21 October Sunday

ചരിത്രമുണ്ടാക്കിയത് സൂപ്പര്‍ഹിറ്റുകളല്ല; ഇരുണ്ട കാലത്തും സിനിമകള്‍ ഉണ്ടാകും: പ്രിയനന്ദനന്‍

കെ എന്‍ സനില്‍Updated: Monday Oct 30, 2017

പ്രിയനന്ദനന്റെ  'പാതിര കാലം'”എന്ന പുതിയ ചിത്രം മുന്നോട്ടുവയ്ക്കുന്നത് വര്‍ത്തമാനകാലത്തിന്റെ ആശങ്കകളാണ്. മണ്ണ്, വെള്ളം, സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി ഒരു ജനത നടത്തുന്ന പോരാട്ടങ്ങള്‍, ചെറുത്തുനില്പ്പുകള്‍ എന്നിവയുടെ അടയാളപ്പെടുത്തലുകള്‍ കൂടിയാണ് ഈ സിനിമ. വര്‍ത്തമാനകാലരാഷ്ട്രീയം 'പാതിര കാല'ത്തിലൂടെ മിഴിവാര്‍ന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു തന്റെ പുതിയ ചിത്രത്തെക്കുറിച്ച്, പ്രദര്‍ശനത്തിന്റെയും വിതരണത്തിന്റെയും പുതിയ സാധ്യതകളെയും അന്വേഷണങ്ങളെയും കുറിച്ച്, വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പ്രിയനന്ദനന്‍ മനസുതുറക്കുന്നു...

ഒരു രാഷ്ട്രം അതിന്റെ ജനങ്ങളെ ശത്രുക്കളായി കാണാന്‍ തുടങ്ങിയാല്‍ അത് ആ രാഷ്ട്രത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണ്. ഈ വാക്യം ഏറ്റവും യോജിക്കുന്ന സാമൂഹ്യാവസ്ഥയിലൂടെയാണ് ഇന്ന് ഇന്ത്യ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. പൗരന്റെ സ്വസ്ഥജീവിതത്തിനുമേല്‍ നിരന്തരം അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ട് ഭരണകൂടം പടര്‍ന്നുകയറുക. നിലനില്പിനായി അത് ആഭ്യന്തരശത്രുക്കളെ തേടിക്കൊണ്ടിരിക്കുക. ഭിന്നസ്വരങ്ങള്‍ ദേശദ്രോഹമായി ചിത്രീകരിക്കപ്പെടുക. വികസിതമാകേണ്ട ജനാധിപത്യ പ്രക്രിയക്ക് ഒട്ടും ഭൂഷണമല്ലാത്ത ഈ പ്രവണതകള്‍ രാജ്യത്ത് അരങ്ങുവാഴുമ്പോള്‍ എവിടെയാവണം കലാകാരന്‍?

അതിവേഗം വലതുപക്ഷവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഫാസിസം അതിന്റെ മുഖപടം നീക്കി പുറത്തുവരുന്നകാലത്ത് എന്താണ് കലാകാരന് ചെയ്യാനുള്ളത്?  ഈ ചോദ്യങ്ങള്‍ക്കുമുന്നില്‍ മെയ്‌വഴക്കത്തോടെ ഉത്തരം തേടുകയല്ല ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍. കലയുടെ പക്ഷം, കലാകാരന്റെ നിലപാട്, കലയുടെ സാധ്യതകള്‍ ഇക്കാര്യങ്ങള്‍ കഴിയാവുന്ന ഉച്ചത്തില്‍ അദ്ദേഹം വിളിച്ചുപറയുന്നു.

പാതിര കാലത്തിന്റെ ചിത്രീകരണം, ക്യാമറയുമായി അശ്വഘോഷന്‍

പാതിര കാലത്തിന്റെ ചിത്രീകരണം, ക്യാമറയുമായി അശ്വഘോഷന്‍

പ്രിയനന്ദനന്റെ  'പാതിര കാലം'”എന്ന പുതിയ ചിത്രം മുന്നോട്ടുവയ്ക്കുന്നതും വര്‍ത്തമാനകാലത്തിന്റെ ആശങ്കകളാണ്. മണ്ണ്, വെള്ളം, സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി ഒരു ജനത നടത്തുന്ന പോരാട്ടങ്ങള്‍, ചെറുത്തുനില്പുകള്‍ എന്നിവയുടെ അടയാളപ്പെടുത്തലുകള്‍ കൂടിയാണ് ഈ സിനിമ. വര്‍ത്തമാനകാലരാഷ്ട്രീയം 'പാതിരകാല'ത്തിലൂടെ മിഴിവാര്‍ന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു. തന്റെ പുതിയ ചിത്രത്തെക്കുറിച്ച്, പ്രദര്‍ശനത്തിന്റെയും വിതരണത്തിന്റെയും പുതിയ സാധ്യതകളെയും അന്വേഷണങ്ങളെയുംകുറിച്ച്, വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്, കലയുടെ പിന്നിട്ട നാള്‍വഴികളെക്കുറിച്ച് പ്രിയനന്ദനന്‍ സംസാരിക്കുന്നു.

? എന്തുകൊണ്ട് പാതിരക്കാലം എന്നൊരു ചിത്രം. എങ്ങനെ ആ പ്രമേയത്തില്‍ എത്തി.

= കേരളത്തിലെ ആദ്യകാല യുഎപിഎ അറസ്റ്റുകളില്‍ ഒന്നിന്റെ സാക്ഷിയാണ് ഞാന്‍. അജിതന്‍ എന്ന ഒരു മനുഷ്യാവകാശപ്രവര്‍ത്തകനെ സാഹിത്യ അക്കാദമി ക്യാമ്പസില്‍നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഞാന്‍ കണ്ടുനില്‍ക്കെയാണ്. ഒരു പൊതു ഇടമാണ് അക്കാദമി ക്യാമ്പസ്. ആര്‍ക്കും വന്നിരിക്കാവുന്ന, എന്തും ചര്‍ച്ച ചെയ്യാവുന്ന പൊതുഇടം. അവിടെ പലതരം ആളുകള്‍ വരും. പല വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൂട്ടങ്ങള്‍ ഉണ്ടാവും. നമ്മളൊക്കെ വല്ലച്ചിറയില്‍നിന്ന് പോന്നാല്‍ നേരെ അക്കാദമി ക്യാമ്പസിലാണ്. അവിടെ എല്ലാവരും നോക്കിനില്‍ക്കുമ്പോഴാണ് അജിതനെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്നത്. അറസ്റ്റ് കണ്ട് അവിടെ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ ഈ വിവരം ആരെയോ മൊബൈലില്‍ വിളിച്ചുപറഞ്ഞു. മുന്നോട്ടുപോയ ജീപ്പ് റിവേഴ്‌സ് എടുത്തുവന്ന് അവനെയും പിടിച്ചുകൊണ്ടുപോയി. അക്കാദമിയിലെ ഒരു മരച്ചുവട്ടില്‍ ഇരുന്ന് ഞാനിത് കാണുകയാണ്.  പിറ്റേന്ന് പത്രങ്ങളില്‍ വാര്‍ത്ത കണ്ടു. ചെട്ടിയങ്ങാടിയില്‍ പോസ്റ്റര്‍ പതിച്ചുകൊണ്ടിരിക്കെ ഇവരെ അറസ്റ്റുചെയ്തുവെന്ന്. മൂന്നുമാസമാണ് അവര്‍ ജയിലില്‍ കിടന്നത്. 

