18 November Sunday

ഓര്‍മയില്‍ ഋതു ദാ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


ഇന്ത്യൻ നവസിനിമയുടെ ഹൃദയത്തിൽ ഇടംപിടിച്ച ചലച്ചത്രപ്രതിഭ ഋതുപർണ ഘോഷിന്റെ സ്മരണയിൽ ചലച്ചിത്രലോകം. 55ാം ജന്മവാർഷികദിനത്തിൽ ചലച്ചിത്രമേഖലയിലെ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ചു. സത്യജിത്ത് റേക്ക് ശേഷം പശ്ചിമബംഗാൾ ഇന്ത്യക്ക് സമ്മാനിച്ച ഏറ്റവും പ്രതിഭാധനനായ സംവിധായക ഋതുപർണഘോഷ് അന്തർദേശീയ അംഗീകാരങ്ങൾക്ക് പുറമെ, 12 ദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കി. പെണ്മയെ ആഘോഷിക്കുന്ന ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സ്രഷ്ടാവായിരുന്നു അദ്ദേഹം.

ഋതു ദാ നിങ്ങളുടെ ജന്മദിനത്തിൽ ഒരായിരം ഓർമങ്ങൾ മനസ്സിൽ നിറയുന്നു‐ പ്രമുഖ ബംഗാളിനടി ഋതുപർണ സെൻഗുപ്ത ഫെയ്സ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ ദഹൻ എന്ന ചിത്രത്തിലൂടെയാണ് ഋതുപർണ സെൻഗുപ്ത മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടുന്നത്. പരസ്യനിർമാണ മേഖലയിൽനിന്ന‌് സിനിമയിലെത്തിയ ഋതുപർണഘോഷിന്റെ ചോക്കർബാലി, റെയിൻകോട്ട്, അന്തർമഹാൾ, ഡോസർ, ചിത്രാംഗദ തുടങ്ങിയവ ശ്രദ്ധേയ രചനകളാണ്. ഐശ്വര്യ റായിയുടെ റെയിൻകോട്ടിലൂടെ അദ്ദേഹം ബോളിവുഡിലും പ്രതിഭ തെളിയിച്ചു. ബംഗാളി ഡിക്ടറ്റീവ് ബ്യോംകേഷ് ബക്ഷിയെ കുറിച്ചുള്ള സത്യാന്വേഷി ആയിരുന്നു അവസാനചിത്രം.

ട്രാൻസ്ജൻഡർ സമൂഹത്തിന്റെ മാനസികസംഘർഷങ്ങൾ ശക്തമായി സിനിമകളിൽ പ്രതിഫലിപ്പിച്ച ഋതുപർണ ഘോഷ്, ഇന്ത്യയിലെ എൽജിബിടി സമൂഹത്തിന്റെ അവകാശപോരാളികൂടിയായിരുന്നു. ട്രാൻസ്ജൻഡറാണെന്ന‌് അദ്ദേഹം തുറന്നു പ്രഖ്യാപിച്ചിരുന്നു.  അഭിനയരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചു. കൗശിക് ഗാംഗുലിയുടെ അറേക്തി പ്രേമർ ഗോൽപോ, സഞ്ജയ് നാഗിന്റെ മെമ്മറീസ് ഇൻ മാർച്ച് എന്നീ സിനിമകളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തി. പ്രമേഹബാധിതനായ അദ്ദേഹം 2013 മെയ് 20ന് 49‐ാം വയസ്സിലാണ് അന്തരിച്ചത്.


പ്രധാന വാർത്തകൾ
Top