11 December Tuesday

അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസം. 8 മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 7, 2017


തിരുവനന്തപുരം > 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ടുമുതല്‍ 15വരെ തിരുവനന്തപുരത്ത് നടക്കും. മേള എട്ടിന് വൈകിട്ട്  നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സോകുറോവിനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ പത്തിന് ആരംഭിക്കും.

അലക്സാണ്ടര്‍ സുകുറോവിന്റെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ പി കുമാരന്‍ എന്നിവരുടെ റെട്രോസ്പെക്ടീവും മേളയിലുണ്ടാകും. കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ് എന്ന വിഭാഗത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ചിഡില്‍നിന്നുള്ള സംവിധായകന്‍ മുഹമ്മദ് സാലിഹ് ഹാറൂണ്‍, മെക്സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐഡന്റിറ്റി ആന്‍ഡ് സ്പേസ് വിഭാഗത്തില്‍ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍ സിനിമ, ജപ്പാനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്ളാസിക്സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റ് പാക്കേജുകള്‍. മത്സരവിഭാഗത്തില്‍ പ്രേംശങ്കര്‍ സംവിധാനം ചെയ്ത 'രണ്ടുപേര്‍', സഞ്ജു സുരേന്ദ്രന്റെ 'ഏദന്‍' എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മലയാള ചിത്രങ്ങള്‍. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നിവ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഹിന്ദി ചിത്രമായ ന്യൂട്ടണ്‍, ആസാമീസ് ചിത്രമായ വില്ലേജ് റോക്സ്റ്റാര്‍സ് എന്നിവ. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം അന്തരിച്ച സംവിധായകരായ കെ ആര്‍ മോഹനന്‍, ഐ വി ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് അവരുടെ ശ്രദ്ധേയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.


ഡിസംബര്‍ 15നാണ് സമാപനം. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം നല്‍കും. വൈസ് ചെയര്‍പേഴ്സന്‍ ബീന പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി, പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സജീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചലച്ചിത്രമേള:  8048 സീറ്റ്;  10000 പാസ്
തിരുവനന്തപുരം >  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പ്രതിനിധി രജിസ്ട്രേഷന്‍ നവംബര്‍ പത്തുമുതല്‍ ആരംഭിക്കും. ഇക്കുറി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചാണ്  രജിസ്ട്രേഷന്  സൌകര്യമൊരുക്കിയത്. നവംബര്‍ പത്തുമുതല്‍ 12 വരെ വിദ്യാര്‍ഥികള്‍ക്കും നവംബര്‍ 13 മുതല്‍ 15 വരെ പൊതുവിഭാഗത്തിനും നവംബര്‍ 16 മുതല്‍ 18 വരെ സിനിമ, ടിവി, പ്രൊഫഷണലുകള്‍ക്കും നവംബര്‍ 19 മുതല്‍ 21 വരെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും 22 മുതല്‍ 24 വരെ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് രജിസ്ട്രേഷന്‍ നിശ്ചയിച്ചത്.  ഫീസ്  ഇക്കുറി 650 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക്  350 രൂപയും. 

തിയറ്ററുകളില്‍ തറയില്‍ ഇരുന്നോ നിന്നോ കാണാന്‍ അനുവാദമുണ്ടാകില്ല. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിതെന്ന് അക്കാദമി ചെയമാന്‍ കമല്‍ പറഞ്ഞു. 8048 സീറ്റുകളാണ് ആകെയുള്ളത്. സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ പ്രവേശനമുണ്ടാകൂ. ഇക്കുറി പരമാവധി 10000 പാസുകളേ വിതരണം ചെയ്യൂ. പൊതുവിഭാഗത്തില്‍ 7000 ഉം വിദ്യാര്‍ഥികള്‍, സിനിമാപ്രവര്‍ത്തകള്‍ എന്നിവര്‍ക്കായി 1000 വീതവും മാധ്യമങ്ങള്‍ക്കും ഫിലിം സൊസൈറ്റികള്‍ക്കുമായി 500 വീതവുമാണ് പാസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ ഇക്കുറിയും റിസര്‍വേഷന്‍ സൌകര്യമുണ്ടാകും.   60 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യാം. അംഗപരിമിതര്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും ക്യൂവില്‍ നില്‍ക്കാതെതന്നെ പ്രവേശനം നല്‍കും. അംഗപരിമിതര്‍ക്കായി എല്ലാ തിയറ്ററുകളിലും റാമ്പുകള്‍ നിര്‍മിക്കും. 


നേരത്തെ പ്രതിനിധികളായി രജിസ്റ്റര്‍  ചെയ്തവര്‍ക്ക് പഴയ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് രജിസ്റ്റര്‍ചെയ്യാം. ഇക്കുറി ഓണ്‍ലൈന്‍ വഴിയും അക്ഷയകേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. പൊതുവിഭാഗത്തില്‍ അക്കാദമിയുടെ മുഖപ്രസിദ്ധീകരണമായ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക്  മുന്‍ഗണന നല്‍കും.
വിദ്യാര്‍ഥി വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രമോ ഐഡി കാര്‍ഡോ അപ്ലോഡ് ചെയ്യണം. സിനിമ- ടിവി മേഖലയിലുള്ളവര്‍  ബന്ധപ്പെട്ട സംഘടനയുടെ സാക്ഷ്യപത്രമോ സംവിധായകന്റെ സാക്ഷ്യപത്രമോ സമര്‍പ്പിക്കണം. സംഘടനകളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ബയോഡാറ്റയാണ്  സമര്‍പ്പിക്കേത്. ട്രാന്‍സ്ജെന്‍ഡേഴ്സിന് രജിസ്ട്രേഷന്‍ഫോമില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തുന്നതിനുള്ള കോളമുണ്ടാകും. നവംബര്‍ പത്തിന്   ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനമാരംഭിക്കും. ഡിസംബര്‍ നാലിന്  ടാഗോര്‍ തിയറ്ററില്‍ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും ഉദ്ഘാടനംചെയ്യും.   ഡിസംബര്‍ ആറുമുതല്‍  14 വരെ വൈകിട്ട് ആറിന് ടാഗോര്‍ പരിസരത്ത്  വിവിധ കലാപരിപാടികളുണ്ടാകും. 

പ്രധാന വാർത്തകൾ
Top