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് പോസ്റ്റര്‍ ഒട്ടിച്ചുവത്രെ. ഇതൊരു ജനാധിപത്യരാഷ്ട്രമാണ്. ഞാന്‍ കൃത്യമായി വോട്ടുചെയ്യുന്ന ഒരാളാണ്. ഒരു രാഷ്ട്രീയപാര്‍ടിയുടെ അംഗവുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മറ്റൊരാള്‍ക്ക് ആഹ്വാനം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കണ്ടേ. എല്ലാക്കാര്യങ്ങളിലും ഒരു പ്രതിപക്ഷം ഉള്ളത് നല്ലതാണ്. നിഷ്പക്ഷത ഒരു കാപട്യം മാത്രമാണ്. സ്വാതന്ത്ര്യംകൊണ്ട് ആരെങ്കിലും മോശമായിപ്പോയി എന്ന് ഞാന്‍ കരുതുന്നില്ല. വഴിപിഴച്ചുപോയിട്ടുള്ളത് പലതരത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ടവരാണ്. ഭരണകൂടം ബോധപൂര്‍വം ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയാണ്. ഈ സംഭവത്തില്‍നിന്നാണ് 'പാതിരകാല'ത്തിന്റെ ആശയം ജനിക്കുന്നത്.

ആ ചെറുപ്പക്കാര്‍ നാട്ടില്‍ ബോംബിട്ടിട്ടൊന്നുമില്ലല്ലോ. ഒരാശയത്തെ നിങ്ങള്‍ക്ക് ബോംബായി തോന്നുകയാണെങ്കില്‍ തെറ്റുപറയുന്നില്ല. ആ ആശയം പ്രകടിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ലല്ലോ.  മനുഷ്യര്‍ക്ക് ഒന്നിച്ചുകൂടിയിരുന്ന് സംസാരിക്കാവുന്ന ഇടം ഇല്ലാതാവുകയാണ്. പുറത്തിറങ്ങാന്‍ പാടില്ല, പാലത്തിന്മേല്‍ ഇരിക്കാന്‍ പാടില്ല, നാലുപേര്‍ കൂട്ടംകൂടി ഇരിക്കാന്‍ പാടില്ല ഇതൊക്കെ അംഗീകരിച്ചുകൊടുത്താല്‍ പിന്നെ ഏത് സ്വാതന്ത്ര്യത്തെയാണ് നിങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. നിരവധി ആളുകള്‍ വരുന്നിടത്ത് ചിലപ്പോള്‍ പ്രശ്‌നക്കാരുമുണ്ടായേക്കാം. അവരെ അത്തരത്തില്‍ കൈകാര്യം ചെയ്യുകയല്ലാതെ മുഴുവന്‍ ആളുകളുടെയും സ്വാതന്ത്ര്യത്തെ തടയണോ? നൂറുകണക്കിനാളുകള്‍ വളരെ പോസിറ്റീവായ അംശങ്ങള്‍ ഉള്ളവര്‍ അവിടെ വന്നുപോകുന്നുണ്ട്.

ഒരാണും പെണ്ണും അടുത്തിരുന്നാല്‍ മലയാളി കരുതുന്നത് ഇതെന്തോ പിശക് ഏര്‍പ്പാടാണ് എന്നാണ്. എന്തോ ഗൂഢാലോചനയാണ് എന്നാണ്. താടിവളര്‍ത്താന്‍ പാടില്ല, മുടി വളര്‍ത്താന്‍ പാടില്ല. എന്റെ മുടി എങ്ങനെ വേണമെന്ന് പൊലീസാണോ നിശ്ചയിക്കുന്നത്.
പ്രതിരോധത്തിനായി ഒരു പേര് തിരയുമ്പോള്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ അത് ഹുസൈന്‍ അല്ലാതെ മറ്റാരാണ്.

ജഹനാരയെപ്പോലുള്ള കുട്ടികള്‍ നമ്മുടെ സമൂഹത്തില്‍ വേണം എന്ന മോഹമാണ് അത്തരത്തില്‍ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചത്. അത്തരക്കാര്‍ ധാരാളം നമുക്കിടയിലുണ്ട്. എന്നാല്‍ നാം അവരെ മുന്നോട്ടുപോകാനോ വളരാനോ അനുവദിക്കാറില്ല. ആണുങ്ങളുടെ തകരാറുകൊണ്ട് ഒന്നുമല്ലാതായി പോയവര്‍. ശൈലജ അവതരിപ്പിച്ച കഥാപാത്രത്തെ നിങ്ങള്‍ക്ക് മയിലമ്മയായോ മേധാ പട്ക്കറായോ മറ്റാരുമായോ കാണാം. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ, നമുക്കിടയില്‍ ഒരുപാട് ചെറുതും വലുതുമായ സമരങ്ങള്‍ നടക്കുന്നുണ്ട്. അവയെ നമ്മള്‍ കാണാതെ പോകരുത്. അത്തരം ചെറുത്തുനില്‍പ്പിലൂടെത്തന്നെയാണ് നാം മുന്നോട്ടുപോയിട്ടുള്ളത്.

? അക്കാദമിയില്‍ നടന്ന ആ സംഭവത്തെ സിനിമയായി വികസിപ്പിക്കാനുള്ള പ്രേരണയുടെ പശ്ചാത്തലം എന്തായിരുന്നു.

= ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ പൊതുകാര്യങ്ങളില്‍ ആര്‍ദ്രമായ മനസ്സോടെ ഇടപെടുക എന്നത് സുപ്രധാനമായ കാര്യമാണ്. ആരോപണങ്ങള്‍ ഉന്നയിച്ച് അത്തരം ഇടപെടലുകളെ ഇല്ലാതാക്കുകയാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. അത് ശരിയല്ല. പ്രത്യേകിച്ച് കേരളത്തെപ്പോലെ ഒരു സ്ഥലത്ത് അത് വരാന്‍ പാടില്ല.

എന്തുകൊണ്ട് എനിക്ക് ഒരു ആദിവാസി കോളനിയില്‍ പോകാന്‍ പാടില്ല. ജില്ലാ കേന്ദ്രത്തില്‍നിന്ന് അനുമതി വാങ്ങിയിട്ടുവേണോ ഒരു ആദിവാസി കോളനിയില്‍ പോകാന്‍. അവിടെ പോകുന്നവര്‍ എല്ലാം മാവോയിസ്റ്റുകളാണോ. തീവ്രമായ നിലപാടുകള്‍ കേരളത്തിലോ ഇന്ത്യയിലോ അധികാരം പിടിച്ചടക്കാനൊന്നും പോകുന്നില്ല. അതിനുള്ള മണ്ണല്ല ഇത്. ആ മരം ഇവിടെ വളരാന്‍ പോണില്ല. ഇത് കൃത്യമായ ജനാധിപത്യത്തിന്റെ മണ്ണാണ്. ഇ എം എസും കൃഷ്ണപിള്ളയുമൊക്കെ അത് ശരിയായി മനസ്സിലാക്കിയവരാണ്.

അനീതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്ന കുറേ മനുഷ്യരും യൗവനങ്ങളും എല്ലാക്കാലത്തുമുണ്ടാവും. പണ്ട് നക്‌സലൈറ്റുകള്‍ അഴിമതിക്കാരായ ഡോക്ടര്‍മാരുടെ കഴുത്തില്‍ ചെരിപ്പുമാല അണിയിച്ചപ്പോള്‍ ഒരു ഭയം വളര്‍ന്നു. അങ്ങനെ ചില ഭയങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. ഒരു പ്രതിപക്ഷഭയം.  

ഒരു പ്രദേശം വളഞ്ഞുവച്ച് അവിടത്തെ ദളിതനെയും ആദിവാസിയെയും മാറ്റിത്തീര്‍ക്കുന്ന ഒരു മൂവ്‌മെന്റായൊന്നും ഒരിക്കലും കേരളത്തില്‍ നക്‌സലിസം വളര്‍ന്നിട്ടില്ല. ഒരു വര്‍ഗീസ് വന്ന് അയാള്‍ രക്ഷകനാവുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ, അങ്ങനെ ഒരാള്‍ ഉണ്ടാവുന്നതുകൂടി നല്ലതാണ്. അതിനെ പോസിറ്റീവായി കാണണം.

നമുക്കെതിരെയും ഒരാള്‍ പറയാനുണ്ട് എന്ന ബോധം ഉണ്ടാകും. അതുകൊണ്ടല്ലേ മറ്റൊരു തരത്തില്‍ സുകുമാര്‍ അഴീക്കോട് കേരളത്തില്‍ സ്വീകരിക്കപ്പെട്ടത്. സുകുമാര്‍ അഴീക്കോട് എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നില്ലല്ലോ. നമുക്ക് മൊത്തം ആളുകള്‍ക്ക് വേണ്ടിയും പറയാന്‍ ഒരു അഴീക്കോട് ഉണ്ടായിരുന്നു എന്ന് പറയുന്നപോലെ കുറച്ച് ആളുകള്‍ ഉണ്ടാവട്ടെ. അവര്‍ക്കും ഒരു പക്ഷമുണ്ടാവും.  

ഒരുകാലത്ത് കടന്നുവന്ന കവിതകളിലൊക്കെ അതുണ്ടായിരുന്നു. നമ്മളെയൊക്കെ മാറ്റിത്തീര്‍ക്കുന്ന മുദ്രാവാക്യങ്ങളെ കവിതകളിലൂടെ നാം ആസ്വദിച്ചിട്ടുണ്ടല്ലോ. പക്ഷേ അവയെ മാത്രമൊന്നുമല്ല നമ്മള്‍ സ്വീകരിച്ചിട്ടുള്ളത്. ഞാന്‍ മാക്‌സിം ഗോര്‍ക്കിയെ വായിച്ചിട്ടുണ്ട്, ആസ്വദിച്ചിട്ടുണ്ട്. പക്ഷേ എന്നെ കീഴടക്കിയത് മാക്‌സിം ഗോര്‍ക്കിയേക്കാള്‍ ദസ്തയേവ്‌സ്‌കിയാണ്. അതുപോലെയൊന്നും നമ്മളെ ആരും കീഴടക്കിയിട്ടില്ല. അത് മറ്റൊരു തലത്തിലാണ് കീഴടക്കിയിട്ടുള്ളത്. 

? മണ്ണ്, ജലം, സ്വാതന്ത്ര്യം എന്നിവ 'പാതിരകാല'ത്തിന്റെ മുഖ്യകേന്ദ്രമായത് എന്തുകൊണ്ടാണ്.

= വെള്ളം എന്ന സാധനത്തെ കണ്ട് ഒരുപാട് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഇങ്ങോട്ടുവരുന്നുണ്ട്. നമുക്ക് ചില ധ്വനിപ്പിക്കലിലൂടെയല്ലേ കാര്യങ്ങള്‍ പറയാന്‍ പറ്റൂ. കാതിക്കുടത്ത് സമരം നടക്കുന്ന സ്ഥലത്ത്  പോയിട്ടുണ്ട്. അതിനെയൊന്നും തള്ളിപ്പറയണ്ട. കാതിക്കുടത്ത് ജനങ്ങള്‍ സമരം ചെയ്യുന്നുണ്ട്. അവര്‍ സമരംചെയ്യുമ്പോഴും പൈപ്പ് വഴി മാലിന്യം പുഴയിലേക്കൊഴുകുന്നുണ്ട്. എങ്ങനെ ആ പുഴ മലിനമാക്കപ്പെടുന്നു. വളമെന്ന് പറഞ്ഞ് ആ മാലിന്യം എങ്ങനെ അവിടത്തെ വയലുകളിലേക്ക് തന്നെ തള്ളുന്നു. ഇതുതന്നെ കഞ്ചിക്കോട്ട് കൊക്കകോളയും ചെയ്യുന്നു. വലിയ കമ്പനികള്‍ വരുമ്പോള്‍ മാലിന്യം ശുചിയാക്കാനും മറ്റും ഉള്ള ബാധ്യത അവര്‍ക്കുണ്ട്. പക്ഷേ, അവര്‍ അതൊന്നും ചെയ്യുന്നില്ലല്ലോ. നമ്മള്‍ അതൊന്നും അറിയുന്നില്ലല്ലോ.

ഇവിടെ തൊട്ടപ്പുറത്താണ് പാലിയേക്കര. അതിലേ കടന്നുപോകുന്നവരൊക്കെ ടോള്‍ കൊടുക്കുന്നുണ്ട്. എന്തൊക്കെ കാര്യങ്ങളുണ്ട് നിയമപരമായി അവര്‍ ചെയ്യേണ്ടതായിട്ട്. അവര്‍ അത് ചെയ്യുന്നുണ്ടോ? അവര്‍ക്ക് കാര്യങ്ങള്‍ ചെയ്തുകൊടുക്കാനാണോ ഗവണ്‍മെന്റ ്? അവരെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാനാവണ്ടേ? ഞാന്‍ ടോള്‍സമരത്തിന് പോയതാണ്. നമുക്ക് ഇവിടെ ഒരു പാത ഉണ്ടായിരുന്നു. ആ പാത അവിടെ ഉണ്ടാവണം.

പ്രധാനപാത വിട്ടുകൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. നമ്മള്‍ സ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരുന്ന പാതയിലല്ല, ടോള്‍ കൊടുത്തുപോകാന്‍ വേറെ പാതയുണ്ടാക്ക് എന്ന് പറയണമായിരുന്നു. അതിലൂടെ നൂറും ഇരുനൂറും കിലോമീറ്റര്‍ വേഗത്തില്‍ പൊയ്‌ക്കോ. നമ്മള്‍ നിത്യം സഞ്ചരിക്കുന്ന ഒരു പാത ഒരു കമ്പനിക്ക് വിട്ടുകൊടുത്തിട്ട് ടോള്‍ കൊടുക്കാന്‍ പറയുന്നത് ഇന്നലെവരെ നേടിയെടുത്ത അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമല്ലേ? വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിന് സമരംചെയ്ത നാട്ടില്‍ വഴികൊട്ടിയടച്ച് സഞ്ചരിക്കാന്‍ കാശുകൊടുക്കാന്‍ പറയുക. നിങ്ങള്‍ എത്ര വേഗത്തില്‍വേണമെങ്കിലും സഞ്ചരിച്ചോളൂ. പക്ഷേ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് ജീവിക്കാനുള്ള ഉപാധി നല്‍കിയിട്ടുവേണം അത്.  

