15 November Thursday

ശീലം മാറ്റണം, സ്വാശ്രയബോധം വളരണം

വി കെ പ്രസാദ് Monday Jul 17, 2017

നടന്‍ ദിലീപിന്റെ അറസ്റ്റ് ഉയര്‍ത്തിയ ആരവങ്ങള്‍ക്കിടയിലും കോഴിയായിരുന്നു കഴിഞ്ഞയാഴ്ച കേരളത്തിലെ താരം. കോഴി വ്യാപാരത്തിന്റെ കുത്തക കൈയാളുന്ന ഒരു വ്യാപാരി കേരള സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേരള ധനമന്ത്രി പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. പ്രതിദിനം ശരാശരി 10 ലക്ഷം കോഴികളാണ് കേരളത്തില്‍ കച്ചവടംചെയ്യപ്പെടുന്നതെന്ന കാര്യം പരിഗണിക്കുമ്പോള്‍ ധനമന്ത്രിയുടെ നിലപാടിന്റെ ഗൌരവമേറുന്നു. ഇതില്‍ ഏതാണ്ട് 80 ശതമാനത്തോളവും തമിഴ്നാട്ടില്‍നിന്ന് ഇറക്കുമതിചെയ്യുന്ന കോഴികളാണെന്നതാണ് നിര്‍ണായകമായ മറ്റൊരു കാര്യം. അതുകൊണ്ടാണ് ഈ ഇറക്കുമതി വ്യാപാരത്തിന്റെ കുത്തകക്കാരന് സംസ്ഥാനത്തെ കോഴിവിപണിയെ ജാമ്യത്തടവില്‍ പിടിക്കാന്‍കഴിയുന്നത്.

ഇത് വാസ്തവത്തില്‍ കോഴിവിപണിയുടെ മാത്രം കാര്യമല്ല. ഏതാനും മാസംമുമ്പ് അരിയുടെ കാര്യത്തില്‍ ഇതേ പ്രശ്നമുണ്ടായി. അന്ന് അരിവിതരണം തടഞ്ഞത് ആന്ധ്രയിലെ അരിവ്യാപാരികളായിരുന്നുവെന്നു മാത്രം. മുല്ലപ്പെരിയാര്‍ അണക്കെട്ട്വിവാദം ആളിപ്പടര്‍ന്നപ്പോള്‍ കേരളത്തിലേക്കുള്ള പച്ചക്കറിയുടെയും പൂക്കളുടെയും വരവു തടഞ്ഞത് മറക്കാറായിട്ടില്ലല്ലോ. എന്തിന്, ഇതര സംസ്ഥാന തൊഴിലാളികളെ സപ്ളൈചെയ്യുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ ഒന്നിച്ചുശ്രമിച്ചാല്‍ കേരളത്തില്‍ ജനജീവിതം പാടേ സ്തംഭിപ്പിക്കാന്‍ കഴിയുമെന്നിടത്താണ് കാര്യങ്ങള്‍ നില്‍ക്കുന്നത്. ഇനി പ്രത്യക്ഷത്തില്‍ ഇതുമായി ബന്ധമില്ലാത്ത മറ്റൊരു പ്രശ്നത്തിലേക്കു വരാം.

കഴിഞ്ഞ എത്രയോ ദശാബ്ദങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പണത്തിന്റെ വരവില്‍ നാള്‍ക്കുനാള്‍ വര്‍ധന മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കഴിഞ്ഞവര്‍ഷം ഇതാദ്യമായി ഗള്‍ഫ് പ്രവാസികളടെ പണമയക്കലില്‍ ഇടിവിന്റെ പ്രവണത ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. എണ്ണയധിഷ്ഠിത സമ്പദ്വ്യവസ്ഥകളില്‍ അനുഭവപ്പെടുന്ന മാന്ദ്യവും തല്‍ഫലമായി ഊര്‍ജിതപ്പെടുന്ന സ്വദേശിവല്‍കരണവും നിമിത്തം ഗള്‍ഫ്നാടുകളിലെ തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നതാണ് ഈ പ്രവണതയുടെ അടിസ്ഥാനകാരണം. സൌദി അറേബ്യ ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ്രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ മലയാളികള്‍ തിരിച്ചുവരികയാണ്. അറബ്മേഖലയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി ഗള്‍ഫ്മേഖലയെ കൂടുതല്‍ പ്രശ്നകലുഷിതമാക്കാനിടയുള്ള സാഹചര്യത്തില്‍, തിരികെവരുന്ന ഗള്‍ഫ് മലയാളികളുടെ സംഖ്യയില്‍ വലിയ കുതിച്ചുചാട്ടംതന്നെ ആസന്നഭാവിയില്‍ പ്രതീക്ഷിക്കേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ രണ്ട് പ്രശ്നങ്ങളില്‍നിന്നും പ്രത്യക്ഷത്തില്‍ വ്യത്യസ്തമായ മറ്റൊരു പ്രശ്നംകൂടി പരിഗണിക്കാം. അത് കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയാണ്. ആഗോളീകരണത്തിന്റെ അനന്തരഫലങ്ങള്‍ റബര്‍, കാപ്പി, തേയില, ഏലം, കുരുമുളക് തുടങ്ങി സര്‍വ ഉല്‍പ്പന്നങ്ങളുടെയും വിലയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

