19 October Friday

ഊതിവീര്‍പ്പിച്ച ബലൂണുകള്‍ പൊട്ടി; സമ്പദ്വ്യവസ്ഥ വന്‍ തകര്‍ച്ചയില്‍

Tuesday Jun 6, 2017
എന്‍ മധു

'നല്ലദിനങ്ങള്‍' വാഗ്ദാനംചെയ്ത് മോഡി  അധികാരത്തില്‍ വരുമ്പോള്‍ സമ്പദ്വ്യവസ്ഥയുടെ സ്ഥിതി ഒട്ടും മെച്ചമായിരുന്നില്ലെന്നത് വസ്തുത. ഇപ്പോള്‍ മോഡിഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ സമ്പദ്വ്യവസ്ഥ ഒട്ടും മെച്ചപ്പെട്ടില്ലെന്നു മാത്രമല്ല, നില മുമ്പത്തെക്കാള്‍ വഷളായിരിക്കുന്നുവെന്ന് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍ക്കാരിന്റെതന്നെ കണക്ക് വെളിപ്പെടുത്തുന്നു.

കേന്ദ്ര സ്ഥിതിവിവര സംഘടന കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 2016-17 ധനവര്‍ഷത്തിലെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) മൊത്തം ആഭ്യന്തരോല്‍പ്പാദന വളര്‍ച്ച 6.1 ശതമാനമായി പിന്നോട്ടടിച്ചിരിക്കുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനവും(ജിഡിപി) വ്യവസായോല്‍പ്പാദനവുമെല്ലാം കണക്കാക്കുന്നതിന്റെ അടിസ്ഥാനവര്‍ഷവും രീതികളുമെല്ലാം മാറ്റിമറിച്ച് ഊതിവീര്‍പ്പിച്ച ബലൂണ്‍പോലെ സര്‍ക്കാര്‍ കൊണ്ടുനടന്ന കണക്കുകളെല്ലാം പൊട്ടിയിരിക്കുന്നു. യഥാര്‍ഥത്തില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയാകെ (മാക്രോ ഇക്കോണമി) നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.

നോട്ട്നിരോധം മാത്രമല്ല, വിവിധ മേഖലകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ പിന്നോട്ടടിക്ക് കാരണമാണെന്ന് സ്ഥിതിവിവര സംഘടനയുടെ മേധാവി ടി സി എ ആനന്ദ് ചൂണ്ടിക്കാട്ടുന്നുണ്ട്. നോട്ട്നിരോധം സ്ഥിതി വഷളാക്കി. അപ്രതീക്ഷിത നോട്ട് നിരോധം സാമ്പത്തികവളര്‍ച്ചയെ രണ്ടുശതമാനമെങ്കിലും പിന്നോട്ടടിപ്പിക്കുമെന്ന് രാജ്യത്തെയും പുറത്തെയും സാമ്പത്തികവിദഗ്ധര്‍ ഒരേസ്വരത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. ആ മുന്നറിയിപ്പ് യാഥാര്‍ഥ്യമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടുവെന്നു കാണിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെല്ലാം പ്രചരിപ്പിച്ച കണക്കുകള്‍ തട്ടിപ്പായിരുന്നുവെന്നും  സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2011-12, 2012-13 വര്‍ഷങ്ങളില്‍ 5.1 ശതമാനം മാത്രമായിരുന്ന ജിഡിപി വളര്‍ച്ചാനിരക്ക് ബിജെപി അധികാരത്തില്‍വന്നതോടെ 2014-15ല്‍ 7.2 ശതമാനമായും 2015-16-ല്‍ 7.9 ശതമാനമായും വര്‍ധിച്ചുവെന്നായിരുന്നു വാദം. ജിഡിപി കണക്കാക്കുന്ന രീതിയും അടിസ്ഥാനവര്‍ഷവും മാറ്റിമറിച്ചും വിലക്കയറ്റത്തിന്റെ തോത് കണക്കാക്കാതെയുമാണ് ഇങ്ങനെ വളര്‍ച്ചാകണക്കുകള്‍ സൃഷ്ടിച്ചത്.  2015-ലെ യഥാര്‍ഥ സാമ്പത്തികവളര്‍ച്ച വെറും 5.1 ശതമാനമാണെന്ന് മുംബൈ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ രാജേശ്വരി സെന്‍ഗുപ്ത പറയുന്നു.  2013-14 മുതല്‍ ജിഡിപി കണക്കാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ മാറ്റംവരുത്തി. അപ്പോള്‍, 2016-17ലെ നാലാം പാദത്തില്‍ 6.1 ശതമാനം വളര്‍ച്ചയെന്നു പറയുന്നതും യഥാര്‍ഥ സ്ഥിതിയാവില്ല. യഥാര്‍ഥ വളര്‍ച്ചാനിരക്ക് അതിനെക്കാള്‍ കുറവാകും.

