19 November Monday

ദുല്‍ഖറിന്റെ സോളോയ്ക്ക് രജനിയുടെ ആശീര്‍വാദം; സ്‌റ്റൈല്‍ മന്നനെ കാണാനാവാതെ താരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2017

ചെന്നൈ > ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് സോളോ. ബിജോയ് നമ്പ്യാര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ. അതുകൊണ്ട് തന്നെ ദുല്‍ഖറിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരിക്കും സോളോയെന്നാണ് ആരാധക പ്രതീക്ഷ.
 
ചിത്രം ഈ ആഴ്ച പുറത്തിറങ്ങാനിരിക്കെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് ചിത്രത്തിന്റെ ടീസറുകള്‍ കാണിക്കുകയുണ്ടായി.  ടീസറുകള്‍ കണ്ട രജനി തന്റെ എല്ലാവിധ അനുഗ്രഹവും ടീമിനെ അറിയിച്ചു. അതോടൊപ്പം ചിത്രത്തിന് വിജയാശംസകള്‍ നേരുകയും ചെയ്തു.

രജനി സോളോയ്ക്ക് ആശംസകള്‍ നേര്‍ന്ന കാര്യം ദുല്‍ഖര്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയതു കാരണം ഈ അസുലഭ സന്ദര്‍ഭം നഷ്ടമായെന്നാണ് താരം കുറിച്ചത്.

ഒക്ടോബര്‍ അഞ്ചിനാണ് സോളോയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പുറത്തിറങ്ങുക. അന്തോളജി വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
 

പ്രധാന വാർത്തകൾ
Top