19 October Friday

ആന്റണിയുടെ ആകാശമുഷ്ടിഹനനം

Monday Nov 6, 2017
ശതമന്യു

മുഷ്ടിചുരുട്ടി ആകാശത്തേക്ക് ഇടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. ആകാശമുഷ്ടിഹനനം എന്ന ന്യായത്തിന് നിഷ്ഫലമായി കര്‍മംചെയ്യുക എന്ന അര്‍ഥമേയുള്ളൂ. എ കെ ആന്റണി ചെയ്യുന്നത് അതുതന്നെ. നൂറുവര്‍ഷം കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരാതെപോകട്ടെ എന്ന് ശപിച്ച ആളാണ് അറക്കപറമ്പില്‍ കുര്യന്‍ ആന്റണി. ശാപത്തിന് അഞ്ച് വയസ്സ് തികയുംമുമ്പ് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. ഇന്ദിര ഗാന്ധിയോടൊപ്പം അത്താഴംകഴിച്ച് സെന്‍സര്‍ഷിപ്പിന്റെ കാര്യക്കാരനായി അടിയന്തരാവസ്ഥ കൊണ്ടാടിയതും വെളുക്കുംമുമ്പ് ഇന്ദിരയെ തള്ളിപ്പറഞ്ഞതും ആന്റണിതന്നെ. ഇന്ദിരയുടെ ഏകാധിപത്യം സഹിക്കാതെ അധികാരത്തിന്റെ ശീതളച്ഛായതേടി സിപിഐ എമ്മിന്റെ കൊടിയോടൊപ്പം സ്വന്തം കൊടി കൂട്ടിക്കെട്ടിയതും ആന്റണി. രണ്ട് കൊല്ലം കമ്യൂണിസ്റ്റ് സഹവാസത്തില്‍ ഭരണം നുണഞ്ഞ് പാതിവഴിയില്‍ മറുകണ്ടംചാടി അട്ടിമറിപ്പണിക്ക് നേതൃത്വംനല്‍കിയതും ആന്റണി.


ഇന്ത്യയില്‍ കൂടുതല്‍കാലം പ്രതിരോധവകുപ്പ് കൈകാര്യംചെയ്തത് ആന്റണി. രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് പ്രതിരോധവകുപ്പില്‍. 32-ാം വയസ്സില്‍ പ്രായംകുറഞ്ഞ കെപിസിസി അധ്യക്ഷനായതും കൂടുതല്‍കാലം ആ പദവിയില്‍ ഇരുന്നതും ആന്റണി. ഇന്ന് കെപിസിസിക്ക് സ്ഥിരം അധ്യക്ഷന്‍പോലും ഇല്ലാത്ത സ്ഥിതിയായി. കെഎസ്യുവിന്റെ സ്ഥാപകനേതാവാണ്. കെഎസ്യുവിനെ ഇന്ന് കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകണം. 37-ാം വയസ്സില്‍ കേരളത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായതിന്റെ റെക്കോഡും ആന്റണിക്കാണ്. ഇന്ന് കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു മുഖ്യമന്ത്രിയെ നല്‍കാനുള്ള ശേഷിയും ഇല്ല. കോണ്‍ഗ്രസിന്റെ അച്ചടക്കസമിതിയംഗമാണ് ആന്റണി. കോണ്‍ഗ്രസില്‍ അച്ചടക്കം കണികാണാന്‍ പ്രയാസം. ഇങ്ങനെ തൊടുന്നതെല്ലാം പൊന്നാക്കിയ പാരമ്പര്യമാണ് ആന്റണിക്ക്. ആ പലിശയിലാണ് ജീവിതം. ഒഴിവുകിട്ടുമ്പോള്‍ കേരളത്തില്‍വന്ന് മുഷ്ടിചുരുട്ടി ആകാശത്തേക്ക് ഇടിക്കുന്നത് ഒരര്‍ഥത്തില്‍ വ്യായാമത്തിന്റെ ഗുണംചെയ്യും.


