേപങ്ങള്‍ക്കുള്ള (എഫ്ഡിഐ) മേഖലകള്‍ വിവേകശൂന്യമായ രീതിയില്‍ വിപുലമാക്കി. ഇന്ത്യയുടെ ധാതുസമ്പത്തും പ്രകൃതിവിഭവങ്ങളും ചൂഷണംചെയ്തും, നമ്മുടെ സമ്പദ്ഘടനയുടെ ഉല്‍പ്പാദനക്ഷമതയും ശേഷികളും സാങ്കേതികവിദ്യയും തൊഴിലുകളും വര്‍ധിപ്പിക്കാതെ ചെലവുകുറഞ്ഞ തൊഴിലുകള്‍ വഴിയും, പരമാവധി ലാഭം വിദേശ–ആഭ്യന്തര മൂലധന ശക്തികള്‍ക്ക് ഉറപ്പാക്കിയാണ് സര്‍ക്കാര്‍ എഫ്ഡിഐ ആകര്‍ഷിക്കുന്നത്. രാജ്യാന്തര മൂലധനത്തിനു നേട്ടമുണ്ടാകുമ്പോള്‍ ഇതനുസരിച്ചുള്ള പ്രയോജനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ജനങ്ങള്‍ക്കും ലഭിക്കുന്നില്ല.

കേന്ദ്രത്തിലെ മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നവഉദാര സാമ്പത്തിക നയപാത തന്നെയാണ് ബിജെപി സര്‍ക്കാരും പ്രധാനമന്ത്രി മോഡിയും തീവ്രമായ രീതിയില്‍ പിന്തുടരുന്നതെന്ന് ഈ കാര്യങ്ങളില്‍നിന്ന് വ്യക്തം. രണ്ട് ലക്ഷ്യങ്ങളുടെ സംയോജനമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്–വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയെന്ന ആര്‍എസ്എസിന്റെ യഥാര്‍ഥ അജന്‍ഡ കടുപ്പമേറിയ തരത്തില്‍ നടപ്പാക്കുമ്പോള്‍ത്തന്നെ നവഉദാര സാമ്പത്തിക നയങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെക്കാള്‍ തീവ്രമായി വിധം പിന്തുടരുന്നു.

എന്നാല്‍, ഇതിനു ബദലുണ്ട്– ഇടതു ബദല്‍– ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതവും രാജ്യത്ത് ആരോഗ്യകരമായ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ ചക്രവും ഉറപ്പാക്കുന്ന ബദല്‍. വിദേശ– ആഭ്യന്തര മൂലധനശക്തികള്‍ക്ക് വന്‍തോതില്‍ നികുതിയിളവ് നല്‍കാതെ, നിയമപരമായ എല്ലാ നികുതികളും പിരിച്ചെടുത്താല്‍ (കഴിഞ്ഞ ദശകത്തില്‍ തുടര്‍ച്ചയായി വന്ന കേന്ദ്രസര്‍ക്കാരുകള്‍ സ്വയം സമ്മതിച്ച കണക്കുകള്‍പ്രകാരം തന്നെ, ഓരോ വര്‍ഷവും അഞ്ചുലക്ഷം കോടിയില്‍പ്പരം രൂപയുടെ നികുതിയിളവുകളാണ് ഇത്തരത്തില്‍ നല്‍കിയത്) പുതിയതും ഉയര്‍ന്ന തോതിലുള്ളതുമായ പൊതുനിക്ഷേപങ്ങള്‍ നടത്താന്‍ വമ്പിച്ച അളവിലുള്ള വരുമാനം സര്‍ക്കാരിനു ലഭിക്കും. ഇത്തരത്തിലുള്ള പൊതുനിക്ഷേപം മാത്രമാണ് ഏക വഴി; യുഎസ്എ മുതല്‍ പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് ചൈനവരെയുള്ള എല്ലാ വികസിത രാജ്യങ്ങളും സാമൂഹിക–സാമ്പത്തിക മേഖലകളില്‍ അവരുടെ എല്ലാ അടിസ്ഥാന സൌകര്യങ്ങളും കെട്ടിപ്പടുത്തത് ഇത്തരത്തിലാണ്. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്ത്യയിലെ സങ്കടകരമായ അടിസ്ഥാനസൌകര്യ മേഖല ഗണ്യമായി മെച്ചപ്പെട്ടേനെ. ഈ പൊതുനിക്ഷേപം വന്‍തോതില്‍ പുതിയ തൊഴിലുകളും സൃഷ്ടിക്കും. ഇതുവഴി ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിക്കുകയും അങ്ങനെ നമ്മുടെ ആഭ്യന്തര വാങ്ങല്‍ശേഷി വിപുലമാകുകയും ചെയ്യും–നിര്‍മിതോല്‍പ്പന്ന, വ്യവസായ മേഖലകളിലെ വളര്‍ച്ചയ്ക്ക് ഇത് ഉത്തേജനമാകും.

ഇന്ത്യന്‍ ഭരണവര്‍ഗത്തിനെതിരെ വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി ഇടതുപക്ഷത്തിന് ഉണ്ടാകുമ്പോള്‍മാത്രമേ ഇത്തരമൊരു ഇടതുബദലിന് ഇന്ത്യയുടെ നയപാതയെ സ്വാധീനിക്കുന്നതിന് തുടക്കം കുറിക്കാന്‍ കഴിയൂ. സ്വതന്ത്ര ഇന്ത്യയിലെ പിന്നിട്ട ദശകങ്ങളില്‍ ചെയ്തപോലെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കേരളജനത തയ്യാറാകണം; രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍, ഈ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ തിരസ്കരിച്ച് സിപിഐ എം നേതൃത്വത്തിലുള്ള എല്‍ഡിഎഫിനെ അധികാരത്തിലേറ്റണം.

Top