പാതിര കാലത്തിന്റെ ചിത്രീകരണം, അഭിനേതാക്കള്‍ക്ക് പ്രിയനന്ദന്‍ നിര്‍ദ്ദേശം നല്‍കുന്നു

പാതിര കാലത്തിന്റെ ചിത്രീകരണം, അഭിനേതാക്കള്‍ക്ക് പ്രിയനന്ദന്‍ നിര്‍ദ്ദേശം നല്‍കുന്നു

കാട്ടില്‍ കിടന്നുറങ്ങുന്നവന് അതിനുള്ള സൗകര്യങ്ങളുള്ള വീടേ വേണ്ടൂ. അവന് ജീവിക്കാന്‍ പറ്റുന്നത്, അവന് നിര്‍മിക്കാന്‍ പറ്റുന്ന വീട്. അല്ലാതെ നമുക്കിണങ്ങുന്ന വീട് വേണ്ട. ഏറ്റവും വേനലിലും കിടന്നുറങ്ങാവുന്ന ആ പരിസ്ഥിതിക്ക് ഇണങ്ങുന്ന വീടുകള്‍ അവര്‍ ഉണ്ടാക്കുന്നുണ്ട്. നമ്മള്‍ അവിടെച്ചെന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വച്ചുകൊടുത്തിട്ട് ഒരു കാര്യവുമില്ല. ആദിവാസി കോളനികളില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ കോണ്‍ക്രീറ്റ് ഇട്ടിട്ടുള്ള വഴികളാണ്.

കോടിക്കണക്കിന് രൂപയാണ് അവിടെ ഇന്‍വെസ്റ്റ് ചെയ്യുന്നത്. അങ്ങോട്ട് ഒരാദിവാസിയും കാര്‍ കൊണ്ടുപോകുന്നില്ല. അവിടെ അവന് നടക്കാന്‍ മണ്ണ് ചവിട്ടുന്ന വഴി മതി. അവന്റെ വീടിന്റെ മുകളില്‍ കോടിക്കണക്കിന് രൂപ കോണ്‍ക്രീറ്റ് ഇട്ട് കളയേണ്ട കാര്യമില്ല. അവന്റെ ഭക്ഷണത്തിനും ആരോഗ്യത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമാണ് പണം ചെലവഴിക്കേണ്ടത്. അവനെ സ്വതന്ത്രമായി കാട്ടിലേക്ക് വിടൂ. ചൂഷണമില്ലാതെ അവന്റെ ഉല്‍പ്പന്നങ്ങള്‍ കൃത്യമായി വാങ്ങൂ. മാര്‍ക്കറ്റ് ചെയ്യൂ. അതാണ് ഒരു സര്‍ക്കാര്‍ ചെയ്തുകൊടുക്കേണ്ടത്. അങ്ങനെയാവണം അവനെ അല്ലെങ്കില്‍ ഒരു സമൂഹത്തെ അറിഞ്ഞുകൊണ്ട് നമ്മള്‍ ചെയ്യേണ്ട വികസനം. അപ്പോള്‍ അവന്‍ വളരും. അവന്റെ കുട്ടി പഠിക്കും. അതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കണം. ഓരോ സ്ഥലത്ത് പോകുമ്പോഴും ഓരോന്ന് കാണുമ്പോഴും സങ്കടം തോന്നും.

? ആണുങ്ങളുടെ ചെയ്തികളാണ് കുഴപ്പം. പെണ്ണുങ്ങള്‍ ചെറുത്തുനില്‍ക്കും എന്നൊരു സന്ദേശം ഈ സിനിമ നല്‍കുന്നുണ്ടോ.

=  അതൊരു പ്രശ്‌നമാണ്. കടപ്പുറത്തെ ഭാഗങ്ങളില്‍ ഞാന്‍ കലാപമോ മറ്റ് സംഭവങ്ങളോ ഏതാണെന്ന് പറഞ്ഞിട്ടില്ല. കേരളത്തിന്റെ അനുഭവത്തില്‍ അത് മാറാടാവാം. ഒരു പ്രണയമാണ് അവിടെ ഇത്ര വലിയ കലാപത്തിലേക്ക് വളര്‍ന്നത്. സ്‌നേഹത്തെയാണ് ഇത്ര വലിയ മതപ്രശ്‌നമാക്കി മാറ്റിയത്. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ വേറെയും കാരണങ്ങളുണ്ട്. അത് ഞാന്‍ അത്ര ഹൈലൈറ്റ് ചെയ്തില്ല.

എല്ലാ കലാപങ്ങള്‍ക്ക് പിന്നിലും ഭൂമാഫിയ ഉണ്ട്. കോയമ്പത്തൂര്‍ കലാപത്തിന് പിന്നില്‍ ദക്ഷിണേന്ത്യയിലേക്ക് തുണിക്കച്ചവടത്തിന് കാലുറപ്പിക്കാന്‍ ശ്രമിച്ച ഉത്തരേന്ത്യന്‍ വ്യവസായലോബിയുണ്ട് എന്നാണ് പറയുന്നത്. ഹിന്ദുമുസ്ലിം കലാപം അഴിച്ചുവിട്ട് സ്ഥലം ഒഴിപ്പിച്ചെടുക്കുകയാണ്. അവിടെ തുണിക്കച്ചവടം വികസിക്കുകയാണ്. ഗുജറാത്തിലെ സൂറത്തില്‍നിന്നും മറ്റും വന്‍തോതില്‍ തുണിവ്യവസായക്കാര്‍ അവിടെ എത്തിപ്പെട്ടു. എല്ലാ സംഭവങ്ങള്‍ക്കും ഒരു മൂലകാരണമുണ്ടല്ലോ. ആളുകള്‍ തമ്മിലുള്ള സ്‌നേഹം ഇല്ലാതാക്കി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പലരും ഒഴിഞ്ഞുപോകും. അവിടേക്കെത്തുന്നത് കച്ചവടക്കാരാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചവരാണ് മാറാടൊക്കെ കുളിമുറിയില്‍വരെ കയറി വെട്ടിയത്.

നമ്മുടെ മനസ്സിലുണ്ടാകുന്ന മുറിവുകള്‍ അത്രപെട്ടെന്ന് ഉണങ്ങിപ്പോകുന്നില്ല എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ. കടപ്പുറത്തെ ജനങ്ങള്‍ക്ക് അത്തരം വൈകാരികതകളൊന്നുമില്ല. അവര്‍ നിസ്സഹായരാണ്. വലിയ വൈകാരികരംഗങ്ങള്‍ ഒന്നും സൃഷ്ടിക്കേണ്ട കാര്യമില്ല.  സിനിമ കണ്ടിറങ്ങുമ്പോള്‍ ചിലത് ബാക്കി കിടക്കും. ചിലപ്പോള്‍ കുറേക്കാലം കഴിഞ്ഞാവും അത് തിരിച്ചറിയുക. പുലിജന്മം പോലൊരു സിനിമ അവിടെ ബാക്കിനില്‍ക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. നമ്മുടെ പരിസ്ഥിതിയുടെ ഭാഗമായിട്ടോ ഒരു അറ്റംപ്റ്റിന്റെ ഭാഗമായിട്ടോ അത് മാറിക്കിടക്കും. അതുകൊണ്ടാണല്ലോ ആളുകള്‍ പിന്നീട് അത്തരം സിനിമകള്‍ തേടിപ്പോവുന്നത്.

