19 June Tuesday

മുതലാളിത്തം ഏറ്റുപറയുന്നു ആഗോളീകരണം പരാജയമെന്ന്

Sunday Mar 5, 2017
വി കെ പ്രസാദ്

ആഗോളീകരണ സാമ്പത്തികനയങ്ങള്‍ ലോകത്തെമ്പാടും വ്യാപിപ്പിക്കുന്നതിനും എവിടെയുമുള്ള മൂലധനത്തിന്റെ ഏകോപനത്തിന്റെ വേഗം കൂട്ടുന്നതിനും വേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന വേദിയാണ് വേള്‍ഡ് എക്കണോമിക് ഫോറം. എല്ലാ വര്‍ഷവും ശിശിരകാലത്ത് സ്വിറ്റ്സര്‍ലന്‍ഡിലെ സുഖവാസകേന്ദ്രമായ ദാവോസില്‍ അവര്‍ സംഘടിപ്പിക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടി രാഷ്ട്രത്തലവന്മാരുടെയും മൂലധനനാഥന്മാരുടെയും സംഗമവേദിയാണ്. മൂലധനതാല്‍പ്പര്യങ്ങള്‍ അഭുംഗരം സംരക്ഷിക്കാന്‍ നിയുക്തമായ ഫോറത്തിന്റെ ഇത്ത വണത്തെ ഉച്ചകോടി, എന്നാല്‍ വ്യത്യസ്തമായ ഒരു റിപ്പോര്‍ട്ട് പണിഗണിക്കാന്‍ നിര്‍ബന്ധിതരായി. ഇന്‍ക്ളൂസീവ് ഗ്രോത്ത് ആന്‍ഡ് ഡെവലപ്മെന്റ് റിപ്പോര്‍ട്ട് 2017 എന്നാണ് പ്രസ്തുത റിപ്പോര്‍ട്ടിന്റെ പേര്.

വിഷമകരമായതും അടിയന്തര പ്രാധാന്യമുള്ളതുമായ ചില ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടതെന്ന് അതിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ലോക സമ്പദ്വ്യവസ്ഥ വളര്‍ച്ചാക്കുറവിന്റെ ഒരു നീണ്ട ദശാസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടോ, അതിന്റെ ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്ന ഘടക ങ്ങള്‍ എന്തൊക്കെയാണ്, രൂക്ഷമാകുന്ന അസമത്വം പരിഹരിക്കാന്‍ നിലവിലുള്ള സാമ്പത്തികക്രമത്തിനകത്തു നിന്നുകൊണ്ട് കഴിയുമോ, ഓട്ടോമേഷന്റെയും റൊബോട്ടൈസേഷ ന്റെയും പരിണതഫലമായി തൊഴില്‍മേഖല നേരിടുന്ന പ്രത്യാഘാതങ്ങളെ നേരിടാന്‍ എന്താണ് പോംവഴികള്‍... ഇതൊക്കെയാണ് റിപ്പോര്‍ട്ട് പരിഗണിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍. മുതലാളിത്തത്തിന് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ചിന്തിക്കുന്നവരുടെ വാദമുഖങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍കഴിയുമോ എന്നും റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്.

ഉള്‍ച്ചേര്‍ന്ന വളര്‍ച്ചയോടുകൂടിയ വികസനമാതൃക ഒരു പരിഹാരമായി കുറേക്കാലമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനെ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഗാര്‍ഹിക വരുമാനം, അവസരങ്ങള്‍, സാമ്പത്തികസുരക്ഷ, ജീവിതനിലവാരം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഇന്‍ക്ളൂസീവ് ഡെവലപ്മെന്റ് ഇന്‍ഡെക്സ് എന്ന സൂചികയിലെ പ്രകടനം നോക്കുമ്പോള്‍ റിപ്പോര്‍ട്ട് പരിശോധിച്ച 103 രാജ്യങ്ങളില്‍ പകുതിയിലേറെ രാജ്യങ്ങളിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഉള്‍ച്ചേര്‍ന്ന വളര്‍ച്ച പിന്നോട്ടടിക്കുകയാണുണ്ടായത്. ആഗോളീകരണം മുന്നോട്ടുവച്ച ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ഒരു ബദല്‍ മാതൃക സൃഷ്ടിച്ചു മാത്രമേ ഉള്‍ച്ചേര്‍ന്ന വളര്‍ച്ച ഉറപ്പുവരുത്തിയുള്ള വികസനം സാധ്യമാകൂ എന്നാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍.

നിലവിലെ ഘടനാപരമായ പരിഷ്കാരങ്ങള്‍ ജീവിതനിലവാരം തകര്‍ക്കുകയും അസമത്വം രൂക്ഷമാക്കുകയുമാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടിന്റെ രചയിതാക്കള്‍ ഏറ്റുപറയുന്നുണ്ട്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ തൊഴിലും ഉപഭോഗവും വര്‍ധിപ്പിക്കാന്‍ ഉതകുന്നതും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉല്‍പ്പാദനക്ഷമതയും, ഗാര്‍ഹിക വരുമാനവും, യഥാര്‍ഥ സമ്പദ്വ്യവസ്ഥയില്‍ (Real Economic) മുതല്‍മുടക്കും വര്‍ധിപ്പിക്കാന്‍ പര്യാപ്തമായതുമായ നയംകൊണ്ടു മാത്രമേ ലോകം നേരിടുന്ന കടുത്ത സാമ്പത്തികക്കുഴപ്പത്തെ മറികടക്കാന്‍കഴിയൂ എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

കഴിഞ്ഞമാസം നമ്മുടെ ധനമന്ത്രി പാര്‍ലമെന്റില്‍വച്ച സാമ്പത്തിക സര്‍വേയില്‍ പരാമര്‍ശിച്ച സാര്‍വത്രിക അടിസ്ഥാനവരുമാനത്തെക്കുറിച്ച് (Universal Basic Income) സുപ്രധാനമായൊരു നിഗമനം റിപ്പോര്‍ട്ടിലുണ്ട്. സജീവമായ തൊഴില്‍നയങ്ങള്‍, നിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം, ലിംഗസമത്വം, തൊഴിലിനുള്ള ആനുകൂല്യങ്ങളും സംരക്ഷണവും, വിദ്യാഭ്യാസത്തിനുശേഷം തൊഴിലിലേക്കുള്ള ചുവടുമാറ്റം എന്നിവയാണ് മനുഷ്യവിഭവ മൂലധനത്തിന്റെ പ്രധാന മേഖലകള്‍. ഇവയ്ക്ക് പകരമാവില്ല സാര്‍വത്രിക അടിസ്ഥാന വരുമാനം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ട്രംപ് ഉയര്‍ത്തുന്ന സംരക്ഷണവാദത്തെയും റിപ്പോര്‍ട്ട് അപ്പാടെ തള്ളുന്നു.

മുതലാളിത്തത്തിന് അവഗണിക്കാന്‍ കഴിയാത്തവിധത്തില്‍ വഷളായിക്കഴിഞ്ഞ സാമ്പത്തിക സാഹചര്യമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ലോക സാമ്പത്തികഫോറത്തെ പ്രേരിപ്പിച്ചതെന്നുവ്യക്തം. സത്യത്തില്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങളാകട്ടെ പഴയ കെയ്നീഷ്യന്‍നയത്തിന്റെ പരിഷ്കൃത പതിപ്പുമാത്രമാണ്.

Top