ഉമ്മന്‍ചാണ്ടി ഒരുകാലത്ത് ആന്റണിയുടെ വലംകൈയായിരുന്നു. ഇടക്കാലത്ത് എ ഗ്രൂപ്പിന് പകരം ഉ ഗ്രൂപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹംവന്നു. ആന്റണിയെ ഡല്‍ഹിക്കയച്ച് മുഖ്യമന്ത്രിപദത്തില്‍ ഉമ്മന്‍ചാണ്ടി കയറിയിരുന്നു. അന്നുമുതല്‍ പരസ്പരം സുഖത്തിലല്ലെങ്കിലും പഴയ ശിഷ്യന് ആപത്ത് വരുമ്പോള്‍ സഹായഹസ്തം നീട്ടാന്‍ ഗുരു മടിക്കുന്നില്ല. സോളാര്‍ചൂടില്‍ പൊള്ളി അവശനിലയിലാണ് ശിഷ്യന്‍. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമ്പോള്‍ പാപംചെയ്യാത്ത ആരുണ്ടാകും ഖദറിനുള്ളില്‍ എന്ന ചോദ്യമാണ് അവശേഷിക്കുക. ആന്റണിക്കും കുണ്ഠിതമുണ്ട്; ആശങ്കയുമുണ്ട്. വിഷയം വഴിമാറ്റാന്‍ തന്നാലാകുന്നത് ചെയ്യണമെന്ന വാശിയിലാണ് ദേശീയനേതാവ്. റിപ്പോര്‍ട്ട് വന്നയുടനെ പ്രതികരണം, "പിണറായി വിജയന്‍ നാലംകിട രാഷ്ട്രീയക്കളി നടത്തുന്നു'' എന്നായിരുന്നു. ഉമ്മന്‍ചാണ്ടിവച്ച കമീഷന്‍, ഉമ്മന്‍ചാണ്ടി നടത്തിയ അഴിമതി, ഉമ്മന്‍ചാണ്ടി വിശ്വാസം അര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ അവശ്യംവേണ്ട നടപടി പ്രഖ്യാപിച്ച പിണറായി കുറ്റക്കാരന്‍. പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് ആന്റണിക്കറിയാം. എന്നാലും മുഷ്ടികൊണ്ട് ആകാശത്തേക്ക് ഒരു ഇടി.


പൊടിച്ചത് തന്നെ വീണ്ടും പൊടിക്കുന്ന ഏര്‍പ്പാടിന് പിഷ്ടപേഷണം എന്നാണ് പറയുക. ചെന്നിത്തലയ്ക്ക് അത് പരിചിത പരിപാടിയാണ്. കോണ്‍ഗ്രസ് കെണിയില്‍പെടുമ്പോഴും നഗ്നമാകുമ്പോഴും ചെന്നിത്തല സിപിഐ എമ്മിനെതിരെ എന്തെങ്കിലും പറയും. ആരും വിശ്വസിക്കണമെന്നോ വിശ്വാസയോഗ്യമായ എന്തെങ്കിലുമാകണമെന്നോ നിര്‍ബന്ധമില്ല. ഹരിപ്പാട്ട് ആര്‍എസ്എസിന്റെ ഓശാരത്തില്‍ ജയിക്കുന്ന ചെന്നിത്തലയ്ക്ക് നാട്ടിലാകെ സംഘിബന്ധമുണ്ട്. ഒരിക്കലും ആര്‍എസ്എസിനെ നോക്കുകൊണ്ടോ നാക്കുകൊണ്ടോ നോവിക്കാതെ ശ്രദ്ധിച്ച പാരമ്പര്യമുണ്ട്. ആ ചെന്നിത്തല പെട്ടെന്ന് പറഞ്ഞുകളയും ആര്‍എസ്എസും സിപിഐ എമ്മും ഒന്നാണെന്ന്. അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അത്തരമൊരു ശൈലി പ്രകടമായി ആന്റണിക്ക് ഇല്ലായിരുന്നു. ഇടയ്ക്ക് കേരളത്തില്‍ പ്രത്യക്ഷപ്പെട്ട് പഴയകാല അധികാരസ്ഥാനങ്ങളുടെയും റിട്ടയേഡ് ആദര്‍ശത്തിന്റെയും തണലില്‍ നിന്ന് വല്ലതുമൊക്കെ പറയും. വന്നതുപോലെ തിരിച്ചുപോകും. ഇടക്കാലത്ത് അത്രയേ സംഭാവന  ഉണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും സ്വന്തം പാര്‍ടിയിലെ കുഴപ്പങ്ങളും വിളിച്ചുപറഞ്ഞിരുന്നു. അതാകട്ടെ "മുടിഞ്ഞുപോകട്ടെ'' എന്ന സുധീരന്‍ശൈലിയിലല്ല. രാത്രി ആര്‍എസ്എസും പകല്‍ കോണ്‍ഗ്രസുമാകുന്ന നേതാക്കളെ പാര്‍ടിക്ക് ആവശ്യമില്ല എന്നാണ് ഈയിടെ ആന്റണി പറഞ്ഞ കഴമ്പുള്ള ഒരു കാര്യം. പാര്‍ടി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന സത്യം ഓര്‍മിപ്പിച്ച് കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോകുകയാണെന്നും ആന്റണി പറഞ്ഞു.  ആര്‍എസ്എസ് കോണ്‍ഗ്രസില്‍ നിന്ന് ആരെയും കൊണ്ടുപോകുന്നില്ല എന്ന മറുപടിയാണ് അന്ന് ചെന്നിത്തല നല്‍കിയത്. ചെന്നിത്തലയ്ക്ക് അങ്ങനെ എന്തും പറയാം. ആന്റണിയും ആ നിലവാരത്തിലേക്ക് താഴുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഗതി അധോഗതിയാകുന്നത്.


