25 June Monday

തൂവല്‍വസന്തത്തിലേക്ക് ലക്ഷ്യ സ്മാഷ്...

Thursday Aug 24, 2017
എ എന്‍ രവീന്ദ്രദാസ്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഏറ്റവും പ്രകാശപൂര്‍ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കിഡംബി ശ്രീകാന്ത്, പാരുപ്പള്ളി കാശ്യപ്, എച്ച് എസ് പ്രണോയ്, അജയ് ജയറാം, സായ് പ്രണീത്, സമീര്‍വര്‍മ തുടങ്ങിയ താരനിരയിലൂടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം ലോക ബാഡ്മിന്റണില്‍ നിറസ്സാന്നിധ്യമാവുകയാണ് ഇന്ത്യ.

  ഈ കളിക്കളത്തില്‍ മുന്‍നിരശക്തികളായ ചൈനയെയും ഇന്തോനേഷ്യയെയും ഇംഗ്ളണ്ടിനെയും സ്പെയിനിനെയുമെല്ലാം വെല്ലുവിളിക്കാന്‍ മാത്രമല്ല, അവര്‍ക്കൊപ്പം തലയെടുപ്പോടെ നിവര്‍ന്നുനില്‍ക്കാനും ഇന്ത്യക്ക് കഴിയുന്നു.

പുരുഷവിഭാഗത്തില്‍ മാത്രമല്ല, സൈന നെഹ്വാളും പി വി സിന്ധുവും ഉള്‍പ്പെടുന്ന വനിതാ ശക്തിസേനയും ഇന്ത്യക്കിന്നുണ്ട്. ഒളിമ്പിക്സും ലോകചാമ്പ്യന്‍ഷിപ്പുമടക്കം ഉന്നതവേദികളില്‍ കായികദരിദ്രമായ ഈ രാജ്യത്തിന് മെഡല്‍ ഉറപ്പിക്കാവുന്ന ഏക ഇനവും ബാഡ്മിന്റണ്‍തന്നെ. ശ്രീകാന്തും പ്രണോയിയുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന ഈ തൂവല്‍വസന്തത്തിലേക്ക് ഒരു കിന്നരികൂടി ചേര്‍ത്തുകൊണ്ട് ഇതാ, ലക്ഷ്യസെന്‍ എന്ന പതിനാറുകാരനും രാജ്യാന്തര സര്‍ക്യൂട്ടില്‍ ഇന്ത്യക്കു പുറത്ത് തന്റെ ആദ്യ കിരീടത്തിന് സാക്ഷാത്കാരമേകി.

സോഫിയയില്‍ നടന്ന ബള്‍ഗേറിയന്‍ ഓപ്പണ്‍ സീരീസസ് ഫൈനലില്‍ രണ്ടാംസീഡായ ക്രൊയേഷ്യയുടെ സോണിമിര്‍ ഉള്‍കിന്‍ജകിനെ 18-21, 21-12, 21-17ന് തോല്‍പ്പിച്ചാണ് ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ഒന്നാംനമ്പറായ ഉത്തരാഖണ്ഡിലെ അല്‍മോറയില്‍നിന്നുള്ള ഈ കൌമാരക്കാരന്‍ പുതിയ താരോദയമായത്. ഒന്നാംസീഡായ ഇംഗ്ളണ്ടിന്റെ സാംപാര്‍സനെ ആദ്യമത്സരത്തില്‍ അട്ടിമറിച്ചുകൊണ്ട് തുടങ്ങിയ ലക്ഷ്യസെന്‍ സെമിഫൈനലില്‍ മറികടന്നത് ശ്രീലങ്കയുടെ ദിനുക കരുണരത്നെ (21-19, 21-4)യെയാണ്.

സോഫിയയില്‍ ഫൈനലിന്റെ തലേന്നാളായ ഈ ആഗസ്ത് 16നായിരുന്നു ലക്ഷ്യ 16-ാം വയസ്സിലേക്ക് പദമൂന്നിയത്. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ഈ മൂന്നാംനമ്പര്‍താരം ലോകറാങ്കിങ്ങില്‍ 167-ാം സ്ഥാനക്കാരനാണ്. ഈവര്‍ഷം ഫെബ്രുവരിയില്‍ പാടലീപുത്രയില്‍ ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സൌരഭ്വര്‍മയുടെ പരിചയസമ്പത്തിനു മുന്നില്‍ കീഴടങ്ങിയപ്പോഴും ലക്ഷ്യയുടെ ഓജസ്സും പ്രസരിപ്പുമുള്ള പ്രകടനത്തില്‍ ഭാവിചാമ്പ്യനെ പ്രവചിച്ചവര്‍ക്ക് തെറ്റിയില്ലെന്നുവേണം കരുതാന്‍.