കാരിഗുരുക്കള്‍ ഒരു മിത്തായി ഇത്രയും വര്‍ഷം കഴിഞ്ഞും നിലനില്‍ക്കുന്നുണ്ടെങ്കില്‍, പ്രകാശന്‍ അത് തേടിപ്പോകുന്നതിന് മറ്റൊരു കാരണമില്ല. തോറ്റവരുണ്ട്. തോറ്റവരാണ് വെളിച്ചമായത്. അവരേ വെളിച്ചം തേടിപ്പോയിട്ടുള്ളൂ. ശരിക്ക് തോറ്റത് അവരല്ല. ആ അടിച്ചമര്‍ത്തല്‍ ഇന്നുമുണ്ട്. എവിടെ വേണമെങ്കിലും നോക്കിക്കോളൂ. നമ്മുടെ ഉള്ളിന്റെയുള്ളിലുള്ള ജാതി പുറത്തുവന്ന് അവനെ പരിഹസിക്കും. ഉള്ളിലെ ജാതി പോയിട്ടില്ല. നമ്മള്‍ പുറത്തെ പൂണൂലേ പൊട്ടിച്ചിട്ടുള്ളൂ. ഫിലിം ഫെസ്റ്റിവലിലൊക്കെ കണ്ടിട്ടില്ലേ, ഒരു സായിപ്പിന്റെ നിറം കണ്ടാല്‍ മതി വിനീതവിധേയരാവും. അവരാരാണ്, അവരുടെ സിനിമ എന്താണ് ഒന്നും അറിയണ്ട.

? സിനിമയുടെ സാമ്പത്തികവിജയത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

=  അത്തരമൊരു താല്പര്യം ഈ സിനിമയുടെ പ്രൊഡ്യൂസര്‍ക്ക് ഇല്ലാത്തതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. വളരെ അപൂര്‍വമായേ അത്തരം ആളുകളെ കിട്ടാറുള്ളൂ.  നമുക്ക് ഇഷ്ടപ്പെടുന്ന സിനിമ കാണാനുള്ള സ്വാതന്ത്ര്യം തരിക എന്നത് വലിയ കാര്യമാണ്. അത് മന്ദാരപ്പൂവല്ല എന്ന സിനിമ തുടങ്ങി പൂര്‍ത്തിയാവാതെ ഇരിക്കുന്ന സമയം. അപ്പോഴാണ് ഒരാള്‍ വന്ന് പറയുന്നത് നിനക്ക് ഇഷ്ടപ്പെട്ട സിനിമ എടുത്തോളൂ എന്ന്. പണം കിട്ടിയാല്‍ കിട്ടട്ടെ പോയാല്‍ പോട്ടെ. പണം തിരിച്ചുകിട്ടിയാല്‍ നമുക്ക് പുതിയ പടം പിടിക്കാം എന്ന്. അങ്ങനെയാണ് പുലിജന്മം ഉണ്ടായത്.

പാതിരകാലത്തിന്റെ പ്രൊഡ്യൂസര്‍ മുരളി മാട്ടുമ്മല്‍ എന്നെവച്ച് കച്ചവടം ചെയ്യണം എന്ന് കരുതുന്ന ആളല്ല. നമുക്കൊരു സിനിമ ചെയ്യാം. ആളുകളെ കാണിക്കാം. അതിന് ആളുകളോട് പറയാം എന്നുമാണ് മുരളി പറഞ്ഞത്. ആ പണം നാളെ തിരിച്ചുകിട്ടണമെന്നോ അയാള്‍ പറഞ്ഞില്ല. മുഴുവന്‍ സ്വാതന്ത്ര്യവും തന്നാണ് സിനിമ പൂര്‍ത്തിയാക്കിയത്. കോടിക്കണക്കിന് രൂപകൊണ്ട് നമുക്കൊന്നും ചെയ്യാനില്ല. 

കേരളം പോലൊരു സ്ഥലത്ത് എന്നെപ്പോലൊരു സിനിമാക്കാരന് എന്ത് ചെയ്യാനാവും എന്ന് നല്ല ബോധ്യമുണ്ട്. നടന്നുപോന്നിട്ടുള്ള വഴികളിലെ കലാസമിതിക്കാരോട് ഓരോ ഷോ നടത്തിത്തരാന്‍ പറയാം. ഞാന്‍ മാത്രം ഉണ്ടായതുകൊണ്ട് ഒന്നും നടക്കില്ല. നമ്മള്‍ ഉണ്ടാകണം. അത്തരം ചില ആളുകളെ വീണുകിട്ടിയാല്‍ ഇത്തരം സിനിമകള്‍ വിജയിക്കും. നമ്മുടെ നാട്ടില്‍ ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് സൂപ്പന്‍ ഹിറ്റ് സിനിമകളല്ല. അറ്റംപ്റ്റുകളാണ്. അത്തരം അറ്റംപ്റ്റുകള്‍ മാത്രമേ സിനിമയെ മാറ്റിമറിച്ചിട്ടുള്ളൂ. മലയാളികളുടെ ചലച്ചിത്ര ബോധം സൃഷ്ടിച്ചിട്ടുള്ളത് കല്യാണരാമനും പുലിമുരുകനുമൊന്നുമല്ല.

? മുടക്കുമുതല്‍ തിരിച്ചുകിട്ടുക എന്നത് പുതിയ സംരംഭം തുടങ്ങുന്നതിന് അനിവാര്യമല്ലേ? അല്ലെങ്കില്‍ പണം മുടക്കാന്‍ ആളെ കിട്ടുമോ.

= ഞാന്‍ ഉറപ്പുപറയുന്നു. നിങ്ങള്‍ ഷോ നടത്തിയാല്‍ ചെലവ് മീറ്റ് ചെയ്യാനാവും. ഒരു പഞ്ചായത്തില്‍ ഒരു ഷോ നടന്നാല്‍ പോരേ? ആയിരം പഞ്ചായത്തില്ലേ? ഒരു സെന്ററില്‍നിന്ന് പതിനായിരം രൂപ കിട്ടിയാല്‍ ഒരു കോടി ആയില്ലേ? പിന്നെന്താ സിനിമ പിടിച്ചാല്‍! നിങ്ങള്‍ അത് കാണില്ല എന്ന് വാശി പിടിച്ചാല്‍ പിന്നെ വഴിയൊന്നുമില്ല. ഇത്തരം ഒരു അറ്റംപ്റ്റിനെ നിങ്ങള്‍ ഒന്ന് സഹായിക്കൂ. നിങ്ങളുടെ സഹായമുണ്ടെങ്കില്‍ ഇവിടെ അത്ഭുതങ്ങള്‍ സംഭവിക്കും.  നിങ്ങള്‍ നിര്‍ജീവമാവരുത്. സിനിമ നിര്‍മിക്കാനോ പ്രദര്‍ശിപ്പിക്കാനോ തിയറ്റര്‍ തരില്ല എന്ന് പറയുന്ന ഒരു കാലത്ത് അതുവേണ്ട. ഇപ്പോള്‍ ആവാമല്ലോ. നിങ്ങളുടെ നാട്ടിലെ തിയറ്ററില്‍ ഒരു ഷോ നടത്തിത്തരൂ.  ഞാന്‍ സിനിമ ഉണ്ടാക്കിത്തരാം. നിങ്ങള്‍ അത് തെളിയിച്ചാല്‍ ഇതിലും മികച്ച സിനിമയുണ്ടാക്കാം. ഇതിലും മികച്ച കാര്യങ്ങള്‍ പറയാം. ഇതിലും സാങ്കേതികത്തികവ് ഉണ്ടാക്കാം. ഒരു ഷോ മതി. ഒരൊറ്റ ഷോ. ഞാന്‍ പണ്ടും അത്രയേ പറഞ്ഞിട്ടുള്ളൂ.

