28 May Monday

അസാധ്യമല്ല; പക്ഷേ ബാഴ്സ ഒന്നേയുള്ളു...

Thursday Mar 23, 2017
എ എന്‍ രവീന്ദ്രദാസ്

മുന്‍വിധിയുടെ തലോടലുമായി വരുന്നവര്‍ക്ക് തിരിച്ചടികിട്ടിയെന്നുവരാം. ആദ്യം ദുഃഖാചരണവും പിന്നെ പകരംവീട്ടുന്നതിനുള്ള അവസരവുമാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് എഫ്സി ബാഴ്സലോണയുടെ പരിശീലകന്‍ ലൂയിസ് എന്റിക്വെ പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു. കാരണം വിസ്മയാവഹവും വിഭ്രാത്മകവുമായ തിരിച്ചടിയുടെയും തിരിച്ചുവരവിന്റെയും അത്ഭുതകഥ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാംപാദത്തില്‍ ലൂയിസ് എന്റിക്വെയുടെ കുട്ടികള്‍ ചരിത്രത്തിനു സമ്മാനിക്കുന്നതാണല്ലോ 2017 മാര്‍ച്ച് എട്ടിന് ബാഴ്സലോണയിലെ നൌക്യാമ്പ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ലക്ഷത്തോളം കാണികളും ലോകവും കണ്ടത്.

ഒന്നാംപാദത്തില്‍ ഏകപക്ഷീയമായ നാലുഗോളിന് ഫ്രഞ്ച് ശക്തികളായ പിഎസ്ജി എന്ന പാരീസ് സെന്റ് ജര്‍മൈന് മത്സരം തീറെഴുതിക്കൊടുത്തശേഷം ആരുടെയും മനസ്സിന്റെ കോണില്‍പ്പോലും ഇല്ലാതിരുന്ന ഒരു മഹാ വിസ്ഫോടനത്തിലൂടെ രണ്ടാംപാദത്തില്‍ ഒന്നിനെതിരെ ആറു ഗോളിന് യക്ഷിക്കഥയുടെ നിഗൂഢസൌന്ദര്യവുമുള്ള വിജയം വെട്ടിപ്പിടിച്ച് ബാഴ്സ ചാമ്പ്യന്‍സ്ലീഗ് ക്വാര്‍ട്ടര്‍ഫൈനലിലേക്ക് ചീറിയടിച്ചതിന് ഫുട്ബോള്‍ചരിത്രത്തില്‍ സമാനതകളേറെയില്ലെന്നു പറയാം. പ്രവാചകന്‍മാരെല്ലാം പിഎസ്ജിക്കൊപ്പം ചേര്‍ത്തുവച്ച ഒരു മത്സരത്തിന്റെ വിധിയാകെ മാറ്റിക്കുറിക്കാന്‍ ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയും പന്തുതട്ടി, ചടുലവും നാടകീയവുമായ സന്നിവേശവും ആവിഷ്കാരവും സാധ്യമാക്കിയ ബാഴ്സയുടെ കളിക്കാര്‍ ഫുട്ബോള്‍പ്രേമികള്‍ക്ക് പകര്‍ന്നുനല്‍കിയത് കളിക്കളത്തിലെ വ്യക്തിപരമായ വൈശിഷ്ട്യത്തിന്റെയും സാമര്‍ഥ്യത്തിന്റെയും കൂട്ടായ്മയുടെയും രമണീയമായ ആനന്ദമാണ്.

