21 July Saturday

'കാഴ്‌ചയില്ലാത്ത ഒരാളുടെ ജീവിതത്തില്‍ വെളിച്ചം നല്‍കാന്‍ പറ്റുന്ന അവസരം'; നേത്രദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ച് ഉണ്ണിമുകുന്ദന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017

കൊച്ചി > ജീവിതത്തില്‍ നിറഞ്ഞ കയ്യടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മസില്‍ നായകന്‍ ഉണ്ണി മുകുന്ദന്‍. കാരണം മറ്റൊന്നുമല്ല തന്റെ രണ്ടു കണ്ണുകളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ താരം ഒപ്പു വെച്ചു. ഉണ്ണിയോടൊപ്പം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചാണക്യതന്ത്രം ടീമിന്റെ അണിയറപ്രവര്‍ത്തകര്‍  ഉള്‍പ്പെടെ  അമ്പതോളം പേരാണ് ഈ ഉദ്യമത്തില്‍ പങ്കാളികളായത്. മലയാള സിനിമയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം. 

'സിനിമാ താരങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാനും അറിയാനും അത് ചെയ്യുന്നതുമായ ഒരുപാട് പേരുണ്ട്. അവരെല്ലാം ഇത്തരത്തിലുള്ള നല്ല കാര്യങ്ങള്‍ കൂടി ചെയ്യുമെന്ന പ്രതീക്ഷയിലാണ് താനീ നേത്രദാനം ചെയ്യുന്നതെന്നും കാഴ്ചയില്ലാത്ത ഒരാളുടെ ജീവിതത്തില്‍ നമുക്ക് വെളിച്ചം നല്‍കാന്‍ പറ്റുന്ന ഒരു അവസരമായിട്ടാണ് അതിനെ കാണുന്നത്, മരണശേഷം നേത്രം മാത്രമല്ല അവയവങ്ങളും മറ്റൊരാള്‍ക്ക് ജീവന്‍ കൊടുക്കുമെങ്കില്‍ അതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യമെന്നും' ഉണ്ണി പറഞ്ഞു.

ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ചാണക്യതന്ത്രം'. ഉണ്ണി മുകുന്ദനൊപ്പം ശ്രദ്ധേയ വേഷത്തില്‍ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും എത്തുന്നുണ്ട്.  ആടുപുലിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനും തിരക്കഥയൊരുക്കുന്നത്.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top