25 June Monday

ജോര്‍ജിയന്‍ ഏജന്‍സികളുടെ കോമഡി ഷോ

Monday Jul 17, 2017
ശതമന്യു

കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നയാള്‍ കുറ്റവാളിയാകണമെന്നില്ല എന്നത് ആര്‍ക്കും പറയാവുന്ന ന്യായം. കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമാണ്  പള്‍സര്‍ സുനി നിയമത്തിനുമുന്നില്‍ കുറ്റവാളിയാകുക. അതുവരെ കുറ്റാരോപിതന്‍മാത്രം. കോടതി ശിക്ഷിക്കുന്നതുവരെ ദിലീപേട്ടനൊപ്പം എന്നുപറയുന്നവര്‍ക്ക് ധൈര്യമായി 'സുനിയേട്ടനൊപ്പം' എന്നും പറയാം. സ്വാതന്ത്യ്ര സമരത്തില്‍ ഉപ്പുകുറുക്കാന്‍പോയി വൈദേശിക പട്ടാളം പിടിച്ച് കോടതിയിലെത്തിച്ചതാണ് ദിലീപിനെ എന്ന് കരുതുന്നവരുണ്ട്. തെളിവെടുപ്പിന് നടനെയുംകൊണ്ട് പോകുന്നിടത്തൊക്കെ കൈയടിക്കാന്‍ ആളെ വിടുന്നത് അവരാണ്. അത്തരക്കാര്‍ക്കും ആവിഷ്കാരസ്വാതന്ത്യ്രമുള്ള നാടാണ് ഇന്ത്യ എന്നതുകൊണ്ട് കൈയടിക്കും കൂവലിനും കേസില്ല.

കല്യാണവീട്ടില്‍ കുരവയിടാനും മരണവീട്ടില്‍ ആര്‍ത്തലച്ച് കരയാനും വാടകയ്ക്ക് ആളെ കിട്ടുന്ന കാലമാണ്. പണം മുടക്കൂ, പദവി നേടൂ എന്നതാണ്  വിചിത്രകാലത്തിന്റെ മുദ്രാവാക്യം. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ രാജ്യംകണ്ട വലിയ വംശഹത്യയുടെ നായകനെന്ന പേര് നരേന്ദ്ര മോഡിക്ക് സ്വന്തമായിരുന്നു. ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ കറ അപ്പാടെ ആ പേരിലുണ്ടായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ മോഡിക്ക് രൂപമാറ്റം വന്നത്, 'ഗുജറാത്തിന്റെ വികസന നായക'നെന്ന നിലയിലേക്കാണ്. മോഡി മാറിയിരുന്നില്ല; ഗുജറാത്തും മാറിയിരുന്നില്ല. പക്ഷേ, പലവഴിക്ക്  ശരണംവിളി ഉയര്‍ന്നു- മോഡിയാണ് നായകന്‍; മോഡി മാത്രം നായകന്‍ എന്ന്്. മുദ്രാവാക്യരചനയ്ക്കും പാണന്മാരുടെ വിന്യാസത്തിനുമായി രാജ്യത്തിനകത്തും പുറത്തും വാര്‍റൂമുകള്‍ തുറന്നാണ് വികസന നായകന്റെ കുപ്പായം മോഡിയെ ധരിപ്പിച്ചത്. ആ ഓളത്തിലാണ്, മിണ്ടാത്ത മന്‍മോഹനുപകരം  മിണ്ടേണ്ടിടത്തുനിന്ന് മണ്ടുന്ന മോഡി നോര്‍ത്ത് ബ്ളോക്കിലെ കസേരയിലെത്തിയത്. അതാണ് മാതൃക. ഏതു നരാന്തകനെയും നരകുലോത്തമനാക്കുന്ന അഭ്യാസം നാട്ടുനടപ്പായിരിക്കുന്നു എന്ന് സാരം. ഈ സവിശേഷകൃത്യത്തിന്  പബ്ളിക് റിലേഷന്‍സ് വര്‍ക്ക് എന്നാണ് ഓമനപ്പേര്.