എങ്ങനെ കളി ജയിക്കണമെന്ന് ഈ ടീമിന് നന്നായി അറിയാം. കാരണം ഞങ്ങള്‍ ഒട്ടേറെ പോരാട്ടങ്ങളുടെ അഗ്നിപരീക്ഷകളിലൂടെ കടഞ്ഞെടുത്ത കഴിവുകളുമായി വന്നവരാണ്. ഞങ്ങള്‍ തോല്‍ക്കുമ്പോഴാകട്ടെ, തോല്‍വികള്‍ എങ്ങനെ സംഭവിക്കാമെന്നും ഞങ്ങള്‍ കാട്ടിത്തന്നിട്ടുണ്ടെന്ന് എന്റിക്വെ പറയുമ്പോള്‍ ഒട്ടും വിയോജിക്കേണ്ടതില്ല. 2017 ഫെബ്രുവരി 14ന് പിഎസ്ജി എണ്ണം പറഞ്ഞ നാല് ഗോളിന് ബാഴ്സയെ മുക്കിയപ്പോള്‍ മഹാദുരന്തമെന്നാണ് മാധ്യമങ്ങളും നിരീക്ഷകരും അതിനെ വിലയിരുത്തിയത്. 20 നാള്‍ കഴിഞ്ഞ് ആ നാല് ഗോളിന്റെ മുന്‍തൂക്കവുമായി പിഎസ്ജി നൌക്യാമ്പിലേക്ക് എത്തുന്നു. പക്ഷേ ലൂയിസ് എന്റിക്വെയ്ക്ക് ഉറപ്പുണ്ടായിരുന്നു; ആറ് ഗോളടിച്ച് തന്റെ ടീം ക്വാര്‍ട്ടറില്‍ കടക്കുമെന്ന്.

എന്റിക്വെ ആരാധകര്‍ക്കു നല്‍കിയ ഉറപ്പ് വീണ്‍വാക്കായേ ആരും കണ്ടുള്ളു. എന്നാല്‍ തുടക്കത്തിലേ സുവാരസിന്റെ ഗോളും തുടര്‍ന്ന് പിഎസ്ജിയുടെ ലെയ്വിന്‍ കുര്‍സാവയുടെ ദാനവും മെസിയുടെ പെനല്‍റ്റി കിക്കും ബാഴ്സയെ 3-0 ലേക്ക് എത്തിച്ചതോടെ കാറ്റിന്റെ ഗതി എങ്ങോട്ടാണെന്ന് വ്യക്തമായിരുന്നു. പിന്നീട് എഡിസണ്‍ കവാനി ഫ്രഞ്ച് ക്ളബ്ബിന് ഒരുതരിവെട്ടം പകര്‍ന്നെങ്കിലും രണ്ടുമിനിറ്റിനുള്ളില്‍ നെയ്മര്‍ രണ്ടെണ്ണവും 95-ാം മിനിറ്റില്‍ സെര്‍ജിയോ റോബര്‍ട്ടോ വിജയഗോളും കുറിച്ചതോടെ വലിയ സ്വപ്നംകാണാന്‍ മാത്രമല്ല, അത് യാഥാര്‍ഥ്യമാക്കാനും കഴിയുന്ന അഭിജാത കളിസംഘമാണ് തങ്ങളെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ബാഴ്സ പ്രഖ്യാപിക്കുകയും ചെയ്തു.


