22 May Tuesday

റാങ്കില്‍ മുന്നേറുമ്പോഴും ലോകകപ്പിലേക്ക് ദൂരമുണ്ട്...

Saturday Jun 3, 2017
എ എന്‍ രവീന്ദ്രദാസ്

എന്നാണ് ഇന്ത്യ ലോകകപ്പ് ഫുട്ബോള്‍ കളിക്കുക. തൊട്ടടുത്ത കാലംവരെ ഒരു തമാശയായി അവശേഷിക്കുന്ന ചോദ്യമായിരുന്നു അത്. എന്നാല്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കീഴില്‍ ദേശീയ ഫുട്ബോള്‍ ടീം രാജ്യാന്തര മത്സരങ്ങളില്‍ നടത്തുന്ന മുന്നേറ്റവും ഇക്കഴിഞ്ഞ മെയ് നാലിന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷ (ഫിഫ)ന്റെ ദേശീയ ടീമുകളുടെ റാങ്കിങ്ങില്‍ 21 വര്‍ഷത്തിനുശേഷം ആദ്യമായി ഇന്ത്യ 100ല്‍ എത്തിയതും കാണുമ്പോള്‍ നമുക്കും ആ ലോകകപ്പ് വിശേഷം അടുത്തെത്തിയല്ലോ എന്ന പ്രതീക്ഷ ഉണരുന്നു. അടുത്ത 15 മാസത്തിനുള്ളില്‍ ഇന്ത്യ 13 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുമെന്നത് ഏഷ്യന്‍തലത്തിലെങ്കിലും എതിരാളികള്‍ നമ്മുടെ ദേശീയ ഫുട്ബോള്‍ ടീമിനെ ഗൌരവത്തോടെ കാണുന്നുവെന്നതിന്റെ സൂചനയാണ്.

ഭൌതികസമ്പത്തിലും ജനസംഖ്യയിലുമെല്ലാം ഇന്ത്യയുമായി താരതമ്യംപോലുമില്ലാത്ത ഭൂപടത്തിലെ ചെറുപൊട്ടുകള്‍ മാത്രമായ രാജ്യങ്ങള്‍പോലും ഫുട്ബോളിന്റെ ലോകവേദിയില്‍ സാന്നിധ്യം തെളിയിക്കുന്നതാണ് കടന്നുപോയ ലോകകപ്പുകളിലെല്ലാം കണ്ടത്. എന്തേ മഹാരാജ്യമായ ഇന്ത്യ മാത്രം അവിടേക്ക് എത്തിപ്പെടുന്നില്ല. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന്റെ ഏഷ്യന്‍ യോഗ്യതയുടെ ആദ്യഘട്ടത്തില്‍തന്നെ ഒന്നൊഴികെ എല്ലാ മത്സരവും തോറ്റ് നമുക്ക് മുഖംതാഴ്ത്തി നില്‍ക്കേണ്ടിവന്നു. ശാക്തികബലാബലത്തിന്റെ കണക്കെടുപ്പിലായാലും കളിമികവിന്റെ തലത്തിലായാലും നമുക്ക് മറികടക്കാവുന്ന അല്ലെങ്കില്‍ സമനില പിടിക്കാവുന്ന ഗുവാം, തുര്‍ക്മനിസ്ഥാന്‍ ടീമുകളോടുപോലും തോല്‍ക്കുകയാണുണ്ടായത്.

അതേസമയം ലോകകപ്പ് യോഗ്യതയിലെ അഗാധമായ വീഴ്ചയില്‍നിന്ന് സുനില്‍ഛേത്രി നയിക്കുന്ന ചെറുപ്പക്കാരുടെ ടീമിനെ കരകയറ്റാനും പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍തക്കവിധം പുതുക്കിപ്പണിയാനും കോണ്‍സ്റ്റന്റൈന് കഴിഞ്ഞുവെന്നതാണ് ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളും ഫിഫാ റാങ്കിങ്ങിലെ മുന്നേറ്റവും സാക്ഷ്യപ്പെടുത്തുന്നത്. അപ്പോഴും കോണ്‍സ്റ്റന്റൈന്‍ ഒരുകാര്യം ഓര്‍മിപ്പിക്കുന്നു. റാങ്കില്‍ 100ല്‍ എത്തിയെങ്കിലും നമ്മള്‍ ഒന്നും ജയിച്ചിട്ടില്ല. ഒന്നിനും യോഗ്യത നേടിയിട്ടുമില്ല. അതുകൊണ്ട് ആവേശംകൊള്ളാന്‍ വരട്ടെയെന്നാണ് ഫുട്ബോള്‍പ്രേമികളോട് അദ്ദേഹം പറയുന്നത്.

2015ല്‍ കോണ്‍സ്റ്റന്റൈന്‍ രണ്ടാംവട്ടം ചുമതലയേറ്റശേഷം മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാനും നേട്ടങ്ങളിലേക്കെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ആരാലും അറിയപ്പെടാതെ പോകുകയായിരുന്ന ജെ ജെ ലാല്‍പെക്കുലയെയും യൂജന്‍സണ്‍ ലിങ്ദോയെയും പോലുള്ള പ്രതിഭകളെ ദേശീയ ടീമിന്റെ മുഖ്യകണ്ണികളാക്കി മാറ്റാന്‍ ഇംഗ്ളണ്ടില്‍നിന്നുള്ള ഈ പരിശീലകനു കഴിഞ്ഞെങ്കില്‍ ഇന്ത്യയുടെ മുക്കിലും  മൂലയിലും കുപ്പയിലെ മാണിക്യംപോലെ കിടക്കുന്ന, ഇനിയും വിളക്കിയെടുക്കാവുന്ന ഫുട്ബോള്‍നിധി എത്രത്തോളമെന്ന് ഊഹിക്കാവുന്നതേയുള്ളു.

ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ കളിക്കുകയെന്ന സ്വപ്നം താലോലിച്ച് പുതിയ കാലത്തിലേക്ക് ചുവടുവയ്ക്കുമ്പോഴും ഇന്ത്യന്‍ ഫുട്ബോളിന് നല്ലൊരുകാലം ഉണ്ടായിരുന്നുവെന്ന കാര്യം മറക്കരുത്. 1948ലെ ലണ്ടന്‍ ഒളിമ്പിക്സിലെ ധീരോദാത്തമായ പ്രകടനമാണ് ലോക ഫുട്ബോള്‍വേദിയില്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയത്. അന്ന് ഫ്രാന്‍സിനോട് ഒറ്റഗോളിന് തോറ്റ് ഇന്ത്യ ഒളിമ്പിക്സില്‍ അരങ്ങേറ്റംകഴിഞ്ഞു മടങ്ങി. ബൂട്ടിടാതെ നഗ്നപാദരായാണ് ഇന്ത്യയുടെ കളിക്കാര്‍ ഒളിമ്പിക്സില്‍ കളിച്ചത്.

1950ല്‍ ബ്രസീലില്‍ നടന്ന നാലാം ലോകകപ്പില്‍ ഏഷ്യന്‍ യോഗ്യതയില്‍നിന്ന് മൂന്ന് ടീമുകള്‍ പിന്മാറിയപ്പോള്‍ നറുക്കുവീണത് ഇന്ത്യക്കായിരുന്നു. ലോകകപ്പില്‍ ബൂട്ടിട്ട കളി നിര്‍ബന്ധമാണ്. ബൂട്ടിട്ട കളി ഇന്ത്യക്കാര്‍ക്ക് അപരിചിതമായതിനാല്‍ അന്ന് നാം ലോകകപ്പിനു പോകേണ്ടെന്നുതന്നെ തീരുമാനിച്ചു. എന്നാല്‍ പിന്നീട് ബൂട്ടിട്ടിറങ്ങിയ ഇന്ത്യന്‍ ടീം 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തി. 1951ല്‍ ഡല്‍ഹിയിലെ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്‍മാരായ ഇന്ത്യ 1962ലെ ജക്കാര്‍ത്ത ഗെയിംസിലും സുവര്‍ണവിജയം ആവര്‍ത്തിച്ചു. പക്ഷേ അത് ഇന്ത്യന്‍ ഫുട്ബോളിന്റെ പതനത്തിന്റെ തുടക്കവുമായിരുന്നു. പിന്നീട് ഏഷ്യയില്‍പ്പോലും ഇന്ത്യന്‍ ഫുട്ബോള്‍ എടുക്കാചരക്കായി മാറുകയായിരുന്നു. ഒളിമ്പക്സിന്റെയും ലോകകപ്പിന്റെയും യോഗ്യതാ കടമ്പകള്‍തന്നെ നമുക്ക് ബാലികേറാ  മലയായതാണ് പിന്നീടുള്ള ചരിത്രം.

ഇന്ത്യന്‍ ഫുട്ബോളിന്റെ പതിറ്റാണ്ടുകള്‍ നീണ്ട വരള്‍ച്ചയുടെയും വറുതിയുടെയും കഥ ഇനി മാറ്റിയെഴുതാം. ദേശീയ ടീമിന്റെ മെച്ചപ്പെട്ട പ്രകടനമാണ് ഫിഫാ റാങ്കിങ്ങില്‍ ദൃശ്യമാകുന്നത്. റാങ്കിലെ ഉയര്‍ച്ച കളിക്കാരെയും തുണയ്ക്കും. റാങ്കിങ്ങില്‍ 50-ലേക്കോ 60-ലേക്കോ എത്താനായാല്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കാന്‍ ഇവിടത്തെ കളിക്കാര്‍ക്ക് വര്‍ക്ക്പെര്‍മിറ്റുകള്‍ കിട്ടാന്‍ സാധ്യത കൂടും. അതവരെ മികച്ച കളിക്കാരാക്കി മാറ്റുമ്പോള്‍ ദേശീയ ടീമിനുതന്നെയാണ് മുതല്‍ക്കൂട്ടാവുക.

അതേസമയം നിലവിലെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയെന്നതാണ് ഒരു ദേശീയ ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2026ലെ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48 ആവുമ്പോള്‍ ഏഷ്യയുടെ പ്രാതിനിധ്യം എട്ടാവും. അപ്പോഴും ആ എട്ടിലേക്കെത്താന്‍ ഇന്ത്യ ഏഷ്യയിലെ മുന്‍നിരശക്തിയായി മാറേണ്ടിയിരിക്കുന്നു. അതായത് ജപ്പാനെയും കൊറിയയെയും ഇറാനെയും ഇറാഖിനെയും ഓസ്ട്രേലിയെയും പോലെ മുന്‍നിര ടീമുകളോട് തോളോടുതോള്‍ മാറ്റുരയ്ക്കാനും അവര്‍ക്കൊപ്പം മുന്നേറാനും ഇന്ത്യന്‍ ഫുട്ബോള്‍ കരുത്താര്‍ജിക്കണം. എങ്കിലേ ഇന്ത്യയുടെ ലോകകപ്പ്  മോഹത്തിന് യാഥാര്‍ഥ്യത്തിന്റെ നിറമുണ്ടാവൂ.

Top