13 November Tuesday

ഐടി മേഖലയില്‍നിന്ന് അശുഭവാര്‍ത്തകള്‍

വി കെ പ്രസാദ് Monday May 15, 2017

സംഭ്രമിപ്പിക്കുന്ന വാര്‍ത്തകളാണ് ഈയിടെയായി ഐടി വ്യവസായരംഗത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്്. ഏഴു കമ്പനികളില്‍നിന്നായി ഇക്കൊല്ലം 56,000 ജീവനക്കാരെ ഒഴിവാക്കുമെന്നാണ് ഏറ്റവും ഒടുവില്‍വന്ന വാര്‍ത്ത. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍, കോഗ്നിസന്റ്, വിപ്രോ എന്നീ ഭീമന്മാരുടെ പേരുകള്‍ ഈ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അഭ്യസ്തവിദ്യരായ കോടിക്കണക്കിന് യുവതീയുവാക്കളുടെ ജീവിതസ്വപ്നങ്ങളില്‍ ഇരുള്‍പരത്തുന്ന സംഭവവികാസങ്ങളാണ് ഐടി മേഖലയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ആഗോളതലത്തില്‍ മുതലാളിത്തം നേരിടുന്ന ഗുരുതരമായ കുഴപ്പത്തിന്റെ ഒരടയാളപ്പെടുത്തല്‍മാത്രമാണ് ഇന്ത്യന്‍ ഐടി മേഖലയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഈ പ്രതിസന്ധി. കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് (സിടിഎസ്) എന്ന സ്ഥാപനത്തിന്റെ കാര്യംതന്നെ ഉദാഹരണമായിട്ടെടുക്കാം. അമേരിക്കയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. കമ്പനിയുടെ വാര്‍ഷികവരുമാനം 13.5 ബില്യണ്‍ യുഎസ് ഡോളറാണ്. വാര്‍ഷികലാഭമാകട്ടെ 1.6 ബില്യണ്‍ ഡോളറും. ആഗോളതലത്തില്‍ 2,60,000 ജീവനക്കാരുള്ള സ്ഥാപനം ഇപ്പോള്‍ 10,000 ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിലാണ്. 1.6 ബില്യണ്‍ ഡോളര്‍ വാര്‍ഷികലാഭം കൈവരിക്കുന്ന സ്ഥാപനം എന്തുകൊണ്ട് എന്നിട്ടും 10,000 ജീവനക്കാരെ  പുറത്താക്കുന്നു? അവിടെയാണ് മുതലാളിത്തത്തിന്റെ  തനിസ്വരൂപം വ്യക്തമാകുന്നത്. 2008ല്‍ തുടങ്ങി ഇപ്പോഴും കരകാണാതെ തുടരുന്ന ആഗോളസാമ്പത്തികകുഴപ്പത്തെ മറികടക്കാന്‍ അമേരിക്കയുള്‍പെടെയുള്ള വികസിതമുതലാളിത്തരാജ്യങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തല്‍ഫലമായി ഇവിടെയൊക്കെ വിപണിമാന്ദ്യവും തൊഴിലില്ലായ്മയും വേതനശോഷണവുമെല്ലാം കൂടുതല്‍ രൂക്ഷമാകുകയാണ്. സ്വാഭാവികമായും ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ കടുത്ത അസംതൃപ്തിയിലാണ്. ഈ അസംതൃപ്തി മുതലെടുത്ത് ഈ രാജ്യങ്ങളിലെല്ലാം തീവ്ര വലതുപക്ഷ ചിന്താഗതിക്കാര്‍ വംശീയതയും വര്‍ണവെറിയും മതവിദ്വേഷവും പ്രചരിപ്പിച്ച് അധികാരത്തിലേറാന്‍ ശ്രമിക്കുന്നുണ്ട്. ചിലയിടങ്ങളിലെങ്കിലും വിജയിക്കുന്നുമുണ്ട്. അമേരിക്കയില്‍ അതാണല്ലോ സംഭവിച്ചത്. എന്നാല്‍, ഇങ്ങനെ അധികാരത്തിലെത്തുന്ന ആളുകള്‍തന്നെ അതിവേഗം മുതലാളിത്തത്തിന്റെ വിനീതവിധേയന്മാരായി മാറുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ മുതലാളിത്തം പ്രയോഗിക്കുന്ന ഒരടവുമാത്രമാണ് ഈ തീവ്രവലതുപക്ഷ നിലപാടുകളെന്ന കാര്യം ഇപ്പോള്‍ തുറന്നുകാട്ടപ്പെടുകയാണ്.

