21 November Wednesday

വിജയ് ചിത്രം 'സര്‍ക്കാറി'ലെ ആദ്യ ഗാനചിത്രീകരണം ലാസ് വെഗസില്‍; ഒരുങ്ങുന്നത് പൊളിറ്റിക്കല്‍ ത്രില്ലര്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

ചെന്നൈ > കത്തിക്കും തുപ്പാക്കിക്കും ശേഷം എ ആര്‍ മുരുഹദോസും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍  'സര്‍ക്കാറി'നെ ഏറെ പ്രതീക്ഷയോടെയാണ്  ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിജയിയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചിരുന്നത്.

അതിനു പിന്നാലെയാണ്  ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. വിജയിയുടെ ഇന്‍ട്രോഗാനം ചിത്രീകരിക്കുന്നത് അമേരിക്കയിലെ ലാസ് വെഗസില്‍ നിന്നുമാണ്. ലോകത്തിലെ വിനോദ തലസ്ഥാനം എന്ന് അറിയപ്പെടുന്ന സ്ഥലമായ ലാസ് വെഗസില്‍ ചിത്രീകരിക്കുന്ന ഗാനരംഗം സാധാരണ വിജയ് ചിത്രങ്ങളെ പോലെ ഡാന്‍സ് നമ്പര്‍ ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലന്‍ റോളിലുള്ള രാഷ്ട്രീയ നേതാവായി രാധാ രവി വേഷമിടും. കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാര്‍.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന്റെ ക്യാമറ ചലിപ്പിക്കുന്നത്.സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ എ ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top