കലത്തില്‍ അല്ലെങ്കില്‍ കഞ്ഞിക്കലത്തില്‍ അത്രയേ ഉള്ളൂ ടൈംമാഗസിന്‍ മാന്‍ ഓഫ് ദ ഇയറിന്റെ കാര്യം. മോഡിക്ക് കിട്ടിയില്ല; ട്രംപിന് കിട്ടി. രണ്ടായാലും ഫലത്തില്‍ ഒന്നുതന്നെ. 'ഒന്നായ നിന്നെയിഹ' രണ്ടെന്നു കണ്ടളവില്‍ ആര്‍ക്കും ഇണ്ടലുണ്ടാകില്ല. കൂടുതല്‍ ജനങ്ങളുടെ വോട്ടു കിട്ടിയ ഹിലരി ക്ളിന്റനെ രണ്ടാംസ്ഥാനത്തേക്ക് തള്ളിമാറ്റിയാണ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്. ആ ഹിലരിയെയും മുന്നിലെത്തുമെന്നു കരുതിയ നരേന്ദ്ര മോഡിയെയും ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ഇയര്‍ മത്സരത്തിലും ട്രംപ് കയ്പുനീര് കുടിപ്പിച്ചു. അല്ലെങ്കിലും മോഡിക്ക് ഈ പരാജയം പുത്തരിയല്ല. രണ്ടുകൊല്ലം മുമ്പ് 2014ല്‍ ഇതേ ടൈം മാഗസിന് ലോകത്തെ സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. മുന്നിലെത്തിയത്, അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോഡി. വോട്ട്: 50,70,865. ടൈമിന് ചില സംശയങ്ങള്തോന്നി. ഒരുവട്ടംകൂടി പരിശോധിച്ചപ്പോള്‍ മോഡിക്ക് കിട്ടിയതില്‍ 49,06,293 വോട്ടും വ്യാജനായിരുന്നു. ആകെ യഥാര്‍ഥ വോട്ട് 1,64,572 മാത്രം.
ഇപ്പോള്‍ അന്തിമപട്ടികയില്‍ മോഡിയടക്കം പത്തുപേരാണ് എത്തിയത്. ലോകത്താകെ പൊതുവായും വാര്‍ത്താ തലക്കെട്ടുകളില്‍ വിശേഷിച്ചും കൂടുതല്‍ സ്വാധീനം ചെലുത്തിയവരെ കണ്ടെത്താനാണ് ടൈമിന്റെ മത്സരം. കഴിഞ്ഞകൊല്ലം കിട്ടിയത് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനാണ്. മോഡിയുടെ ആരാധകനാണ് ട്രംപ്. മോഡി പ്രധാനമന്ത്രിയായ ഉടനെ ട്രംപ് ഇന്ത്യയിലെത്തി മുംബൈയിലെ ആഡംബര കെട്ടിടസമുച്ചയമായ ട്രംപ് ടവര്‍ ഉദ്ഘാടനം ചെയ്യുകയും കച്ചവടത്തിന്റെ പുതിയ മേഖല തുറക്കുകയും ചെയ്തതാണ്. മറ്റാരും പറയാത്തത് മോഡിയെക്കുറിച്ച് ട്രംപ് പറഞ്ഞിട്ടുണ്ട് ഇന്ത്യയെ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ച നേതാവാണെന്ന്. താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ മോഡിയുമൊത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് വോട്ടുപിടിത്തകാലത്ത് ട്രംപ് പറഞ്ഞത്. ഇന്ത്യയും ഇന്ത്യക്കാരും ട്രംപ് ഭരണത്തില്‍ വൈറ്റ് ഹൌസിന്റെ യഥാര്‍ഥ മിത്രങ്ങളായിരിക്കുമെന്ന് ആണയിട്ടു പറഞ്ഞ അതേ ട്രംപാണ്, പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിനുമുമ്പുതന്നെ മോഡിയേക്കാള്‍ കേമന്‍ താനാണെന്ന് തെളിയിച്ചത്. വോട്ടു കണക്കുകളും മാനദണ്ഡങ്ങളുമൊക്കെ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടെന്ന് മോഡി ഉറപ്പാക്കിയോ എന്തോ. എന്തായാലും ഒരു ദുരന്തം ഒഴിവായതില്‍ ഇന്ത്യക്കാശ്വസിക്കാവുന്നതാണ്. ഇതിനുമുമ്പ് ടൈമിന്റെ ഇതേ പുരസ്കാരം കിട്ടിയ ഇന്ത്യക്കാരന് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്. 'മോഹന്‍ലാല്‍ ഗാന്ധിക്കു'ശേഷംതന്നെ തെരഞ്ഞെടുത്തതില്‍ മോഡി ആഹ്ളാദംപ്രകടിപ്പിക്കുന്നത് കണ്ടുനില്ക്കേണ്ടിവന്നില്ല ഇന്ത്യക്കാര്‍ക്ക്.
