25 June Monday

വലിയ സ്വപ്നത്തെ ചേര്‍ത്തുപിടിക്കുന്ന ഹരിക തോല്‍ക്കുന്നില്ല

Thursday Mar 9, 2017

ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പിനായി എനിക്ക് പ്രത്യേക തന്ത്രമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കിരീടം നേടാന്‍ അതിയായി ആഗ്രഹിച്ചു. എല്ലാ ദിവസവും ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കാനും ശ്രമിച്ചു. പക്ഷേ മൂന്നാം തവണയും സ്വര്‍ണം തൊടാനായില്ല. അതില്‍ നിരാശയുണ്ട്. എങ്കിലും ഈ വെങ്കലമെഡല്‍ നേട്ടം ചെറുതല്ല. ലോകചാമ്പ്യന്‍ഷിപ്പില്‍ വിജയം അത്ര എളുപ്പമല്ല; പ്രത്യേകിച്ചും നോക്കൌട്ടില്‍. അതുകൊണ്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ മൂന്നാമത്തെ വെങ്കലവിജയത്തെ ഏറെ അഭിമാനത്തോടെയും ആഹ്ളാദത്തോടെയുമാണ് കാണുന്നതെന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ദ്രോണാവലി ഹരിക പറയുന്നു.

ചിന്തയിലും മനസ്സിലും ഇത്ര സ്ഫുടതയും ദൃഢതയുമുള്ള ഹരികയെപ്പോലെ ഒരാള്‍ക്ക് മൂന്നാം തവണയും അവസാന കടമ്പ താണ്ടാനായില്ലെന്നത് നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ. ഉന്നതമായ ലക്ഷ്യവും തീവ്രമായ അഭിലാഷങ്ങളുമുള്ള ഹൈദരാബദില്‍നിന്നുള്ള ഈ ഇരുപത്താറുകാരി ടെഹ്റാനിലെ ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ പോരാട്ടത്തിനുശേഷം ശ്രദ്ധയില്‍നിന്ന് അകന്നുപോവുകയെന്നത് സംഭവിച്ചുകൂടാ.

2012ല്‍ ഖാന്റിയിലും 2015ല്‍ സോച്ചിയിലും വെങ്കലത്തിലെത്തിയ ഹരികയുടെ കരുനീക്കത്തിന്റെ ആവര്‍ത്തനംതന്നെയായിരുന്നു ഇത്തവണ ടെഹ്റാനിലും കണ്ടത്. എന്നാല്‍ അതാകട്ടെ തീക്ഷ്ണമായ, ഞരമ്പുമുറുക്കുന്ന ചില പോരാട്ടങ്ങളിലൂടെ കടന്നായിരുന്നുതാനും. സെമിയല്‍ ഒമ്പതാം സീഡായ ടാന്‍ഷോങ്യിക്കെതിരെ നാലാം സീഡും ലോക ഏഴാം റാങ്കുമായ ഹരിക കനത്ത പോരാട്ടമാണ് നടത്തിയതെങ്കിലും രണ്ട് ഗെയിമുള്ള മത്സരത്തിലെ ആദ്യ ഗെയിം കൈവിട്ടു. അടുത്ത ഗെയിം ജയിച്ചില്ലെങ്കില്‍ എല്ലാം തകര്‍ന്നടിയുമെന്ന തിരിച്ചറിവോടെ ഹരിക നോക്കൌട്ട് കളിയിലെ തന്റെ മുഴുവന്‍ അനുഭവസമ്പത്തും ആവാഹിച്ച് കരുനീക്കിയെങ്കിലും ആ ആത്മവിശ്വസത്തെ തീരമണിയാന്‍ സമ്മതിക്കാതെ ഷോങ്യി 162 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയുടെ സന്ദേശം നല്‍കി. 2012ലെ സെമിയില്‍ ആന്റോണെറ്റ സ്റ്റെഫാനോവയും 2015ല്‍ കഴിഞ്ഞതവണത്തെ ലോകചാമ്പ്യനായ മരിയ മുഷിചുകുമാണ് ഹരികയുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്.