ചാമ്പ്യന്‍സ്ലീഗില്‍ 62 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുപോലൊരു തിരിച്ചുവരവ് ആരും കണ്ടിട്ടില്ല. 1954ലെ ലോകകപ്പ് ഫൈനലില്‍ ആദ്യ 10 മിനിറ്റിനകം 2-0നു മുന്നിലെത്തിയ ഫ്രെങ്ക് പുഷ്കാസിന്റെ ഹംഗറിയുടെമേല്‍ ഒടുവില്‍ 3-2ന്റെ വിജയം നേടിയ ജര്‍മനിയും 1966ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 3-0ന്റെ ലീഡ് നേടിയ ഉത്തര കൊറിയക്കെതിരെ യൂസേബിയോയുടെ നാലെണ്ണമുള്‍പ്പെടെ 5-3ന് വിജയിച്ച പോര്‍ച്ചുഗലും 1999ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 1-0ന്റെ ലീഡുമായി  കിരീടം ഉറപ്പിച്ച് ഇഞ്ചുറി ടൈമിലേക്കു കടന്ന ബയേണ്‍ മ്യൂണിച്ചിനെ പകരക്കാരായ ടെറി ഷെറിങ്ഹാമും ഒലേ ഗുണാര്‍സോള്‍സ്ജെയ്റും കോര്‍ണര്‍കിക്കിലൂടെ നിറയൊഴിച്ച രണ്ടു ഗോളിന് മറികടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡും 2005ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇടവേളയ്ക്ക് 3-0ന് മുന്നിലെത്തിയ എസി മിലാനെതിരെ രണ്ടാം പകുതിയില്‍ ആറു മിനിറ്റിനകം മൂന്നു ഗോളടിച്ച് സമനില നേടുകയും ഷൂട്ടൌട്ട് നിര്‍ണയത്തില്‍ കരപറ്റുകയുംചെയ്ത ലിവര്‍പൂളും ഇതിനുമുമ്പ് മഹത്തായ തിരിച്ചുവരവുകളുടെ ഫുട്ബോള്‍ചരിത്രം രചിച്ച ടീമുകളാണ്.


തോല്‍വിയില്‍നിന്ന് പാഠംപഠിക്കാനും അതെങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് കാട്ടിത്തരാനും കഴിഞ്ഞിടത്താണ് ബാഴ്സലോണ മറ്റ് ടീമുകളില്‍നിന്ന് വ്യത്യസ്തമാകുന്നത്. പിഎസ്ജിയുടെ തട്ടകത്ത് എവിടെയൊക്കെ പിഴച്ചോ അതെല്ലാം തിരുത്തിയും ടീം ഫോര്‍മേഷനിലും അതിന്റെ വിന്യാസത്തിലും എതിരാളികളെ അമ്പരിപ്പിക്കാന്‍പോന്നവിധം തന്ത്രങ്ങള്‍ മെനഞ്ഞും കളത്തിലിറങ്ങിയ ബാഴ്സ മുന്നിലേക്കും പിന്നിലേക്കും കയറിയിറങ്ങി സര്‍വസ്വതന്ത്രനായി കളിക്കാന്‍ മെസിയെ നിയോഗിച്ചതാകട്ടെ വിജയത്തിന്റെ നിര്‍ണായക ഘടകവുമായി. നെയ്മറും റാക്റ്റിച്ചും ഇനിയേസ്റ്റയും ബുസ്കറ്റ്സും പിക്വെയും മഷറാഗനായും സുവാരസും റാഫിഞ്ഞയുമെല്ലാം അവരുടെ ചുമതലകള്‍ കൃത്യതയോടെ നിറവേറ്റുകയും ചെയ്തു. അതേസമയം ആക്രമണത്തിന്റെ മുഖം മറച്ചുപിടിച്ച് പ്രതിരോധത്തിന്റെ മാളത്തിലൊളിച്ച പിഎസ്ജിയാകട്ടെ ഒരു ടീം എങ്ങനെ തകര്‍ന്നടിയാമെന്നതിന്റെ ഉത്തമദൃഷ്ടാന്തമായി പരിണമിക്കുകയായിരുന്നു. ഈ കളിക്കളത്തിനുമേല്‍ അദൃശ്യമായ വിധിയുടെ ഒരു മേല്‍പ്പുരയുണ്ടോ. ഏതായാലും അത്തരമൊരു അനുഭവമാണല്ലോ ബാഴ്സ-പിഎസ്ജി പോരാട്ടം തരുന്നത്. വിധി എന്നാകാം നാം അതിനെ വിവക്ഷിക്കുന്നത്. അതെന്തുമാകട്ടെ രചനാത്മകതയിലും ആസൂത്രണത്തിലും ആവിഷ്കാരത്തിലും ബാഴ്സയുടെ പ്രകടനത്തിന് സമാനതകളില്ല. അതേ, ബാഴ്സ ഒന്നേയുള്ളു...

Top