19 January Saturday

ഒടിയനെതിരായ ആക്രമണത്തിന് കാരണം മഞ്ജുവിനോടുള്ള ശത്രുത, പിന്നില്‍ ആരെന്ന് വ്യക്തം; പ്രതികരിയ്ക്കാന്‍ മഞ്ജു തയ്യാറാകണം: ശ്രീകുമാര്‍ മേനോന്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

ഒടിയന്റെ ലൊക്കേഷനില്‍ ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും

കൊച്ചി > തനിക്കെതിരെയും തന്റെ ആദ്യ സംവിധാന സംരഭമായ 'ഒടിയനെ'തിരെയും നടക്കുന്ന സൈബര്‍ ആക്രമങ്ങള്‍ക്ക് പിന്നില്‍ നടി മഞ്ജുവാര്യരോടുള്ള ശത്രുതയാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സൈബര്‍ ആക്രമങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് വ്യക്തമാണ്, ഇതിനെതിരെ മഞ്ജു വാര്യര്‍ പ്രതികരിയ്ക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
 
മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്‌സാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വിവാദങ്ങളോട് മഞ്ജു പ്രതികരിയ്ക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു.

'വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള വ്യക്തിപരമായ ആക്രമണത്തിന്  അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജു വാര്യര്‍ എന്ന പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. അല്ലെങ്കില്‍ എന്റെ കമ്പനിയില്‍ കൂടെയാണ്. മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം' - ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം  'ഒടിയന്‍' കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു. തുടര്‍ന്നാണ് ചിത്രത്തിനെതിരെയും ശ്രീകുമാര്‍ മേനോനെതിരെയും  സോഷ്യല്‍ മീഡിയയില്‍ ആക്രമണം ആരംഭിച്ചത്. സിനിമ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മോശം കമന്റുകള്‍ പേജില്‍ വന്നു തുടങ്ങിയിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top