നടിയെ തട്ടിക്കൊണ്ടുപോയി നിരതദ്രവ്യം ആവശ്യപ്പെട്ടതോ പ്രത്യേക സാഹചര്യത്തില്‍ പ്രലോഭനത്തിനടിപ്പെട്ട് ലൈംഗികാതിക്രമം നടത്തിയതോ അല്ല കേസ്. വ്യക്തിവിരോധം തീര്‍ക്കാനും ബ്ളാക്ക് മെയില്‍ചെയ്യാനും വാടകഗുണ്ടകളെ ശട്ടംകെട്ടി പൈശാചികമായി പീഡിപ്പിച്ചതാണ്.  ചെയ്തവരെയും ചെയ്യിച്ചവരെയും  കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണങ്ങളെയുംകുറിച്ച് വ്യക്തമായ ധാരണയോടെയാണ്  പൊലീസ് പ്രതികളെ പിടികൂടിയത്. ചെയ്യിച്ചത് സാദാ നടനായാലും മഹാനടനായാലും പടച്ച തമ്പുരാന്‍തന്നെയായാലും ഐപിസിയില്‍ ഒരേ വകുപ്പാണ്. ചെയ്തവനും ചെയ്യിച്ചവനും അഴി എണ്ണിയേ തീരൂ. ജയിലിലെ കൊതുകിനുപോലും അതറിയാം. 

കൊതുകിന് അറിയാവുന്നത് പി സി ജോര്‍ജിന് അറിയണമെന്നില്ല. അതുകൊണ്ട് കോടതിക്കുപുറത്ത് വിധിന്യായവുമായി ആദ്യം രംഗത്തുവന്നത് ജോര്‍ജാണ്.  നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന്  ആരോപിച്ച ജോര്‍ജ് അതേ ആരോപണവുമായി മകനെയും രംഗത്തിറക്കി. അതിനിടയില്‍ ദിലീപേട്ടനുവേണ്ടി നൂറുകണക്കിന് ഫെയ്സ് ബുക്ക് പോസ്റ്റുകള്‍. കാരുണ്യവാനും പരോപകാരിയുമായ ദിലീപേട്ടന്റെ അപദാനങ്ങള്‍ വാഴ്ത്തി അനേകം കഥനങ്ങള്‍. ചൂടുള്ള വിഷയത്തിലെ മടുപ്പിക്കുന്ന മാധ്യമചര്‍ച്ചകള്‍ കൂടിയായപ്പോള്‍ വീണുകിട്ടിയ അവസരംവച്ച് പ്രതിയെ രക്ഷിക്കാനും പ്രതിക്കുവേണ്ടി പൊതുബോധം നിര്‍മിച്ചെടുക്കാനും ഡസന്‍കണക്കിന് കേന്ദ്രങ്ങള്‍ രംഗത്തുവന്നു. കേട്ടുകേള്‍വിയില്ലാത്ത, ഹീനകൃത്യത്തിന് ക്വട്ടേഷന്‍കൊടുത്ത പ്രതിക്കായി ഈ വാഴ്ത്തുപാട്ടുകള്‍ ഉത്ഭവിച്ചത് കോടികളുടെ ഇടപാടില്‍നിന്നാണ് എന്നത്രെ ഒടുവിലത്തെ വിവരം. പിആര്‍ ഏജന്‍സി പണി തുടങ്ങിയിരിക്കുന്നു. അതില്‍ ഏതു വേഷമാണ് പി സി ജോര്‍ജിനും മകനുമെന്നത് രഹസ്യമാണ്.