മുതല്‍മുടക്ക്, ഉല്‍പ്പാദനം, തൊഴില്‍, വരുമാനം, ഉപഭോഗം എന്നിവയെല്ലാം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലയും തകര്‍ന്നിരിക്കുകയാണ്. ഈ പ്രവണത യുപിഎ ഭരണംമുതല്‍ തുടരുന്നതാണ്. നോട്ട്നിരോധത്തോടെ സ്ഥിതി വഷളായി. ഇക്കാലയളവില്‍ ബാങ്കുകളിലേക്ക് പണം പ്രവഹിച്ചെങ്കിലും വായ്പ കാര്യമായി വര്‍ധിച്ചില്ല. അതിനര്‍ഥം മുതല്‍മുടക്ക് ഉണ്ടാകുന്നില്ല എന്നാണ്.  പൊതു-സ്വകാര്യ മേഖലകളില്‍ മുതല്‍മുടക്കും ഉല്‍പ്പാദനവും വര്‍ധിപ്പിച്ചും അതുവഴി തൊഴിലും വരുമാനവും വര്‍ധിപ്പിച്ചും  സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണ്ടക്കിയും വേണം സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍. സ്വകാര്യ മുതല്‍മുടക്ക് കുറയുമ്പോള്‍ സര്‍ക്കാരിന്റെ മുതല്‍മുടക്ക് വര്‍ധിപ്പിക്കണം. സാമൂഹ്യക്ഷേമ ചെലവുകള്‍ കൂട്ടണം. ആ വഴിക്കൊന്നും ഒരു നടപടിയുമില്ല. അങ്ങനെ നടപടിയില്ലെന്നു മാത്രമല്ല സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്ന നടപടികളാണ് സര്‍ക്കാര്‍ ഓരോ ദിവസവും സ്വീകരിക്കുന്നത്.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കാന്‍പാടില്ലെന്ന തീരുമാനവും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നതാണ്. കാലിവളര്‍ത്തലിനെ അടിസ്ഥാനമാക്കി വളര്‍ന്നുവന്ന പ്രാദേശിക സമ്പദ്വ്യവസ്ഥ നമ്മുടെ കാര്‍ഷികമേഖലയുടെ പ്രധാന ഭാഗമാണ്. കാര്‍ഷിക മേഖലയില്‍ വിവിധ വിളകളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പാദനം തകരുകയും ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാതെവരികയും ചെയ്യുന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് ചെറുകിട-നാമമാത്ര കര്‍ഷകര്‍ കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്. അത്തരം പാവപ്പെട്ട കൃഷിക്കാരുടെ ജീവിതമാണ് സര്‍ക്കാര്‍ തകര്‍ക്കുന്നത്. ഭക്ഷ്യധാന്യം അടക്കുമുള്ള വിളകള്‍, മീന്‍പിടിത്തം, കാലിവളര്‍ത്തല്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ അടങ്ങുന്നതാണ്  കാര്‍ഷികമേഖല. രാജ്യത്തെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ നാലിലൊന്ന് കാലിവളര്‍ത്തല്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. ജിഡിപിയുടെ 28 ശതമാനത്തോളം കാര്‍ഷികമേഖലയുടെ പങ്കാണ്. അതില്‍ അഞ്ചുശതമാനം കാലിവളര്‍ത്തല്‍ മേഖലയില്‍നിന്നാണ്.

Top