ആഗോളവിപണിയിലെ ചോദനമായിരുന്നു ഈ ഉല്‍പ്പന്നങ്ങളുടെയെല്ലാം വില നിര്‍ണയിച്ചിരുന്നത്. 2008ല്‍ തുടങ്ങി ഇപ്പോഴും തുടരുന്ന ലോക സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതം തൊഴിലില്ലായ്മയുടെയും വേതനശോഷണത്തിന്റെയുമെല്ലാം രൂപത്തില്‍ വികസിത മുതലാളിത്തരാജ്യങ്ങളിലെ വിപണികളെ ഗ്രസിച്ചിരിക്കുന്നു. ഇതാണ് നമ്മുടെ കാര്‍ഷിക പ്രതിസന്ധിയെ രൂക്ഷമാക്കിയത്.
അപ്പോള്‍, നമ്മുടെ മുന്നിലുള്ള ചിത്രമിതാണ്: നമുക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി നമ്മള്‍ മറ്റു വിപണികളെ ആശ്രയിക്കുന്നു. നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നവയ്ക്കുവേണ്ടിയും, അത് മനുഷ്യവിഭവമോ കാര്‍ഷികവിഭവമോ എന്തുമാകട്ടെ, നമ്മള്‍ മറ്റ് വിപണികളെ ആശ്രയിക്കുന്നു. എന്നിട്ട് ഉപഭോക്തൃ സംസ്ഥാനമെന്ന ചെല്ലപ്പേരില്‍ നമ്മള്‍ അഭിരമിച്ചുകൊണ്ടേയിരിക്കുന്നു.

ഇവിടെയാണ് 2008ലെ ചൈനീസ്മാതൃക പ്രസക്തമാകുന്നത്. 2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നീര്‍ച്ചുഴിയിലേക്ക് ലോകം കൂപ്പുകുത്തിയപ്പോള്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ബില്യന്‍കണക്കിന് ഡോളറിന്റെ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചു. കുഴപ്പത്തില്‍ അകപ്പെട്ട കൂറ്റന്‍ കോര്‍പറേറ്റ് ഭീമന്മാരെ കരകയറ്റുന്നതിനായിരുന്നു ഉത്തേജകപദ്ധതികളത്രയും ചെലവഴിക്കപ്പെട്ടത്. ഇന്ത്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നും മറ്റുമുള്ള പേരുകളില്‍ പ്രഖ്യാപിക്കപ്പെട്ട ഉത്തേജകപദ്ധതികളെല്ലാം കോര്‍പറേറ്റുകള്‍ക്ക് കൈത്താങ്ങ് കൊടുക്കുന്നതിനുവേണ്ടിയായിരുന്നു. എന്നാല്‍ ചൈനയാകട്ടെ 500 ബില്യന്‍ ഡോളറിന്റെ ഉത്തേജകപദ്ധതി പ്രഖ്യാപിച്ചത് അവിടത്തെ ആഭ്യന്തരചോദനം മെച്ചപ്പെടുത്തുന്നതിനായിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വേതനം മെച്ചപ്പെടുത്തിയും ആഭ്യന്തര ക്രയശേഷി കൂട്ടുകയെന്നതായിരുന്നു അവര്‍ സ്വീകരിച്ച തന്ത്രം. 2008 വരെ ചൈനീസ് സമ്പദ്വ്യവസ്ഥ വളര്‍ന്നത് വിദേശവിപണിയെ കണക്കറ്റ് ആശ്രയിച്ചാണെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അവിടത്തെ ആഭ്യന്തരവിപണി ഉണര്‍ന്നുതുടങ്ങി. അതിന് അവരെ സഹായിച്ചത് മുന്‍പറഞ്ഞ 500 ബില്യന്‍ ഡോളറിന്റെ ഉത്തേജകപദ്ധതിയായിരുന്നു.

കേരളത്തിന് ചൈനയുടെ അനുഭവം വലിയൊരു സന്ദേശമാണ് നല്‍കുന്നത്. വിദേശത്തുനിന്ന് മടങ്ങിവരുന്ന തൊഴില്‍ നൈപുണ്യവും ശേഷിയുമുള്ള വലിയവിഭാഗം ജനതയെ നമ്മുടെ കാര്‍ഷിക, കാര്‍ഷികാനുബന്ധ മേഖലയിലേക്ക് വിന്യസിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് ആവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍കഴിയും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നമ്മള്‍ സംവരണംചെയ്തുവച്ചിരിക്കുന്ന ചെറുകിട തൊഴിലുകളിലും ഇത്തരമൊരു സമീപനം സാധ്യമാണ്. പക്ഷേ ഇത് സാക്ഷാല്‍കൃതമാകണമെങ്കില്‍ നമ്മുടെ ശീലങ്ങളിലും സമ്പ്രദായങ്ങളിലും മാത്രമല്ല മാറ്റമുണ്ടാകേണ്ടത്, ചില അടിസ്ഥാന ധാരണകളില്‍കൂടിയാണ്. ഉദാഹരണത്തിന്, റബര്‍കൃഷിയെക്കുറിച്ചുള്ള ധാരണകള്‍. കേരളത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് ഏറ്റവും വലിയ വിലങ്ങുതടി റബറാണെന്നതാണ് യാഥാര്‍ഥ്യം. അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ നമുക്കു വേണ്ട ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൃഷിചെയ്യാന്‍ ആവശ്യമായ ഭൂമി ഇവിടെത്തന്നെ ലഭ്യമാക്കാന്‍ കഴിയും. ഇത്തരത്തില്‍ നമ്മുടെ ധാരണകളെ അപനിര്‍മിക്കാന്‍ നാം തയ്യാറായാല്‍ കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം ഉണ്ടാകും.

 

Top