16 October Tuesday

തെമ്മാടി രാഷ്ട്രത്തിനുവേണ്ടിയുള്ള വ്യാജ നിര്‍മിതി

Sunday Apr 16, 2017
വി കെ പ്രസാദ്

മുതലാളിത്തത്തിന്റെ 'മുടിയനായ പുത്രന്‍' തറവാട്ടിലേക്ക് മടങ്ങിവരാനുള്ള ശുഭമുഹൂര്‍ത്തം കുറിക്കലായിരുന്നു സിറിയയിലെ വിമതകേന്ദ്രമായ ഖാല്‍ ശൈഖൂനിലെ രാസായുധപ്രയോഗമെന്ന വ്യാജ നിര്‍മിതി. അതിന്റെ പഴി സിറിയന്‍ സര്‍ക്കാരിന്റെ മേല്‍ ചാരിയാണ് സിറിയയുടെ നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. ആ തീരുമാനംകൂടി വന്നതോടെ ട്രംപ് മുതലാളിത്തലോകത്തിന്റെ ആരാധ്യപുരുഷനായി അഭിഷേകംചെയ്യപ്പെട്ടിരിക്കുന്നു.

തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ട്രംപ് നടത്തിയ ഒട്ടേറെ 'പാപങ്ങള്‍'ക്ക് അദ്ദേഹം മുന്നേതന്നെ പരിഹാരക്രിയങ്ങള്‍ ചെയ്തുകഴിഞ്ഞിരുന്നല്ലോ. അതിന്റെ ഭാഗമായി, തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മുഖ്യവിഷയമായ അമേരിക്കന്‍ സംരക്ഷണവാദത്തെ തള്ളിപ്പറഞ്ഞു, 'നാറ്റോ' സഖ്യം കാലഹരണപ്പെട്ടുവെന്ന ആക്ഷേപം സ്വമേധയാ പിന്‍വലിച്ചു; റഷ്യന്‍ ചായ്വുണ്ടെന്ന ആരോപണം മറികടക്കാന്‍വേണ്ടി റഷ്യന്‍വിരുദ്ധ നിലപാട് ശക്തിപ്പെടുത്തി; കൂടാതെ കറന്‍സിയില്‍ കള്ളക്കളി നടത്തുന്ന രാജ്യമാണ് ചൈനയെന്ന സ്വന്തം നിലപാട് തിരുത്തുകയും ചെയ്തു. സിറിയക്കെതിരായ ആക്രമണത്തോടെ അമേരിക്കന്‍ ആയുധക്കച്ചവടക്കാരുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുന്നു ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ രാഷ്ട്രീയത്തെയും സാമ്പത്തികനയങ്ങളെയും ആത്യന്തികമായി നിയന്ത്രിക്കുന്നത് മൂലധന താല്‍പ്പര്യങ്ങളാണെന്ന യാഥാര്‍ഥ്യം അര്‍ഥശങ്കയില്ലാതെ വീണ്ടും തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

വ്യാജസമ്മതികളുടെ നിര്‍മിതിയിലും പ്രചാരണത്തിലും ആഗോള മാധ്യമ കുത്തകകള്‍ വഹിക്കുന്ന പങ്കും ഒരിക്കല്‍ക്കൂടി അനാവരണംചെയ്യപ്പെടുകയാണ്. സിറിയന്‍ സര്‍ക്കാരാണ് രാസായുധ പ്രയോഗം നടത്തിയതെന്ന കൊണ്ടുപിടിച്ച പ്രചാരണം ലോകമൊട്ടാകെ ഊര്‍ജിതമായി നടത്തിക്കൊണ്ടിരിക്കുന്നത് ഇതേ മാധ്യമങ്ങള്‍തന്നെയായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ഇറാഖിന്റെ കൈവശം "വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍'' (ഡബ്ള്യുഎംഡി- വ്യാപക നശീകരണശേഷിയുള്ള ആയുധങ്ങള്‍) ഉണ്ടെന്ന നുണകൊണ്ടായിരുന്നു. ഇന്നും തെളിയിക്കപ്പെടാത്ത പ്രസ്തുത ആരോപണം ഒരു വ്യാജ നിര്‍മിതിയായിരുന്നുവെന്ന് പില്‍ക്കാലത്ത് പല മാധ്യമപ്രവര്‍ത്തകരും ഏറ്റുപറയുകയുണ്ടായി. യുദ്ധക്കൊതിയനായ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷിന് ഇറാഖിനെ ആക്രമിക്കാനുള്ള ന്യായീകരണം ചമയ്ക്കുന്നതിനുവേണ്ടിയായിരുന്നു അന്നത്തെ ആ സമ്മതി നിര്‍മാണപ്രക്രിയ.