ജോര്‍ജിനെ പറഞ്ഞിട്ട് കാര്യമില്ല. വയസ്സുതികഞ്ഞതുകൊണ്ടുമാത്രം കാക്കിയൂരേണ്ടിവന്ന സെന്‍കുമാര്‍ കേസിനെക്കുറിച്ച് പറഞ്ഞതുമായി താരതമ്യംചെയ്യുമ്പോള്‍ ജോര്‍ജ് നിസ്സാരനാണ്. 
എല്ലാം ചെയ്യിച്ചത് ദിലീപാണ് എന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്, അക്കാര്യം കോടതിയെ അറിയിച്ചിട്ടുമുണ്ട്.  ക്രൂരമായി വേട്ടയാടിയ ശേഷമാണ് പ്രതി നടിക്കുവേണ്ടി കണ്ണീര്‍പൊഴിച്ചത്. അതുകഴിഞ്ഞാണ് ചാനലിലൂടെ, 'നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നു; സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണം' എന്ന്  മൊഴിഞ്ഞത്.  എന്തായാലും പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് ഇത്രയേറെ സ്വാധീനമുണ്ടെങ്കില്‍ ജാമ്യത്തിലിറങ്ങിയാല്‍  എന്തായിരിക്കും അവസ്ഥയെന്ന പ്രോസിക്യൂഷന്‍ വാദത്തെ നമിക്കണം. പ്രതിയെ  വാദിയാക്കുന്ന ജോര്‍ജിയന്‍ ഏജന്‍സികള്‍ എന്തിനെയും റാഞ്ചും.  അനുഭാവസത്യഗ്രഹംപോലെ അനുഭാവ നിലത്തുകിടപ്പുംമറ്റും അരങ്ങേറുന്നതുകാണുമ്പോള്‍ അന്തംവിട്ടേ തീരൂ. പ്രതിയുടെ ഗുണഗണങ്ങളുമായി സഹതടവുപുള്ളികളുടെ കൂട്ടായ്മ ഫെയ്സ്ബുക്കില്‍ പേജ് തുടങ്ങുന്നതിനായി കാത്തിരിക്കാം.
------------------------------------
 ഇനി ആരും ഗുഡ്മോണിങ്  പറയരുത്. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ചും ജന്മദിനം ആഘോഷിക്കരുത്. അഥവാ വേണമെങ്കില്‍ കുത്തുവിളക്കോ നിലവിളക്കോ കത്തിച്ചാല്‍മതി. കുത്തുവിളക്കാണുത്തമം- ആവശ്യം കഴിഞ്ഞാല്‍ ശാഖയില്‍ ആയുധമായി ഉപയോഗിക്കാന്‍ സംഭാവനചെയ്യണമെന്നേയുള്ളൂ. സംഗതി ചെറിയ കാര്യമല്ല- കുടുംബപ്രബോധന്‍ പരിപാടിയാണ്.  എന്നുവച്ചാല്‍ വീട്ടിലേക്ക് വെറുതെ കുറെ സ്വയംസേവകര്‍ കടന്നുവരും. അവര്‍ ചിലതെല്ലാം പറയും. അത് നാം അനുസരിക്കണം.  
ആര്‍ഷഭാരത സംസ്കാരവും പാരമ്പര്യവും ഉയര്‍ത്താനുള്ള തത്രപ്പാടാണ്. അടുത്ത ലോക്സഭാതെരഞ്ഞെടുപ്പുവരെ ഖലാസിപ്പണി നടത്താനാണ് ഇപ്പോള്‍ തീരുമാനം.

എന്ത്് കഴിക്കണം,  എന്ത് ധരിക്കണം, എങ്ങനെ ഇണചേരണം, പിറന്നാള്‍ ആഘോഷം  എങ്ങനെ വേണം എന്നെല്ലാം  ആര്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട്. അതവര്‍ പതിയെ പറഞ്ഞുതരും.  സസ്യാഹാരമാണ് വേണ്ടത്. ബീഫ് മാത്രം വര്‍ജിച്ചാല്‍ പോരാ- കോഴിയും ആടും കഴിക്കരുത്. മത്സ്യാവതാരത്തെ കറിവച്ചോ വറുത്തോ കഴിക്കാനേ പാടില്ല. വിദേശസംസ്കാരത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിന്റെഭാഗമായി ആംഗലേയപദങ്ങള്‍ വര്‍ജിക്കണം. സ്വിച്ച് എന്ന് മിണ്ടരുത്-വൈദ്യുതിഗമനാഗമനനിയന്ത്രകം എന്നുതന്നെ പറയണം. ഭക്ഷണത്തിനുമുമ്പ് കൈ കഴുകിയാല്‍ പോരാ, പ്രാര്‍ഥനചൊല്ലുകയും വേണം. സ്വയം ദേവകര്‍ വീട്ടിലെത്തിയാല്‍, ഗണഗീതം പാടിയാണ് സ്വീകരിക്കേണ്ടത്. ചായ കൊടുക്കരുത്- സംഭാരം മണ്‍ചട്ടിയിലാക്കി കൊടുക്കണം. ഗ്ളാസ് ടംബ്ളര്‍ വൈദേശികസ്വാധീനത്തിന്റെ പ്രതീകമാണ്. പശുവാണ് മാതാവ് എന്നതുകൊണ്ട്, കുടുംബ കൌണ്‍സലിങ്ങിന് വരുന്ന സ്വയംസേവകരെ അതിന്റേതായ ബഹുമാനത്തില്‍ അഭിസംബോധനചെയ്യണം.
---------------------------------
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ജയിലില്‍ നക്ഷത്രസൌകര്യവും പ്രത്യേക അടുക്കളയുമാണെന്ന്.  പറയുന്നത്  ജയില്‍ ഡിഐജി തന്നെയാണ്. ആ സമയത്താണ് 'ദിലീപേട്ട'ന് ജയിലില്‍ തിരിച്ചുകയറാന്‍ വൈകിയപ്പോള്‍ അത്താഴംതന്നെ കിട്ടാതാകുന്നത്. ആലുവ ജയില്‍ അങ്ങ് കര്‍ണാടകത്തിലായിരുന്നെങ്കില്‍ സംഗതി പൊളിച്ചേനെ *

Top