ആ അധോഗതി ആന്റണിയുടെ വാക്കുകളില്‍ തെളിയുന്നതിലാണ് കൌതുകം. കേരളത്തില്‍ സിപിഐ എമ്മും  പിണറായി വിജയനും ബിജെപിക്കെതിരെ എടുക്കുന്ന നടപടികള്‍ അപഹാസ്യവും നാടകവുമാണ്, സംഘപരിവാറിനോട് സിപിഐ എമ്മിന് മൃദുസമീപനമാണ് എന്നാണ് ആന്റണിയുടെ ഒടുവിലത്തെ കണ്ടെത്തല്‍. ആ പരിധിയും കടന്ന്, സിപിഐ എമ്മിലെ ഏതാനും പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ മോഡിയുടെ സംരക്ഷകരാണ്, അതുകൊണ്ടാണ് കോണ്‍ഗ്രസിനോടൊപ്പം ചേരാത്തത് എന്നും ആന്റണി പറഞ്ഞുകളഞ്ഞു. റിട്ടയര്‍മെന്റ് വൈകുന്നതുകൊണ്ടോ അലസകാലത്തെ അനന്തചിന്തകള്‍കൊണ്ടോ അധരവ്യായാമ താല്‍പ്പര്യംമൂലമോ പിറന്ന ആരോപണമാകാം. എന്തായാലും, മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സഹായം വേണമെന്ന് ആന്റണിക്ക് നിര്‍ബന്ധമാണ്. അതായത,് അഴിമതിയില്‍മുങ്ങി നാട്ടുകാര്‍ വെറുത്ത് ചവിട്ടി പുറത്താക്കിയ കോണ്‍ഗ്രസിനെ അതേനിലയില്‍ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ സിപിഐ എമ്മിന്റെ സഹായം വേണമെന്ന്. നന്നാകാന്‍ ഉദ്ദേശ്യമില്ല; നയം മാറ്റാന്‍ താല്‍പ്പര്യമില്ല; പറ്റുന്നിടത്ത് വര്‍ഗീയത കുത്തിച്ചെലുത്തും; നനഞ്ഞിടം കുഴിക്കും- എന്നിട്ടും സഹായിക്കണേ എന്ന മുറവിളി.

-
യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയെ അട്ടിമറിക്കാന്‍ കുബുദ്ധികള്‍ നടത്തുന്ന സമരാഭാസം ഏറ്റെടുക്കുമെന്ന് സുധീരനും ചെന്നിത്തലയും പറയുന്നത് കേള്‍ക്കുമ്പോള്‍ ആന്റണിക്ക് നാണംവരുന്നില്ല. സംസ്ഥാനത്ത് ആര്‍എസ്എസിന്റെ ബി ടീമായി കോണ്‍ഗ്രസ് കളിക്കുമ്പോള്‍ റഫറിയായി നില്‍ക്കുകയാണ് ആന്റണി. കോ-ലി-ബി സഖ്യകാലത്ത് ആന്റണിയായിരുന്നു അതിന്റെ മുഖ്യകാര്‍മികന്‍. കേരളത്തിലെ കോണ്‍ഗ്രസ് സോളാറിന്റെ തുള്ളല്‍പ്പനിയിലാണ്. ഉമ്മന്‍ചാണ്ടിയുടെ നാണംകെട്ട ഭരണം നടക്കുമ്പോഴും സ്വന്തം പാര്‍ടിയും മുന്നണിയും നാണക്കേടില്‍ ആറാടുമ്പോഴും ഇടപെട്ടുകളയാമെന്ന് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗത്തിന് തോന്നിയിട്ടില്ല. കളങ്കിതര്‍ മാറിനില്‍ക്കട്ടെ എന്ന് സുധീരന്‍ വാശിപിടിച്ചപ്പോള്‍ അത് ശരിയെന്നോ തെറ്റെന്നോ പറയാനുള്ള ആദര്‍ശവും ആര്‍ജവവും ആന്റണിക്കുണ്ടായില്ല.  രാജ്യത്താകെ കോണ്‍ഗ്രസിനെ ബാധിച്ച രോഗത്തിന്റെ സാമ്പിള്‍ മാത്രമാണ് കേരളത്തിലേത്.  മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ കാവിക്കൊട്ടകയിലേക്ക് ടിക്കറ്റ് കിട്ടാന്‍ ക്യൂ നില്‍ക്കുന്നു.  സോണിയയെയും മകനെയും നയിക്കാനുള്ള പദവിയും മൂപ്പും ആന്റണിക്കുണ്ട്. പക്ഷേ ഒരിടത്തും അത് പ്രയോഗിച്ചുകാണുന്നില്ല. സ്വന്തം പാര്‍ടിയെ ഉപദേശിക്കാനോ നന്നാക്കാനോ നേര്‍വഴിനടത്താനോ പ്രാപ്തിയില്ലാതെ സകലപരാജയങ്ങളും കണ്ടുനിന്ന ആന്റണിയാണ് സിപിഐ എമ്മിന്റെ 'ആര്‍എസ്എസ് സ്നേഹ'ത്തെപ്പറ്റി ഉപന്യസിക്കാന്‍ തുനിഞ്ഞിറങ്ങുന്നത്.