കോടിക്കണക്കിന് രൂപ ഉണ്ടാക്കാനൊന്നുമല്ല ഞാന്‍ സിനിമയിലേക്ക് വന്നത്. ഒരിക്കലും അങ്ങനെ ആലോചിച്ചിട്ടുമില്ല. ഞാന്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു. മോശപ്പെട്ട പൈസയായിരുന്നില്ല അന്ന് കിട്ടിയിരുന്ന വരുമാനം. 23 കൊല്ലം മുമ്പ് സുന്ദരമായി ജീവിച്ചുപോകുമ്പോള്‍, അതില്‍ നിന്നുള്ള വരുമാനം കിട്ടുമ്പോഴാണ് ഈ കടലിലേക്ക് എടുത്തുചാടിയത്. നമുക്ക് ഇഷ്ടപ്പെട്ട നാടകം ഉണ്ടാക്കണം. ഇഷ്ടപ്പെട്ട സിനിമ ഉണ്ടാക്കണം. ഇത് ഒരു  മുതലാളിത്തകലയാണ്. നിങ്ങള്‍ക്കുമാത്രമേ അതു പറ്റൂ എന്ന് പറയുന്നവരോട് അല്ല, നമുക്കും പറ്റും എന്ന് പറയണം. നിങ്ങള്‍ പേടിക്കല്ലേ. ഇങ്ങോട്ടുവരൂ. നിങ്ങള്‍ അന്വേഷിക്കൂ. നിങ്ങള്‍ ജീവിതം കാണൂ. നിങ്ങള്‍ക്കും പറ്റും

? സാങ്കേതികത്തികവ് പ്രധാനമല്ലേ? അതിന് മുടക്കുമുതല്‍ അനിവാര്യമല്ലേ.

= വലിയ ടെക്‌നോളജിയൊന്നുമല്ല എന്റെ കൈയിലുള്ളത്.  ഒരു മാര്‍ക്ക് 2 ക്യാമറയാണ് ഞാന്‍ അശ്വഘോഷന് നല്‍കിയത്. ലൈറ്റൊക്കെ നമ്മള്‍ തന്നെ ഇരുന്ന് ഉണ്ടാക്കിയതാണ്, കൊച്ചു കൊച്ചുലൈറ്റുകളൊക്കെ. യൂണിറ്റ് വിളിക്കാനൊന്നും പൈസയില്ല. ഇതിനുമുമ്പ് സിനിമ ചെയ്തപ്പോഴും മോശമല്ലാത്ത ടെക്‌നോളജി ഉപയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ എത്രവട്ടം എനിക്ക് കടം തരും?  ഒരു ടിക്കറ്റെടുക്കടാ എന്ന് എനിക്ക് നിന്നോട് പറയാം. ഒരു 100 രൂപ മുടക്ക്, പടം കാണ് എന്ന് പറയാം. അതിലപ്പുറം എനിക്ക് എന്ത് പറ്റും? ചിലപ്പോള്‍ ഹാന്‍ഡിക്യാമുകളില്‍ എടുക്കുന്ന സിനിമകളാവും നമ്മളെ ഞെട്ടിക്കുക. അങ്ങനെയും സിനിമകള്‍ ഉണ്ടാവണം.

? വൈഡ് റിലീസ് വേണ്ട എന്ന് എന്തുകൊണ്ട് തീരുമാനിച്ചു.

= ഞാന്‍ എന്തിനാ അറിഞ്ഞുകൊണ്ട് മരിക്കുന്നത്? എനിക്കറിയാം എന്റെ സിനിമയുടെ സാധ്യത. ഈ പടം കാണാന്‍ വരുന്നത് ആരൊക്കെ, എത്രപേര്‍ എന്നൊക്കെ കൃത്യമായി എനിക്കറിയാം.  അവരുടെ അടുത്തേക്ക് പടം എത്തിക്കാന്‍ പറ്റിയാല്‍ മതി. പത്തുപേര്‍ കയറി പടം കാണുന്ന ഒരു ഷോ നടത്തിയിട്ട് ഒരു കാര്യവുമില്ല. 100 പേര്‍ ഉള്ളിടത്ത് കൊണ്ടുചെന്ന് ഒരു ഷോ നടത്തുകയാണ് നല്ലത്. മറ്റുള്ളവര്‍ കാണാന്‍ വരാത്തതില്‍ പരിഭവിച്ച് കരഞ്ഞുനടക്കാനൊന്നും ഞാനില്ല. എന്റെ സിനിമ എന്റെ ചെറുത്തുനില്‍പ്പാണ്. രാജാവ് നഗ്നനാണെന്ന് പറയാന്‍ ഒരു കുട്ടിയെങ്കിലും വേണ്ടേ.

18 ലക്ഷം രൂപവേണം റിലീസിന്. 100 പേര്‍ കയറില്ല തിയറ്ററിലെ സാധാരണ ഒരു ഷോയ്ക്ക്്.  ആവറേജ് 100 പേര്‍ കയറിയാല്‍ അഡ്ജസ്റ്റ് ചെയ്ത് പോകാം. 10000 രൂപ കളക്ട് ചെയ്യും. എനിക്ക് കിട്ടുക രണ്ടായിരത്തില്‍ താഴെയാണ്.  ഒരാഴ്ച നൂണ്‍ഷോ നടത്തിയിട്ട് ഒരു കാര്യവുമില്ല. എന്റെ സ്‌പേസ് എനിക്കറിയാം. പറ്റാത്ത കാര്യത്തിന് എന്തിന് സമയം ചെലവാക്കണം. സൂഫി പറഞ്ഞ കഥയിലെപോലെ ഒരു പാട്ടുപോലും ഇതിലില്ല. റിലീസ് ചെയ്തുനോക്കിക്കൂടെ എന്ന് പലരും ചോദിച്ചു. എനിക്ക് ഭയമായിട്ടാണ്. നമ്മള്‍ ഇങ്ങനെ എരിഞ്ഞടങ്ങിപ്പോകും.

