18 November Sunday

ദാമു വരും; ദശമൂലമായിത്തന്നെ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

സാമൂഹ്യമാധ്യമങ്ങളിൽ  ട്രോളർമാരുടെ കണ്ണിലുണ്ണിയായ ദശമൂലം ദാമു വീണ്ടും അവതരിക്കുന്നു. ഷാഫിയുടെ മമ്മൂട്ടിച്ചിത്രം ചട്ടമ്പിനാടിൽ സുരാജ‌് വെഞ്ഞാറമൂട‌് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രത്തിന‌് സാമൂഹ്യമാധ്യമങ്ങളിലെ ട്രോളർമാരാണ‌് വീണ്ടും ജീവൻ വയ‌്പിച്ചത‌്. സിനിമ കാര്യമായി ഹിറ്റായില്ലെങ്കിലും അതിലെ കോമഡി വില്ലൻ കഥാപാത്രമായ ദശമൂലം ദാമുവിന‌് ഇപ്പോഴും കൈയടി നിലയ‌്ക്കുന്നില്ല. ദാമുവിന്റെ മീം പലതരത്തിൽ പലകഥകളായി ട്രോളർമാർ വാഴ‌്ത്തിപ്പാടുകയാണ‌്. നൂറിലധികം വീഡിയോതന്നെ ദാമുസ‌്തുതികളാൽ ഹിറ്റായി.

ഈ പശ‌്ചാത്തലത്തിലാണ‌് സംവിധായകൻ ഷാഫി വീണ്ടും ദശമൂലം ദാമുവിനെ പിടികൂടുന്നത‌്. ദാമു തരംഗമാകുന്നതു​ കണ്ട്​ സുരാജ്​, ഷാഫിയെ വിളിച്ചെന്നും ദാമുവായി ഒരിക്കൽക്കൂടി അഭിനയിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച സുരാജിനോട്​ ഷാഫി സമ്മതം മൂളിയെന്നുമാണ്​ റിപ്പോർട്ടുകൾ. ഏതായാലും സംഗതി ഓക്കെയായാൽ മുഴുനീള കോമഡി ചിത്രമായിരിക്കുമെന്ന‌് ഉറപ്പ‌്.

സലിംകുമാറിന്റെ മണവാളൻ, ഹരിശ്രീ അശോകന്റെ രമണൻ എന്നീ കഥാപാത്രങ്ങളെ മറികടന്നാണ‌് സാമൂഹ്യമാധ്യമങ്ങളിൽ ദാമു ഹിറ്റായത‌്. ദാമു സാദാ ചട്ടമ്പിയല്ലെന്നും തിന്മകളെ എതിർത്ത സൂപ്പർ സ‌്റ്റാറാണെന്നും മറ്റുമുള്ള കോമഡിക്കഥകൾ പ്രചരിപ്പിക്കുകയാണ‌് ഇപ്പോഴും ആരാധകർ. ദാമു മീം മാത്രം വച്ചുള്ള പതിനായിരത്തിലധികം ട്രോളുകളിലാണ‌് സൂപ്പർ ഹിറ്റായി ഇപ്പോഴും ഓടുന്നത‌്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top