18 December Tuesday

ഉലകനായകൻ വീണ്ടും ‘വിശ്വരൂപം’ കാട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

2013ൽ പുറത്തിറങ്ങിയ ആദ്യപതിപ്പിന്റെ വിജയകരമായ പ്രദർശനത്തിനുശേഷം ഉലകനായകൻ കമൽഹാസൻ വിശ്വരൂപം രണ്ടുമായി വരുന്നു. കമൽതന്നെ എഴുതി സംവിധാനം ചെയ്യുന്ന വിശ്വരൂപം 2ന്റെ റിലീസ‌് ആഗസ‌്ത‌് പത്തിനാണ‌് പ്രതീക്ഷിക്കുന്നത‌്.

ആദ്യ ട്രെയിലർ മകൾ ശ്രുതി ഹാസൻ പുറത്തിറക്കി. തെലുങ്ക‌് പതിപ്പിന്റെ ട്രെയിലർ ജൂനിയർ എൻ ടി ആറും ഹിന്ദി ആമിർഖാനുമാണ‌് പുറത്തിറക്കുന്നത‌്. ട്വിറ്ററിൽ കമൽതന്നെ ട്രെയിലർ വിശേഷങ്ങൾ പങ്കിട്ടു. തമിഴ‌്, തെലുങ്ക‌് പതിപ്പ‌് കമൽഹാസന്റെ നിർമാണക്കമ്പനിതന്നെയാണ‌് നിർമിക്കുന്നത‌്. ഹിന്ദി, രോഹിത‌് ഷെട്ടിയും റിലയൻസും ചേർന്ന‌് പുറത്തിറക്കും. ശേഖർ കപൂർ വഹീദാ റഹ‌്മാൻ, രാഹുൽ ബോസ‌്, പൂജാകുമാർ, ആൻഡ്രിയ ജെർമിയ, നാസർ തുടങ്ങി ആദ്യപതിപ്പിലെ മിക്കവരും രണ്ടാം എഡിഷനിലുമുണ്ട‌്.

റിലീസാകുന്നതിനുമുമ്പുതന്നെ വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ ആദ്യപതിപ്പിനേക്കാളും ചൂടൻ വിഷയങ്ങൾ 2ൽ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ‌് ആരാധകർ കരുതുന്നത‌്. കമൽ രാഷ്ട്രീയത്തിൽ സജീവമായതിനുശേഷമുള്ള സിനിമയായതിനാൽ, പഞ്ച‌് ഡയലോഗും കുറിക്കുകൊള്ളുന്ന വിമർശനങ്ങളും താരലോകം പ്രതീക്ഷിക്കുന്നുണ്ട‌്.

രാഷ്ട്രീയ പ്രഖ്യാപനത്തിനുശേഷം ഇറങ്ങിയ രജനിയുടെ കാല, പ്രതീക്ഷിച്ചപോലെതന്നെ വലിയ നിരൂപകശ്രദ്ധ നേടിയിട്ടുണ്ട‌്. അധികാരികൾക്കെതിരായ കറുത്തവരുടെ മുന്നേറ്റമാണ‌് കാലയിൽ രജനി പറഞ്ഞുവയ‌്ക്കുന്നത‌്.
റോ ഏജന്റായാണ‌് കമൽ സിനിമയിൽ എത്തുന്നത‌്. എന്തെല്ലാം രഹസ്യങ്ങൾ സിനിമയിലൂടെ വെളിപ്പെടുത്തുമെന്ന‌് കാത്തിരുന്ന‌് കാണാം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top