'നാടക'ത്തില്‍ സംഭവിച്ചത് എന്താണ് എന്ന് ആന്റണിക്ക് അറിയുമോ? കഴിഞ്ഞകാലത്ത് ആര്‍എസ്എസ് കൊന്നുതള്ളിയ സിപിഐ എം പ്രവര്‍ത്തകരുടെ എണ്ണം 211.  ആര്‍എസ്എസ് സംഘടിപ്പിച്ച തലശേരി വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെട്ട ഒരേയൊരാള്‍ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണകവചം തീര്‍ത്ത സിപിഐ എം പ്രവര്‍ത്തകന്‍ യു കെ കുഞ്ഞിരാമന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ആര്‍എസ്എസ്  പറഞ്ഞ വില ഒരു കോടി. സിപിഐ എം ആസ്ഥാനത്തേക്ക് ഇരച്ചുകയറി ആക്രമണം നടത്താന്‍ ശ്രമിച്ചത് പലവട്ടം. സിപിഐ എം കൊച്ച്ു പാര്‍ടിയാണ്. ഏതാനും സംസ്ഥാനങ്ങളിലേ പറയത്തക്ക സ്വാധീനമുള്ളൂ. എന്നിട്ടും ആര്‍എസ്എസിന് കടുത്ത വിരോധം സിപിഐ എമ്മിനോടാണ്. എന്തേ അങ്ങനെ? ആന്റണിയാണ് ഉത്തരം പറയേണ്ടത്. സംഘപരിവാറിന്റെ വര്‍ഗീയതയ്ക്കും വളര്‍ച്ചയ്ക്കും കോണ്‍ഗ്രസിന്റെ നയം എത്രയെല്ലാം സംഭാവനചെയ്തു എന്ന ഉപന്യാസം രചിച്ചിട്ടുപോരേ സഹായഭിക്ഷയ്ക്കുള്ള യാചന. കോണ്‍ഗ്രസിനെ ഉപ്പുവച്ച കലം പോലെയാക്കിയതിന് ആന്റണിയും ഉത്തരവാദിയാണ്. സ്വന്തം തെറ്റിന് ന്യായം പറയുകയും പ്രമാണം ഉദ്ധരിക്കുകയുംചെയ്യുന്നത് മുതിര്‍ന്ന നേതാവിന് ഭൂഷണമല്ല. സോളര്‍ ദുരന്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് മുക്തി നേടിക്കൊടുക്കാന്‍ വേറൊരു വഴിയും കാണാത്ത ആന്റണിയുടെ ദുരിതമാണ് ഉമ്മന്‍ചാണ്ടിയുടേതിനേക്കാള്‍ കഠിനം. സോളാര്‍ ചൂടില്‍ ബെന്നി ബെഹനാനുപോലുമില്ലാത്ത വിറയല്‍ ആന്റണിക്കുതന്നെ.  ചെന്നിത്തലയുടെ പടയൊരുക്കത്തേക്കാള്‍ കടുപ്പമുണ്ട് ആ പനിക്ക്

Top