തീവ്രവലതുപക്ഷവാദികള്‍ ഉയര്‍ത്തുന്ന മണ്ണിന്റെ മക്കള്‍വാദം ജീവനക്കാരെ പുറത്താക്കാനുള്ള ഒരു സുവര്‍ണാവസരമായി മാറ്റുകയാണ് കോഗ്നിസന്റ് എന്ന അമേരിക്കന്‍ സ്ഥാപനം. മുതലാളിത്തം നേരിടുന്ന വിപണിമാന്ദ്യം എന്ന പ്രശ്നത്തെ പരിഹരിക്കാന്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുകയും അതുവഴി ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്തുകയും ചെയ്യുകയാണ് വേണ്ടത്. എന്നാല്‍, അമേരിക്കയിലെ മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ ഇന്ത്യയിലെ തൊഴിലാളികളെ പിരിച്ചുവിടുന്നതിലൂടെ കോഗ്നിസന്റ്, പ്രതിസന്ധിയെ സ്വന്തം ലാഭം വര്‍ധിപ്പിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്വന്തം  ലാഭം വര്‍ധിപ്പിക്കാനുള്ള തത്രപ്പാടില്‍ മുതലാളിത്തത്തിന്റെതന്നെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതിന് അവര്‍ക്ക് മടിയില്ല. 300 ശതമാനം ലാഭം ഉറപ്പാണെങ്കില്‍  മൂലധനം സ്വന്തം ഉടമസ്ഥനെപ്പോലും തൂക്കിലേറ്റുമെന്ന മാര്‍ക്സിന്റെ വാക്കുകളാണ് ഇവിടെ അന്വര്‍ഥമാകുന്നത്.

ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ഇതരകമ്പനികളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഇന്‍ഫോസിസും വിപ്രോയുമെല്ലാം 2015-16 നേക്കാള്‍ ഉയര്‍ന്ന ലാഭമാണ് 2016-17ല്‍ കൈവരിച്ചത്. എന്നിട്ടും, ജീവനക്കാരെ കുറയ്ക്കാനുള്ള അവരുടെ ത്വരയുടെ അടിസ്ഥാനകാരണം നഷ്ടത്തെക്കുറിച്ചുള്ള ഭയമല്ല, മറിച്ച് തീവ്രവലതുവാദികള്‍ ഉയര്‍ത്തുന്ന വാദങ്ങളെ തങ്ങള്‍ക്ക് ലാഭം കൂട്ടാനുള്ള സുവര്‍ണാവസരമാക്കി മാറ്റാനുള്ള ഗൂഢതാല്‍പ്പര്യമാണ്.

കാലേകൂട്ടി തീരുമാനിച്ചശേഷം തൊടുന്യായങ്ങള്‍പറഞ്ഞ് തൊഴിലാളികളെ പിരിച്ചുവിടുകയാണ് ഈ ഐടി കമ്പനികള്‍ ചെയ്യുന്നത്. കാലിനൊത്ത് ചെരുപ്പു വാങ്ങുന്നതിനുപകരം ചെരുപ്പിനൊത്ത് കാലുമുറിക്കുകയാണിവര്‍. പിരിച്ചുവിടേണ്ടവരുടെ പട്ടിക തയ്യാറാക്കിയശേഷം തരംതിരിച്ച് പടിപടിയായി പറഞ്ഞുവിടും. 'പെര്‍ഫോമന്‍സ് അസസ്മെന്റ്' റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോശം പ്രകടനമെന്ന് വിലയിരുത്തിയാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. അസസ്മെന്റ് റിപ്പോര്‍ട്ട് കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തട്ടിക്കൂട്ടുന്നതാണെന്നതും വ്യക്തം.

കരിയറിലെ  മെച്ചംപ്രകടനം സംബന്ധിച്ച് ജീവനക്കാരന് ധാരണയുണ്ടെങ്കിലും ലാഭക്കളിയില്‍ അതൊന്നും വകവച്ചുകൊടുക്കാന്‍ മുതലാളിമാര്‍ തയ്യാറല്ല. പരാതിപ്പെടാന്‍ ജീവനക്കാരന് കഴിയാറില്ല. ചോദ്യങ്ങള്‍ക്കുത്തരം കിട്ടാറില്ല. എല്ലാം കത്തിടപാടുകള്‍മാത്രം. അതും ഇ-മെയില്‍വഴി. നിങ്ങളെ കാരണം ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം ഇല്ലെന്ന മട്ടിലാകും പ്രതികരണങ്ങള്‍. കാരണം അവരുടെ തീരുമാനം പിരിച്ചുവിടുകയെന്നതാണ്. അത് നടപ്പാക്കുകയെന്നതുമാത്രമാണ് ലക്ഷ്യം. അവിടെ മാനുഷികപരിഗണനകളില്ല, തൊഴില്‍നിയമങ്ങളില്ല, ചോദിക്കാനും പറയാനും ഒരാള്‍പോലുമില്ല. പിരിച്ചുവിടുമ്പോള്‍ നഷ്ടപരിഹാരമായി ഔദാര്യംപോലെ എന്തെങ്കിലും കിട്ടിയാല്‍ക്കിട്ടി.