ടൈബ്രേക്കുകള്‍ ക്രൂരമാണെന്ന് ഹരികയുടെ മത്സരത്തെക്കുറിച്ച് വിശ്വനാഥന്‍ ആനന്ദ് ട്വീറ്റ് ചെയ്തത് ശരിയാണ്. സെമിയിലേക്കുള്ള ഓരോ റൌണ്ടിലും നാലുവീതം ടൈബ്രേക്ക് മത്സരങ്ങളുടെ കഠിനവഴികള്‍ ഇന്ത്യന്‍താരത്തിനു താങ്ങേണ്ടിവന്നു. ടെഹ്റാനിലെ അഞ്ച് പ്രതിയോഗികളെയും ക്ളാസിക്കല്‍ ടൈം കണ്‍ട്രോളിലെ രണ്ടു മത്സരങ്ങളുടെ മിനിമാച്ചില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ ഹരികയുടെ 2539 'ഇലോ' റേറ്റിങ് താഴോട്ടുപോകാനാണ് സാധ്യത. വിവിധ കാരണങ്ങളാല്‍ ലോക ഒന്നാംറാങ്കായ ഹോയിയുഫാനും മരിയ മുഷിചുകും ഇന്ത്യയുടെതന്നെ കൊനേരുഹംബിയും വിട്ടുനിന്നതിനാല്‍ ടെഹ്റാനിലെ ടൂര്‍ണമെന്റിന് താരപ്പൊലിമയും കുറവായിരുന്നു.

ആന്ധ്രയിലെ ഗുണ്ടൂരില്‍ 1991ലാണ് ഹരികയുടെ ജനനം. ഏഴാം വയസ്സുമുതല്‍ ചെസ്പരിശീലനം തുടങ്ങിയ ആ പെണ്‍കുട്ടി അണ്ടര്‍ 10, അണ്ടര്‍ 12 ചാമ്പ്യന്‍ഷിപ്പുകളിലാണ് ആദ്യനേട്ടങ്ങള്‍ കൈവരിച്ചത്. 2011ല്‍ ഏഷ്യന്‍ വനിതാ ചെസ് ചാമ്പ്യനായി. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലും മിന്നുന്ന നേട്ടത്തിനൊപ്പം ലോക ജൂനിയര്‍ ചെസ് കിരീടവും കരസ്ഥമാക്കി. ചെറുപ്പംമുതല്‍ എന്‍ വി എസ് രാമരാജുവാണ് ഹരികയുടെ ഗുരു. അദ്ദേഹത്തിന്റെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ഇന്ധനശക്തയാക്കിയാണ് താന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് എത്താറുള്ളതെന്ന് ഹരിക പറയുന്നു.

2016 ദ്രോണാവല്ലി ഹരികയ്ക്ക് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ഹംഗറിയിലും കസാഖ്സ്ഥാനിലും മികച്ച വിജയങ്ങളോടെ വനിതാതാരത്തിനുള്ള അവാര്‍ഡുകള്‍ നേടിയ ഹരിക ചൈനയിലെ ഷെങ്ടനില്‍ നടന്ന ഫിഡെ വനിതാ ഗ്രാന്‍ഡ്പ്രീ പരമ്പരയിലും കിരീടമണിഞ്ഞു. തന്റെ പ്രഥമ ഗ്രാന്‍ഡ്പ്രീ കിരീടം നേടാന്‍ ഹരിത തോല്‍പ്പിച്ചതാകട്ടെ ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാതാരമായ ഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹംബിയെയാണെന്നതും ശ്രദ്ധയമായി. ഹംബിക്കുശേഷം ഇന്ത്യയില്‍നിന്ന് ഗ്രാന്‍ഡ്മാസ്റ്ററാകുന്ന വനിതയും ഹരിക (2011)യാണ്.

ഏഴാം വയസ്സില്‍ കറുപ്പും വെളുപ്പും നിറമുള്ള കുതിരകളുടെയും കലാള്‍പ്പടകളുടെയുടെ രാജ്ഞിമാരുടെയും കൊട്ടാരത്തിലേക്ക് തുടങ്ങിയ ദ്രോണാവല്ലി ഹരികയുടെ യാത്ര ഇന്നും തുടരുകയാണ്. ടെഹ്റാന്‍ ചാമ്പ്യന്‍ഷിപ്പിനുശേഷം റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നെങ്കിലും ലോകചാമ്പ്യന്‍ഷിപ്പും ഒളിമ്പ്യാഡുമാണ് തന്റെ ലക്ഷ്യമെന്ന് ഹരിക പറയുന്നു. ഇക്കുറിയും കൈവിട്ടുപോയെങ്കിലും നമുക്ക് കാത്തിരിക്കാം. ദ്രോണാവല്ലി ഹരികയുടെയും ഇന്ത്യയുടെയും ആ അനര്‍ഘനിമിഷത്തിനായി...
 

Top