നല്ലതെന്നും മോശമെന്നുമില്ലാതെ വാര്‍ത്തയിലെ താരത്തിനെയാണ് ടൈം കണ്ടെത്തുന്നത്. ഇവിടെയും ഓണ്‍ലൈന്‍ പോളിലാണ് മോഡിക്ക് നേട്ടം. യഥാര്‍ഥത്തില്‍ ഓണ്‍ലൈന്‍ പോളില്‍ മുന്നില്‍ വേറെ ആളായിരുന്നു. മൈക്ക് ഫോളി. 50 ശതമാനം വോട്ടു കിട്ടിയ മൈക്കിനെ പ്രശസ്തിക്കുറവിന്റെ പേരില്‍ ടൈം തഴഞ്ഞപ്പോഴാണ് മോഡി 18 ശതമാനവുമായി മുന്നിലെത്തിയത്. മോഡിയുടെ സകല ടാസ്ക്ഫോഴ്സും കിണഞ്ഞുശ്രമിച്ചിട്ടും പക്ഷേ പിന്നെ മുന്നോട്ടു പോകാനായില്ല.
റിയല്‍എസ്റ്റേറ്റ് കച്ചവടത്തില്‍നിന്ന് പണത്തിന്റെയും വിചിത്ര സ്വഭാവത്തിന്റെയും ബലത്തില്‍ കയറിവന്ന് അമേരിക്കയുടെ അമരത്തെത്തിയ ആളാണ് ട്രംപ്. മോഡിയാകട്ടെ, സ്വന്തം പാര്‍ടിയിലെ സീനിയര്‍ നേതാക്കളെ തട്ടി ദൂരെ മാറ്റി അഭിനയമികവും പ്രസംഗപാടവവുംകൊണ്ട് പ്രധാനമന്ത്രിപദത്തിലെത്തിയ വ്യക്തിയാണ്. രണ്ടുപേരും വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ബഹുമിടുക്കര്‍. ഒരു വാര്‍ത്തയുമില്ലെങ്കില്‍ നോട്ട് പിന്‍വലിച്ച് താരമാകാമെന്നു കരുതി ചാടിപ്പുറപ്പെട്ട് നാണംകെട്ട് നാനാവിധമായിരിക്കുന്ന മോഡിക്ക് ഒരു പിടിവള്ളിയാകുമായിരുന്ന പുരസ്കാരമാണ് ട്രംപ് തട്ടിയെടുത്തത്. സൌഹൃദവും സ്നേഹവുമൊക്കെ വാക്കുകളിലേയുള്ളൂ, അവസരംവരുമ്പോള്‍ ട്രംപ് മോഡിജിയെ വകഞ്ഞുമാറ്റുമെന്ന് സംഘിമനസ്സുകള്ക്ക് വിലപിക്കാന്‍ വകയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശൂന്യതയില്‍നിന്ന് ലക്ഷോപലക്ഷം പിന്തുടര്ച്ചക്കാരെയും ഇഷ്ടക്കാരെയും സംഘടിപ്പിക്കുന്ന മഹാമാന്ത്രികനാണ് മോഡിയെന്ന് വീമ്പുപറഞ്ഞവര്ക്ക് കഷ്ടകാലമാണ്. ആളെ കൂലിക്കുവച്ചും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചും ഇന്ത്യയിലെ മാധ്യമങ്ങളെ ഞെട്ടിക്കുന്നതുപോലെ അമേരിക്കയില്‍ നടപ്പില്ല. അവിടെ വ്യാജനെ തിരിച്ചറിയാം. എല്ലാ സംഗതികളും അറിയുന്ന ആളെന്ന നിലയില്‍, ട്രംപിന് ഒരു ഗംഭീര അഭിനന്ദനം സമ്മാനിച്ച്, നോട്ട് നിരോധനത്തിന്റെ പേരില്‍ വരുന്ന തെറിയും ശാപവും കേള്‍ക്കാനായി ഇനിയും മോഡിക്ക് സമയം കണ്ടെത്താനാകും എന്നതാണ് ഏക ആശ്വാസം. മറിച്ചാണ് സംഭവിച്ചിരുന്നതെങ്കില്‍, കെ സുരേന്ദ്രന് കഴിച്ചത് ഉള്ളിതന്നെയാണെന്നു പറയാനുള്ള അവസരമായിക്കൂടി സംഘികള്‍ അതിനെ ഉപയോഗിച്ചേനേ. പേഴ്സണ്‍ ഓഫ് ദ ഇയറായിത്തന്നെയാകട്ടെ ട്രംപിന്റെ അടുത്ത ഇന്ത്യാ സന്ദര്‍ശനം. ട്രംപ് ടവറിന്റെ ബ്രാന്‍ഡ് അംബാസഡറായി ഐശ്വര്യറായിക്കു പകരം നരേന്ദ്ര ദാമോദര്‍ മോഡിയെ നിയമിക്കാനുള്ള സൌകര്യവും ഉണ്ടെന്നിരിക്കെ ഈ കച്ചവടത്തിലും ഇന്ത്യക്ക് ലാഭമാണെന്ന സംഘിഗാനം മുഴങ്ങുന്നതുകേട്ട് എടിഎം ക്യൂവില്‍ ആഹ്ളാദാരവങ്ങള്‍ ഉയരട്ടെ.