13 November Tuesday

വാളെടുത്തവന്‍ ട്രംപ്

വി കെ പ്രസാദ് Sunday May 28, 2017

മുഴുവന്‍ ലോകവും അമേരിക്കയെ ദ്രോഹിക്കുന്നുവെന്ന തുരുപ്പുചീട്ടിന്റെ ബലത്തില്‍ അധികാരമേറിയ ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ ലോകംചുറ്റാനിറങ്ങിയിരിക്കുകയാണ്. ആചാരം തെറ്റിക്കാതെ, എല്ലാ മുന്‍ഗാമികളെയുംപോലെ ട്രംപിന്റെ പ്രധാന ലക്ഷ്യസ്ഥാനം ഇസ്രയേലായിരുന്നു. അതാണല്ലോ എക്കാലത്തും അമേരിക്കയുടെ 'വാഗ്ദത്തഭൂമി'. ദോഷം പറയരുതല്ലോ, കൂട്ടത്തില്‍ പലസ്തീന്‍വരെയൊന്നു പോകാനും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇത്തിരി ഗീര്‍വാണം വിളമ്പാനും ട്രംപ് മറന്നില്ല. സൌദി അറേബ്യയിലെത്തിയ ട്രംപ് തന്റെ കടുത്ത ഇസ്ളാംവിരുദ്ധ നിലപാടൊക്കെ ചുരുട്ടിക്കെട്ടുന്നതാണ് ലോകം കണ്ടത്. ഒരുലക്ഷം കോടി ഡോളറിന്റെ ആയുധ ഇടപാടിന് കരാറാക്കിയശേഷമാണ് അദ്ദേഹം സൌദി അറേബ്യ വിട്ടത്. ഇറാനെതിരെ സൌദി അറേബ്യയുടെ നേതൃത്വത്തില്‍ ഒരു സഖ്യം രൂപപ്പെടുത്തിയെടുക്കുകയെന്ന അജന്‍ഡയും ഈ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു.

അങ്ങനെ 'ലോക പൊലീസി'ന്റെ സ്ഥിരംവേഷം വീണ്ടെടുത്തതിന്റെ ഖ്യാതിയുമായി നാറ്റോ ഉച്ചകോടിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിന്, പക്ഷേ, അവിടെ അടിതെറ്റി. നാറ്റോ അടക്കമുള്ള സഖ്യങ്ങളും ഫോറങ്ങളുമെല്ലാം പിരിച്ചുവിടണമെന്ന നിലപാടായിരുന്നു മത്സരകാലത്ത് ട്രംപിന്റേത്. എല്ലാ കരാറുകളും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ ബലികഴിക്കുന്നതാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ക്ക് രുചിച്ചിരുന്നുമില്ല. ഏതായാലും പ്രസിഡന്റായതോടെ നാറ്റോയെ സംബന്ധിച്ച നിലപാട് ട്രംപ് തിരുത്തി. മറ്റു കാര്യങ്ങളിലുമെന്നപോലെ നാറ്റോയെ ശക്തിപ്പെടുത്തണമെന്ന പുതിയ അഭിപ്രായവുമായാണ് ട്രംപ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസല്‍സില്‍ എത്തിയത്. എന്നാല്‍ 'അമേരിക്ക ഫസ്റ്റ്' എന്ന അഹന്ത കൈവിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നാറ്റോയുടെ പ്രതിരോധബജറ്റ് വര്‍ധിപ്പിക്കണമെന്നും അംഗരാജ്യങ്ങളുടെ വാര്‍ഷികവിഹിതത്തില്‍ കാര്യമായ വര്‍ധന വേണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ  വാദം യൂറോപ്യന്‍ അംഗങ്ങള്‍ നിഷ്കരുണം നിരാകരിച്ചു. അമേരിക്ക ഒഴികെയുള്ള അംഗരാജ്യങ്ങള്‍ നാറ്റോയ്ക്ക് കൊടുക്കേണ്ട വിഹിതം കൊടുക്കുന്നില്ലെന്ന ട്രംപിന്റെ വിമര്‍ശം യൂറോപ്യന്‍ രാജ്യങ്ങള്‍ ഗൌനിച്ചതേയില്ല. ചുരുക്കത്തില്‍, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമം പാടെ പരാജയപ്പെടുന്ന സ്ഥിതിയാണ് ബ്രസല്‍സില്‍ കാണാന്‍കഴിഞ്ഞത്. പാരീസ് കാലാവസ്ഥാ ഉടമ്പി അടക്കമുള്ള പ്രശ്നങ്ങളില്‍ ഈ അഭിപ്രായസംഘര്‍ഷം രൂക്ഷമായേക്കാനാണ് സാധ്യത.