റിലീസിങ്ങിന്റെ ചെലവിനായി ഇനി പ്രൊഡ്യൂസറെ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. ഒരു അറ്റംപ്റ്റിനൊപ്പം നിന്ന മനുഷ്യനെ ഇനി ബുദ്ധിമുട്ടിക്കാനാവില്ല. അപ്പോള്‍ റിലീസ് ചെയ്യാന്‍ ഞാന്‍ കടമെടുക്കേണ്ടിവരും. മുരളി മാട്ടുമ്മല്‍ കൈയിലെ പണംകൊണ്ട് നഗരത്തില്‍ ഒരു ഫ്‌ളാറ്റോ വസ്തുവോ വാങ്ങുകയല്ല ചെയ്തത്. ഒരു നല്ല സിനിമക്കായി ഒപ്പം നില്ക്കുകയാണ്. അത് കുറച്ച് ആളുകളിലേക്കെങ്കിലും എത്തിക്കേണ്ടത് അയാളോട് ചെയ്യേണ്ട നീതിയാണ്. ഒരു സിനിമ പിടിച്ചതുകൊണ്ട് മാത്രം എന്റെ ഉത്തരവാദിത്തം തീരാത്തത് അതുകൊണ്ടാണ്. കൊമേഴ്‌സ്യല്‍ സിനിമയില്‍ ഈ പ്രശ്‌നമില്ല. ഒരു സിനിമ ചെയ്തുകൊടുത്ത് 50 ലക്ഷം രൂപയും വാങ്ങിപ്പോയാല്‍ സംവിധായകന്‍ ഫ്രീ ആയി. പിന്നെ സൗജന്യമായി യാത്ര ചെയ്ത് കലയുടെ മഹത്വത്തെപ്പറ്റി പ്രസംഗിച്ചാല്‍ മതി. നമുക്ക് അത് പറ്റില്ലല്ലോ.

? അപ്പോള്‍ സിനിമയുടെ പ്രചാരത്തിനായി എന്ത് മാര്‍ഗം ഉപയോഗിക്കും. സോഷ്യല്‍ മീഡിയയാണോ.

= പടം തീയറ്ററില്‍ വരുന്നുണ്ട്, വന്നു കാണൂ എന്ന് പറയാം. സോഷ്യല്‍ മീഡിയയിലൂടെ ഇത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ. അതില്‍നിന്ന് വന്ന് പടം കാണുന്നവര്‍ വളരെ കുറവാകും. അര്‍ഥവത്തായ കാര്യങ്ങള്‍ക്കൊന്നും സോഷ്യല്‍ മീഡിയയില്‍ കാര്യമായ പ്രചാരം ഉണ്ടാവാറില്ല. സാധാരണ പരസ്യമാര്‍ഗങ്ങള്‍ നമുക്ക് പറ്റില്ല. താങ്ങില്ല.

ഒരു കൊമേഴ്‌സ്യല്‍ സിനിമയുടെ പ്രചാരണത്തിന് മാത്രം 55 ലക്ഷത്തോളം രൂപ വേണം. എന്റെ ഒരു പടത്തിന്റെ ചെലവാണത്. പത്രപ്പരസ്യം, ഫ്‌ളക്‌സ്, പോസ്റ്റര്‍ എല്ലാംകൂടി മാര്‍ക്കറ്റിങ്ങിന് ഈ തുക വേണ്ടിവരും. അതുകൊണ്ട് അതുമാതിരി ആളുകള്‍ എത്തപ്പെടണമെന്ന മോഹമൊന്നുമില്ല. ജനം കാണണം. ജനം കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ നമ്മള്‍ സിനിമ പിടിക്കുന്നത്. നമ്മള്‍ കലാസമിതിക്കാരോടും ആളുകളോടും മീഡിയയോടും ഒക്കെ പറയും. മീഡിയ സപ്പോര്‍ട്ട് ചെയ്താലേ നടക്കൂ.

പരസ്യം ചെയ്യാനൊന്നും വകുപ്പില്ല. ഇതുതന്നെ തണ്ടെല്ലൊടിഞ്ഞാണ് നില്ക്കുന്നത്. അതേസമയം സ്‌കൂളുകളില്‍ മുണ്ടുവലിച്ചുകെട്ടിയും തെരുവില്‍ പ്രോജക്ടര്‍ വച്ചും ഒന്നും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ല. പുതിയ കാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളിലൊക്കെ തിയറ്ററുകളുണ്ട്. അവിടെ വന്ന് കാണൂ. ആദ്യത്തെ ഒരു ഘട്ടം കഴിഞ്ഞാല്‍ നമുക്ക് മറ്റുവഴികള്‍ ആലോചിക്കാം.

ഒരു പടത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ജഡ്ജ്‌മെന്റ ് പ്രധാനം തന്നെയാണ്. ദിവസങ്ങളോളം ഓരോ നിമിഷവുമെടുത്ത് മൈന്യൂട്ടായി ശ്രദ്ധിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. അപ്പോള്‍ അതേ പെര്‍ഫക്ഷനോടെ കാണിക്കണം എന്ന് ആഗ്രഹമുണ്ട്. അതിന് കഴിഞ്ഞില്ലെങ്കില്‍ അറ്റംപ്റ്റ് പൊളിയും.  പ്രീമിയര്‍ ഷോ ഉദ്ദേശിക്കുന്നത് കൊടുങ്ങല്ലൂരാണ്. അവര്‍ ഏതാനും ദിവസത്തെ ഷോ ഉറപ്പു പറഞ്ഞിട്ടുണ്ട്. 

നമുക്ക് നാട്ടില്‍ നൂറുകണക്കിന് ഫിലിം സൊസൈറ്റികള്‍  ഉണ്ട്.  ലോകസിനിമയിലെ മാറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം നമ്മുടെ നാട്ടിലെ പരിശ്രമങ്ങളെയും കാണാനും പ്രചരിപ്പിക്കാനും തയ്യാറാവണം. ഇവിടെ അത്തരം പ്രതിരോധങ്ങള്‍ ഇല്ലാതെപോകുന്നത് എന്തുകൊണ്ടാണ്. ഉണ്ടാകുന്നതിനെ എന്തുകൊണ്ട് സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന ചോദ്യവുമുണ്ട്. നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ ചാനലില്ല. നമുക്ക് സാറ്റലൈറ്റ് കിട്ടില്ല.  സാറ്റലൈറ്റിലൊന്നും നമുക്ക് യാതൊരു പ്രതീക്ഷയുമില്ല.

ലോകത്തിലെ പല നല്ല സിനിമകളും ഉണ്ടാക്കുന്നത് അവിടത്തെ ടിവി ചാനലുകളാണ്. അവരാണ് നല്ല സിനിമകളെ പ്രൊമോട്ട് ചെയ്യുക. നമുക്ക് കോടിക്കണക്കിന് രൂപയൊന്നും വേണ്ട. ഇവിടെ സമീപിച്ചാല്‍ നിങ്ങളെ മാര്‍ക്കറ്റ് ചെയ്യാന്‍ സാധ്യതയില്ല എന്നാണ് മറുപടി കിട്ടുക.

ഫിലിം സൊസൈറ്റി ഫെഡറേഷനെ സമീപിക്കണം. അവരുമായി സംസാരിക്കും. നിങ്ങളുടെ അടുത്തുള്ള തീയറ്ററില്‍ എനിക്കുവേണ്ടി ഒരു ഷോ. അതില്‍ തരക്കേടില്ലാത്ത പങ്കാളിത്തം. അതാണ് ഞാന്‍ അഭ്യര്‍ഥിക്കുന്നത്.

? ക്യാമ്പസുകള്‍ ഒരു സാധ്യതയല്ലേ.