ഒരുവശത്ത് പിരിച്ചുവിടല്‍നടപടികള്‍ ദ്രുതഗതിയില്‍ നടക്കുമ്പോള്‍ മറുവശത്ത് പുതിയ നിയമനങ്ങളും ഈ കമ്പനികള്‍ നടത്തുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു മുഖമാണിത്. പുതുതലമുറ ടെക്കികളുടെ സങ്കല്‍പ്പങ്ങളില്‍ കയറിക്കൂടിയ കമ്പനികള്‍ സ്വന്തം പ്രതിഛായ കളഞ്ഞുകളിക്കാന്‍ തയ്യാറല്ല. അതുകൊണ്ട് പുതിയ നിയമനങ്ങള്‍ ഇടതടവില്ലാതെ നടക്കും.  നിയമനങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് പിരിച്ചുവിടുന്നത് ദീര്‍ഘകാലം കമ്പനിയില്‍ സര്‍വീസുള്ളവരെയാണ്; സ്വാഭാവികമായും കൂടുതല്‍ ശമ്പളമുള്ളവര്‍. കമ്പനിക്ക് ബാധ്യത ഈ കനത്ത ശമ്പളക്കാരാണ്. പുതുനിയമനക്കാരന് ശമ്പളത്തിനുമുന്നില്‍ വിലപേശല്‍ശക്തിയില്ല. വിപണിമാന്ദ്യത്തിന്റെ പേരുപറഞ്ഞ് കുറഞ്ഞ ശമ്പളമാണ് മിക്ക കമ്പനികളും പുതിയ നിയമനങ്ങളില്‍ വാഗ്ദാനംചെയ്യുന്നത്. കമ്പനി വച്ചുനീട്ടുന്നതെന്തോ അതംഗീകരിക്കേണ്ടിവരുന്നു തുടക്കക്കാര്‍ക്ക്. ഒരാള്‍പോയാല്‍ അതിലും കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യാന്‍ മറ്റൊരാളെ കിട്ടുമെന്ന വസ്തുതയാണ് ഐടി കമ്പനികളുടെ തുറുപ്പുചീട്ട്.

ഇന്ത്യയിലെ പല സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളും മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനമാണ് പഠനകാലത്ത് മികച്ച ഐടി സ്ഥാപനങ്ങളുടെ ക്യാമ്പസ് റിക്രൂട്ട്മെന്റ്. സ്ഥാപനത്തിന്റെ നിലനില്‍പ്പിനായുള്ള തട്ടിപ്പായി സമീപകാലത്ത് റിക്രൂട്ട്മെന്റുകള്‍ മാറിയിരിക്കുന്നു. എന്‍ജിനിയറിങ്, ഐടി പഠനത്തിനായി കുട്ടികളെ അയയ്ക്കുന്ന രക്ഷിതാക്കളില്‍ പലരും ഈ തട്ടിപ്പിന്റെ നിജസ്ഥിതിയന്വേഷിക്കുന്നില്ല. ക്യാമ്പസ്നിയമനങ്ങള്‍ എല്ലാവര്‍ക്കും ജോലി നല്‍കുന്ന സംവിധാനമല്ല. കൂട്ടത്തില്‍ മിടുക്കരെ തെരഞ്ഞുപിടിച്ചാണ് കമ്പനികള്‍ റിക്രൂട്ട്മെന്റ് നടത്തുന്നത്. അതിന് ക്യാമ്പസില്‍ സംവിധാനമൊരുങ്ങുന്നുവെന്നുമാത്രം. എന്നാല്‍, റിക്രൂട്ട്മെന്റ് വാഗ്ദാനം നല്‍കുന്ന സ്ഥാപനത്തില്‍ പഠിച്ചാല്‍ ജോലികിട്ടുമെന്ന പ്രതീതിയാണ് നല്‍കുന്നത്. ആ വലക്കെണിയില്‍ വീഴുന്ന രക്ഷിതാക്കളാകട്ടെ, ലക്ഷങ്ങള്‍ വായ്പയെടുത്തും മക്കളെ സ്വാശ്രയസ്ഥാപനത്തിലേക്കു പറഞ്ഞുവിടും. ഐടി കമ്പനികളിലെ കനത്ത ശമ്പളം സ്വപ്നംകണ്ടാണ് ഈ വായ്പയെടുക്കല്‍. എന്തുചെയ്തും സ്വാശ്രയസ്ഥാപനങ്ങളെ നിലനിര്‍ത്താന്‍ രക്ഷിതാക്കള്‍ തയ്യാറാണെന്ന് സ്ഥാപനനടത്തിപ്പുകാര്‍ക്കുമറിയാം. അതു മുതലാക്കാന്‍ കൊള്ളലാഭക്കാരെത്തുക സ്വാഭാവികം. ചൂഷണത്തിന്റെ ഈ മുഖങ്ങള്‍ തിരിച്ചറിയാന്‍ പൊതുസമൂഹത്തിന്റെ ജാഗ്രത ഉണ്ടായേ മതിയാകൂ.

Top