രാസായുധപ്രയോഗത്തിന്റെ പഴി സിറിയന്‍ സര്‍ക്കാരിനുമേല്‍ചാരുന്ന മാധ്യമങ്ങള്‍ പക്ഷേ, പ്രധാനപ്പെട്ട ഒരു ചോദ്യം കേട്ടതായിപ്പോലും ഭാവിക്കുന്നില്ല. ഏഴുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ വിമതര്‍ക്കെതിരെ നിര്‍ണായക മുന്നേറ്റം നടത്തിക്കഴിഞ്ഞ സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ എന്തിന് സ്വന്തം ജനതയ്ക്കെതിരെ രാസായുധങ്ങള്‍ പ്രയോഗിക്കണമെന്ന ചോദ്യം ബോധപൂര്‍വം അവഗണിക്കപ്പെടുകയാണ്. കഥയില്‍ ചോദ്യങ്ങള്‍ പാടില്ലല്ലോ. 2013ല്‍ തലസ്ഥാനനഗരമായ ഡമാസ്കസിനുസമീപം നടത്തിയ രാസായുധ ആക്രമണത്തിന്റെ പിതൃത്വം സിറിയയുടെ മേല്‍ വച്ചുകെട്ടാന്‍ നടത്തിയ ശ്രമം ഫലപ്രദമായില്ലെന്ന കാര്യവും മാധ്യമങ്ങള്‍ സൌകര്യപൂര്‍വം വിസ്മരിക്കുകയാണ്. പലസ്തീന്‍ ജനതയുടെ നേര്‍ക്ക് ഇസ്രയേല്‍ നിരന്തരം നടത്തുന്ന നിഷ്ഠൂര  ആക്രമണങ്ങളും ഇക്കൂട്ടരുടെ കണ്ണില്‍പ്പെടുന്നതേയില്ല. അമേരിക്കയില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും മനുഷ്യാവകാശ നിഷേധങ്ങളും മാധ്യമ റഡാറുകളുടെ പരിധിക്ക് എത്രയോ പുറത്താണ്. രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന പേരില്‍ സിറിയയെയും ആ രാജ്യത്തിന് പിന്തുണ നല്‍കുന്ന റഷ്യയെയും വിമര്‍ശിക്കുന്ന മാധ്യമ ഭീമന്മാര്‍ സിറിയയുടെ നേര്‍ക്ക് 'മൃദുസമീപനം' കൈക്കൊണ്ടുവെന്നാക്ഷേപിച്ച് മുന്‍ പ്രസിഡന്റ് ഒബാമയെയും കുരിശില്‍ കയറ്റുന്നു.

സ്വന്തം സാമ്പത്തികതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പശ്ചിമേഷ്യന്‍ പ്രദേശത്തെ എത്രയോ രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനങ്ങള്‍ തകര്‍ത്തവരാണ് അമേരിക്ക. 1950കളില്‍ ഇറാനില്‍ തുടങ്ങിയ ആ പ്രക്രിയയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സിറിയ. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും സ്വന്തം ജനത ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തിലേറ്റിയ ഒരു സര്‍ക്കാരാണ് ബഷര്‍ അല്‍ അസദിന്റെ നേതൃത്വത്തില്‍ സിറിയ ഭരിക്കുന്നത്. സ്വന്തം രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ ചെറുക്കാന്‍ തയ്യാറാകാത്ത അമേരിക്കന്‍ സര്‍ക്കാര്‍ സ്വതന്ത്ര ജനാധിപത്യ രാജ്യമായ സിറിയയിലെ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെയും ആ രാജ്യത്തിനെതിരെ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെയും യുക്തിരാഹിത്യം കാണാന്‍ മൂലധനത്തിന്റെ കാവല്‍ഭടന്മാരായ മാധ്യമങ്ങളും ബൂര്‍ഷ്വാ ബുദ്ധിജീവികളും തയ്യാറാകുന്നതേയില്ല.

1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് തുടങ്ങിയ അമേരിക്കന്‍ സംഹാരതാണ്ഡവം ലോകമെമ്പാടുമുള്ള നിരവധി സര്‍ക്കാരുകളെ അട്ടിമറിച്ചും, ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയും കോടിക്കണക്കിന് മനുഷ്യരെ അഭയാര്‍ഥികളാക്കിയും ഇപ്പോഴും അഭംഗുരം തുടരുകയാണ്. കഴിഞ്ഞ 13-ാം തീയതി അഫ്ഗാനിസ്ഥാനില്‍ അമേരിക്ക വര്‍ഷിച്ച ജിബിയു -43 ബോംബ് നാഗസാക്കിക്കുശേഷം അമേരിക്ക നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ തെമ്മാടിരാഷ്ട്രമാണ് ലോകത്തിന്റെ പൊലീസ്കാരനായി ചമയുന്നതെന്നത് ഒരു വലിയ വൈരുധ്യംതന്നെയാണ്. ഭൂമിയിലെവിടെയുള്ള വിഭവങ്ങളുടെ നിയന്ത്രണം കൈയ്യാളാനും ആയുധവ്യാപാരത്തിന് നിര്‍ണായക സ്വാധീനമുള്ള സ്വന്തം സമ്പദ്വ്യവസ്ഥയെ പ്രതിസന്ധികളില്‍നിന്ന് കരകയറ്റാനുംവേണ്ടി ലോകത്തെ കുരുതിക്കളമാക്കുന്ന പണിയാണ് കഴിഞ്ഞ 60 വര്‍ഷമായി അമേരിക്ക ചെയ്തുപോരുന്നത്. അതിന്റെ തനിയാവര്‍ത്തനമാണ് സിറിയയിലും നാം കാണുന്നത്.

Top