24 September Monday

ഷക്കീല ആകാന്‍ റിച്ച

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018


തൊണ്ണൂറുകളുടെ അവസാനം  സൂപ്പർതാരങ്ങളെപ്പോലും പിന്നിലാക്കി മലയാളചലച്ചിത്രവ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ നടി ഷക്കീലയുടെ ജീവിതകഥ സിനിമയാകുന്നു. പ്രമുഖ ബോളിവുഡ് താരം റിച്ച ചദ്ദ ഷക്കീലയെ അവതരിപ്പിക്കും. സിനിമയുടെ പ്രാരംഭപ്രവർത്തനത്തിന്റെ ഭാ​ഗമായി റിച്ച ബം​ഗളൂരുവിലെത്തിയ ഷക്കീലയുമായി കൂടിക്കാഴ്ച നടത്തി. ഹിന്ദുത്വതീവ്രവാദികൾ വെടിവച്ച‌് കൊലപ്പെടുത്തിയ പ്രമുഖ മാധ്യമപ്രവർത്തക ​ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത‌് ലങ്കേഷാണ് സിനിമ സംവിധാനം ചെയ്യുന്നത്.

തെന്നിന്ത്യയിലെ‍തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയായി മാറിയ ഷക്കീല, പുരുഷകേന്ദ്രീകൃതമായ ചലച്ചിത്രലോകത്തിനകത്തും പുറത്തും നേരിട്ട അനുഭവങ്ങളാണ് സിനിമയുടെ പ്രമേയമെന്ന്  റിച്ച അഭിമുഖത്തിൽ പറഞ്ഞു.

ചെന്നൈയിലെ ഇടത്തരം കുടുംബത്തിലെ സാധാരണക്കാരായ മാതാപിതാക്കളുടെ  ഏഴുമക്കളിൽ ഒരാളായ ഷക്കീല, അച്ഛന്റെ മരണത്തെതുടർന്ന‌് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ചലച്ചിത്രരം​ഗത്തേക്ക് എത്തുന്നത്. എ പടങ്ങളിലെ നായിക ആയതുകൊണ്ട് കുടുംബത്തിൽനിന്നുപോലും താൻ ഒറ്റപ്പെട്ടെന്ന് ഷക്കീല പറഞ്ഞു. ആരെയും വിശ്വസിക്കരുത് എന്ന പാഠമാണ് തനിക്ക് ഇന്നേവരെയുള്ള അഭിനയജീവിതത്തിൽനിന്ന‌് ലഭിച്ചതെന്നും ഷക്കീല പറയുന്നു. ഇഷ്ടതാരമായ കമൽ ഹാസനൊപ്പം അഭിനയിക്കാനുള്ള  ആ​ഗ്രഹവും റിച്ചയുമായുള്ള കൂടിക്കാഴ്ചയിൽ ഷക്കീല പങ്കുവച്ചു. പതിനെട്ടാം വയസ്സിൽ സിൽക്ക് സ്മിതയ്ക്ക് ഒപ്പം ഷക്കീല പ്ലേ ​ഗേൾസ് (1995) എന്ന ചിത്രത്തിൽ അഭിനയിച്ചു. 2000ൽ ഇറങ്ങിയ കിന്നാരത്തുമ്പികളാണ് തെന്നിന്ത്യയിൽ ഷക്കീല തരം​ഗത്തിന് വഴിവച്ചത്. അനുരാ​ഗ് കശ്യപിന്റെ ​ഗ്യാങ്സ് ഓഫ് വാസേപൂരിലൂടെ ശ്രദ്ധിക്കപ്പെട്ട റിച്ച, സരബ്ജിത്, മാസാൻ, രാംലീല തുടങ്ങിയ സിനിമകളിലും ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top