15 October Monday

അവരുടെ മരണം വെറുതെയാകില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

‘‘എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാമെന്ന് ചിലർ കരുതുന്നു. എതിർക്കുന്തോറും അവരുടെ ശബ്ദം ശക്തമാകും. കാരണം സ്വതന്ത്രമായി ജീവിക്കുക എന്നത് മനുഷ്യന്റെ ജൈവവാസനയാണ്. ഗൗരി ലങ്കേഷിന്റെയും എം എം കലബുർഗിയുടെയും മരണം വെറുതെയാകുമെന്ന് ഞാൻ കരുതുന്നില്ല’’‐ പറയുന്നത് ഇന്ത്യൻ സമാന്തരസിനിമയുടെ മുഖമായി ഒരുകാലത്ത് അറിയപ്പെട്ട പ്രമുഖ നടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മി. ബംഗളൂരു കവിസമ്മേളനത്തിലാണ് ശബാന പൊരുതുന്ന ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. വിഖ്യാതകവി കൈഫി ആസ്മിയുടെ മകളും പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ ഭാര്യയുമായ ശബാന കവിസമ്മേളനത്തിൽ കൈഫി ആസ്മിയുടെ കവിതകൾ അവതരിപ്പിച്ചു. 

ട്വിറ്റർതലമുറയിലെ എഴുത്തുകാർ മുൻകാല എഴുത്തുകാരുടെ രചനകൾ വായിച്ച് മനസ്സിലാക്കി തങ്ങളുടെ രചനകൾക്ക് ആഴം സൃഷ്ടിക്കണമെന്നും അവർ പറഞ്ഞു. പുതിയകാല  ഇന്ത്യൻ സിനിമ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുണെ ടെലിവിഷൻ ആൻഡ‌് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന‌് അഭിനയം പഠിച്ചിറങ്ങിയ ശബാന, ഇന്ത്യൻ നവതരംഗസിനിമകളിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം അഞ്ചുതവണ സ്വന്തമാക്കി. നീരജ ഭാനോട്ട് എന്ന എയർഹോസ്റ്റസിന്റെ ജീവിതകഥ പറഞ്ഞ നീരജ (2016)യാണ് ശബാനയുടെ അവസാനമിറങ്ങിയ ഹിന്ദിചിത്രം. നീരജയുടെ അമ്മയായി മികച്ച പ്രകടനമാണ് ശബാന കാഴ്ചവച്ചത്.

പ്രധാന വാർത്തകൾ
Top