25 September Tuesday

വിശ്വരൂപവുമായി കമൽ ഫെയ്സ്ബുക്കിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

 രാഷ്ട്രീയപ്രവേശനത്തിനുശേഷമുള്ള ആദ്യസിനിമയുടെ പ്രചാരണത്തിനായി ഉലകനായകൻ കമൽഹാസൻ ഫെയ്സ്ബുക്ക് ലൈവിൽ. ആരാധകർ ഏറെ കാത്തിരുന്ന കമൽച്ചിത്രം വിശ്വരൂപത്തിന്റെ രണ്ടാംഭാഗം ഈമാസം പത്തിന് റിലീസ് ചെയ്യും. ഏറെ കോളിളക്കമുണ്ടാക്കിയ ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്ത് നാലുവർഷത്തിനുശേഷമാണ് രണ്ടാംഭാഗം എത്തുന്നത്.

ചാരപ്രവർത്തനവും മതഭീകരതയും പ്രമേയമാകുന്ന ആക‌്ഷൻ ത്രില്ലർ ചിത്രത്തിലെ രാഷ്ട്രീയപരമാർശങ്ങൾ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. അൽ ഖായ്ദയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യൻ ചാരസംഘാംഗമായ വസിം അഹമ്മദ് കശ്മീരി എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിക്കുന്നത്. ആദ്യഭാഗത്തേക്കാൾ ഉദ്വേഗഭരിതവും തീവ്രവുമായിരിക്കും രണ്ടാംഭാഗമെന്ന് കമൽ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. ചലച്ചിത്ര ആസ്വാദകനെന്ന നിലയിൽ ചാരക്കഥകൾ കാണാൻ എനിക്ക് ഇഷ്ടമാണ്. ആ ഇഷ്ടമാണ് ഈ സിനിമയുണ്ടാകാനുള്ള കാരണം. ഇതിൽ കാണിച്ച പലകാര്യങ്ങളും സംഭവിച്ചവയാണ്‐കമൽ പറഞ്ഞു. സിനിമയിലെ ആക‌്ഷൻ രംഗങ്ങളെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങൾക്കും താരം മറുപടി നൽകി.

പണ്ഡിറ്റ് ബിർജു മഹാരാജിന്റെ ശിക്ഷണത്തിൽ സിനിമയിൽ കഥക് അവതരിപ്പിക്കാനായത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ആദ്യഭാഗത്തിലെ നൃത്തസംവിധാനത്തിന് ബിർജു മഹാരാജിന് ദേശീയപുരസ്കാരം ലഭിച്ചിരുന്നു. ആദ്യഭാഗത്തിൽ ഇല്ലാതിരുന്ന ബോളിവുഡ് താരം വാഹിദ റഹ്മാൻ വിശ്വരൂപം‐രണ്ടിൽ അഭിനയിക്കുന്നു. രാഹുൽബോസ്, പൂജകുമാർ, ആൻഡ്രിയ ജെറെമിയ, ശേഖർ കപൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രമുഖ എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റർ. സനു വർഗീസ്, ശ്യാംദത്ത് സൈനുദീൻ എന്നിവരാണ് ഛായാഗ്രഹണം. സിനിമയുടെ ആദ്യഭാഗത്തിന്റെ പ്രധാന പശ്ചാത്തലം അമേരിക്കയായിരുന്നെങ്കിൽ രണ്ടാംഭാഗം പൂർണമായി ഇന്ത്യയിലാണ് നടക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top