ഇറ്റലിയിലെ സിസിലിയില്‍ ഇപ്പോള്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലെയും സ്ഥിതി ഭിന്നമാകാനിടയില്ല. ട്രംപിന്റെ സാമ്പത്തിക ദേശീയതാസിദ്ധാന്തം ഇതര മുതലാളിത്തരാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതായതുകൊണ്ടുതന്നെ ഉച്ചകോടി സംഘര്‍ഷഭരിതമാകാനാണ് സാധ്യത. നിലവിലുള്ള വ്യാപാര കരാറുകളിലെ വ്യവസ്ഥകള്‍ അമേരിക്കയ്ക്ക് ദോഷകരമാണെന്ന വാദം ഇതര അംഗങ്ങള്‍ അംഗീകരിക്കുന്നതേയില്ല. അമേരിക്കക്കാരുടെയും അമേരിക്കന്‍ സ്ഥാപനങ്ങളുടെയും വിദേശരാജ്യങ്ങളിലെ മുതല്‍മുടക്ക് കുറഞ്ഞതുകൊണ്ടാണ് അമേരിക്ക രൂക്ഷമായ വിദേശ വ്യാപാരക്കമ്മി നേരിടുന്നതെന്നാണ് അവരുടെ നിലപാട്. അതുകൊണ്ടുതന്നെ ആഭ്യന്തര മുതല്‍മുടക്ക് വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ കൂടുതല്‍ ഗുരുതരമായ വിദേശ വ്യാപാരക്കമ്മിയിലേക്കു നയിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നുവച്ചാല്‍ ട്രംപിന്റെ അമേരിക്ക ഫസ്റ്റ്നയം അമേരിക്കയെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്ന് അര്‍ഥം.

എന്താണിവിടെ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്? ഡോണാള്‍ഡ് ട്രംപ് എന്ന വ്യക്തിയുടെ ഭ്രാന്തന്‍ നയങ്ങളോടുള്ള എതിര്‍പ്പാണോ ഇതര വികസിത രാജ്യങ്ങളെ അകറ്റിനിര്‍ത്തുന്നത്. അമേരിക്ക മറ്റുള്ളവര്‍ക്കുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചുവെന്ന ട്രംപിന്റെ വാദത്തില്‍ കഴമ്പുണ്ടോ? ഇതൊന്നുമല്ല യഥാര്‍ഥ പ്രശ്നങ്ങളെന്നതാണ് വസ്തുത. അമേരിക്കയിലെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും കടുത്ത അസംതൃപ്തിയാണ് ട്രംപ് വോട്ടാക്കി മാറ്റിയത്. അവരുടെ അസംതൃപ്തിയുടെ പ്രഭവകേന്ദ്രം മുതലാളിത്തം വരുത്തിവച്ച ആഗോള പ്രതിസന്ധിയും തല്‍ഫലമായി അവര്‍ നേരിടുന്ന തൊഴിലില്ലായ്മയും വേതനശോഷണവുമാണ്.

ഇതിനെ മറികടക്കാന്‍ ട്രംപ് കാണുന്ന വഴി അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്. എന്നാല്‍ ഇതര മുതലാളിത്തരാജ്യങ്ങളിലെ ഇപ്പോള്‍തന്നെ ദുര്‍ബലമായ തൊഴില്‍വിപണിയെ തകര്‍ത്തുകൊണ്ടേ ട്രംപിന് ആ ഉദ്ദേശ്യം നടപ്പാക്കാന്‍ കഴിയൂ. സ്വാഭാവികമായും ആ നീക്കത്തോടു യോജിക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല. ഇത് കേവലം താല്‍പ്പര്യസംഘര്‍ഷങ്ങളുടെ പ്രശ്നമല്ല; മറിച്ച്, മുതലാളിത്തം നേരിടുന്ന അതിഗുരുതരമായ വിപണിപ്രതിസന്ധിയുടെ ഒരു ബാഹ്യലക്ഷണം മാത്രമാണ്. ആഗോള വാണിജ്യ ഇടപാടുകളുടെയും കാലാവസ്ഥയും അന്തരീക്ഷതാപനവും പോലെയുള്ള വിഷയങ്ങളുടെയും കാര്യത്തില്‍ ഈ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്ന കാലമാണ് ആസന്നമായിരിക്കുന്നത്. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്ക് തൊട്ടുമുമ്പത്തെ വര്‍ഷങ്ങളെ ഈ കാലം അനുസ്മരിപ്പിക്കുന്നുവെന്നത് ചരിത്രത്തിന്റെ ക്രൂരമായ ഫലിതമാകാം.

Top