തൊട്ടുപിന്നാലെ ലക്ഷ്യ ലോക ജൂനിയര്‍ സിംഗിള്‍സ് കളിക്കാരില്‍ ഒന്നാംറാങ്കിലെത്തുകയും ചെയ്തു.
അല്‍മോറയില്‍ ബാഡ്മിന്റണ്‍ കളിക്കാരുടെ കുടുംബത്തില്‍നിന്നുള്ള ലക്ഷ്യസെന്‍ അഞ്ചാം വയസ്സിലാണ് റാക്കറ്റെടുത്തത്. പിന്നെ 10 വര്‍ഷത്തിനുള്ളില്‍ ജൂനിയര്‍തലത്തിലെ മികച്ച താരമായി എന്നതിനൊപ്പം ഈ പയ്യന്‍ സീനിയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സീരീസിലും അഖിലേന്ത്യാ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും കിരീടമണിയുകയുംചെയ്തു. ലക്ഷ്യയുടെ അച്ഛന്‍ ഡി കെ സെന്‍ മുന്‍ കളിക്കാരനും ഇപ്പോള്‍ ഉത്തരാഖണ്ഡ് സംസ്ഥാന ബാഡ്മിന്റണ്‍ ടീമിന്റെ പരിശീലകനുമാണ്. ലക്ഷ്യയുടെ മുത്തച്ഛനും മുന്‍താരമാണ്. മുമ്പ് ലോക ജൂനിയര്‍ രണ്ടാം റാങ്കിലെത്തിയിട്ടുള്ള സഹോദരന്‍ ചിരാഗ്സെന്നാകട്ടെ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്ന ഉയര്‍ന്നുവരുന്ന കളിക്കാരിലൊരാളാണ്.

മകന്‍ സോഫിയയില്‍ കിരീടമണിഞ്ഞത് തനിക്കു മാത്രമല്ല, രാജ്യത്തിനു മുഴുവന്‍ അഭിമാനത്തിന്റെ നിമിഷമാണെന്ന് ഡി കെ സെന്‍ പറയുകയുണ്ടായി. അഞ്ചുവര്‍ഷമായി ബംഗളൂരുവില്‍ താമസിച്ച്, പ്രകാശ് പദുക്കോണെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ മലയാളിയായ ഒളിമ്പ്യന്‍ യു വിമല്‍കുമാറിന്റെ കീഴില്‍ പരിശീലനം തേടുന്ന ലക്ഷ്യക്ക് ബള്‍ഗേറിയന്‍ ഓപ്പണിനു മുന്നോടിയായി രണ്ടാഴ്ചക്കാലം മുന്‍ ഓള്‍ ഇംഗ്ളണ്ട് ചാമ്പ്യനായ ഫ്രഞ്ചുകാരന്‍ പീറ്റര്‍ ഗെയ്ഡിന്റെ കീഴില്‍ പരിശീലിക്കാന്‍ കഴിഞ്ഞിരുന്നു.

ഫ്രാന്‍സില്‍ കിട്ടിയ ആ അവസരം ലക്ഷ്യയുടെ പ്രകടനത്തിനു കരുത്തേകിയെന്നതിന്റെ സാക്ഷ്യപത്രമായി ബള്‍ഗേറിയയിലെ അന്താരാഷ്ട്ര കിരീടം. നീണ്ടുമെലിഞ്ഞ ഈ ചെറുപ്പക്കാരന്‍ പ്രകാശ് പദുക്കോണെ അക്കാദമിയുടെ സംഭാവനയാണ്. കളിയുടെ രീതിയനുസരിച്ച് ലക്ഷ്യ, പ്രകാശിന്റെ ആദ്യകാലത്തെ കളിയെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. ഏതു കിരീടത്തേക്കാളും താന്‍ ആഗ്രഹിക്കുന്നത് ഒളിമ്പിക്സ് സ്വര്‍ണമാണെന്നു പറയുന്ന ലക്ഷ്യസെന്നിന്റെ ആ വലിയ ലക്ഷ്യമാകട്ടെ 2020 ടോക്കിയോ ഒളിമ്പിക്സാണ്.
 

Top