16 November Friday

ആറുച്ചാമിയുടെ മകന്‍ വരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

വിക്രമിന്റെ തട്ടുപൊളിപ്പൻ പൊലീസ് വേഷംകൊണ്ട് തെന്നിന്ത്യയിൽ പണംവാരിയ സാമിയുടെ രണ്ടാം ഭാ​ഗം അണിയറയിൽ തയ്യാറായി. മസാല അക്ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട  സംവിധായകൻ ഹരി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ പക്ഷെ വിക്രം ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഹരി ഒരുക്കിയ സിങ്കം ഒന്ന്, രണ്ട്, മൂന്ന് ശ്രേണിയുടെ അതേ പാതയിലാണ് രണ്ടാം സാമിയും പോകുന്നതെന്നാണ് വിമർശകരുടെ നിലപാട്.

അഴിമതിക്ക് എതിരെ പോരാടുന്ന ആറുച്ചാമിയെന്ന പൊലീസ് ഓഫീസറായി വിക്രം എത്തിയ സാമി (2003) തെലുങ്ക് ,കന്ന‍ഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. തൃഷ  നായികയായ ചിത്രത്തിനുവേണ്ടി ഹാരിസ് ജയരാജ് ഒരുക്കിയ ​ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  സാമി സ്ക്വയർ എന്ന് പേരിട്ട രണ്ടാം ചിത്രം ആറുച്ചാമിയുടെ മകൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറയുന്നു.  മലയാളി താരം കീർത്തി സുരേഷ് ആദ്യമായി വിക്രമിന്റെ നായികയാകുന്നു.  വിക്രം ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ ബോബി സിൻഹയാണ് പ്രധാന വില്ലൻ. സിനിമയുടെ നിർണായകഭാ​ഗം തിരുവനന്തപുരത്തും ചിത്രീകരിച്ചു. സംവിധായകൻ ഹരി തന്നെ തിരക്കഥ ഒരുക്കിയ ചിത്രം ഈമാസം പകുതിയോടെ റിലീസ് ചെയ്യും.

ഏറ്റവും  ഒടുവിൽ പുറത്തിറങ്ങിയ വിക്രം ചിത്രം സ്കെച്ച് കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ​ഗൗതംവാസുദേവ് മേനോനും വിക്രമും ആദ്യമായി ഒന്നിക്കുന്ന ധ്രുവനച്ചത്തിരം ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുകയാണ്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top