= ക്യാമ്പസുകള്‍ ഒരു സാധ്യത തന്നെയാണ്. അവര്‍ അതിനനുസരിച്ച് വളരണം. നിങ്ങള്‍ ഇപ്പോഴത്തെ ക്യാമ്പസിനെ ഒന്നു നോക്ക്. നമുക്ക് ആരെയും സുഖിപ്പിക്കാനാവില്ല. പൊള്ളിക്കുന്ന കാര്യങ്ങള്‍ പറയാന്‍ ക്യാമ്പസുകള്‍ക്ക് കഴിയണം. ആറ്റിറ്റിയൂഡ് വച്ച് സിനിമയെടുക്കാനാവില്ല. അടുത്തകാലത്ത് ഇറങ്ങിയ ഒരു അരാഷ്ട്രീയ ക്യാമ്പസ് സിനിമയെ തങ്ങളുടെ സിനിമയെന്ന് തെറ്റിദ്ധരിച്ച ക്യാമ്പസുകളാണ് നമുക്കുള്ളത്. ഞാന്‍ അവരോട് എന്ത് വര്‍ത്തമാനമാണ് പറയുക.

പല സംഘടനകളുടെയും ചലച്ചിത്ര ക്യാമ്പുകളില്‍ പോയപ്പോള്‍ എന്നെ പരിഹസിച്ചുവിട്ടിട്ടുണ്ട്. എന്തിനാണ് നെയ്ത്തുകാരന്‍ പോലൊരു സിനിമ എടുത്തത് എന്ന് ചോദിച്ചവരാണ്. അവരോട് എന്താ പറയുക. ആ കുട്ടികളെ സഹതാപത്തോടെ നോക്കുകയല്ലാതെ എന്താ ചെയ്യുക?

കല്യാണരാമന്‍ പോലത്തെ ഒരു സിനിമ എടുക്കുന്നവര്‍ മിടുക്കന്മാരും നമ്മളൊക്കെ പൊട്ടന്മാരുമാണെന്ന് കരുതുന്ന കാലവും സമൂഹവുമാണ്. കല്യാണരാമന്‍ യാഥാര്‍ഥ്യമായി സ്വീകരിക്കുകയും നെയ്ത്തുകാരന്‍ ഫാന്റസിയായി കാണുകയും ചെയ്താല്‍ പിന്നെന്ത് ചെയ്യും? വാര്‍ധക്യത്തിലെത്തിയ ഒരാള്‍ തന്റെ യൗവനത്തെപ്പറ്റി പറയുന്ന സിനിമയില്‍ ഫ്‌ളാഷ് ബാക്കില്‍ വരുന്നത് പുതിയ കാലത്തെ ജീവിതം, പുതിയ കാലത്തെ വസ്ത്രം, പുതിയ കാലത്തെ വണ്ടികള്‍ ഒരു പ്രശ്‌നവുമില്ല.

പുലിജന്മം നടക്കുന്നത് കണ്ണൂരിലാണ്. അപ്പോള്‍ അവിടെനിന്നുള്ള ഒരു പുല്ലെങ്കിലും കൊണ്ടുവരണം എന്ന് നിര്‍ബന്ധം കാണിക്കുന്ന ഞാന്‍ പൊട്ടന്‍. നിങ്ങളെ പറ്റിച്ചുപോകുന്നവന്‍ മിടുക്കന്‍. യുക്തിരഹിതമായ ഒരു സമൂഹത്തിനെയാണ് നിങ്ങള്‍ കൈയടിച്ചുവിടുന്നത്. നിങ്ങള്‍ പറ്റിക്കപ്പെട്ടു. നിങ്ങള്‍ വിഡ്ഢികളായതിന് എന്നെ കുറ്റപ്പെടുത്തരുത്. ഞാന്‍ എന്ത് പിഴച്ചു. നമ്മളാണ് വിഡ്ഢികളെന്ന് ആളുകള്‍ പറയുന്നു.  ആളുകളെ വിഡ്ഢികളാക്കുന്ന സിനിമയും അതില്‍നിന്നുള്ള പണവും എനിക്ക് വേണ്ട.

? പ്രിയന്‍ വല്ലച്ചിറയ്ക്ക് ഇനി തിയറ്ററില്‍ എന്തെങ്കിലും ചെയ്യാനുണ്ടോ.

= ഞാന്‍ നാടകം ചെയ്യാറുണ്ട്. ഈ വര്‍ഷം എനിക്ക് ഒരു നാടകത്തില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്. കുറേ വര്‍ഷമായി അഭിനയിച്ചിട്ട്. സംവിധാനം ചെയ്യുന്നില്ല. ഒരു പ്ലേ കണ്ടെത്താന്‍ ശ്രീജിത്ത് രമണനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒന്ന് കണ്ടെത്തിയാല്‍ ഞാന്‍ അഭിനയിക്കും.

? അടുത്ത പ്രോജക്ട്.

=  ശബ്ദങ്ങളുടെ റൈറ്റ് വാങ്ങിവച്ചിട്ടുണ്ട്. അത് എന്ന് നടക്കും എന്നൊന്നും അറിയില്ല. കാരണം അതിന് ഇത്ര പൈസ പോര.  ഉത്തരേന്ത്യയിലൊക്കെ നടന്നിട്ടുള്ള കഥയാണ്. അവിടെപ്പോയി ഷൂട്ട് ചെയ്യണം. നല്ല പൈസ വേണം. ഏതെങ്കിലും ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍വച്ച് ലോട്ടറി വീണുകിട്ടിയാല്‍ ചെയ്യും.

ശബ്ദങ്ങള്‍ ചെയ്യാനായി ആരെങ്കിലും വന്നാല്‍ ഞാന്‍ റൈറ്റ് പിടിച്ചുവയ്ക്കുകയൊന്നുമില്ല. ആത്മാര്‍ഥതയോടെയാണ് ആ കഥയെ സമീപിക്കുന്നത് എന്ന് എനിക്ക് ബോധ്യം വന്നാല്‍ മാത്രം ഞാന്‍ റൈറ്റ് വിട്ടുകൊടുക്കും. യുദ്ധം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ബഷീര്‍ അതില്‍ കൃത്യമായി പറയുന്നുണ്ട്. യുദ്ധം കഴിഞ്ഞാല്‍ പട്ടാളക്കാരന്‍പോലും ആരുമല്ല. എല്ലാം കഴിയുമ്പോള്‍ ഓരോരുത്തരും ഒരു ടൂള്‍ മാത്രമായിരുന്നു എന്ന് തിരിച്ചറിയപ്പെടുന്നു. ഇത്രത്തോളം ശക്തമായി പറയുന്ന കൃതി വേറെയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരു മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളെയും ഇത്ര പൊളിറ്റിക്കലായി അഭിമുഖീകരിക്കുകയും യുദ്ധത്തോട് കൃത്യമായ നിലപാടെടുക്കുകയും ചെയ്യുന്ന കൃതി.

എന്തിനാണ് യുദ്ധം. അത് ഭരണാധികാരികള്‍ക്ക് വേണ്ടിയാണ്. അധികാരം നിലനിര്‍ത്താനാണ്. നമ്മളെയൊക്കെ വ്യാജ ദേശസ്‌നേഹികളാക്കുന്നത് അങ്ങനെയല്ലേ. സിനിമാതിയറ്ററില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റുനിന്നാല്‍ രാജ്യസ്‌നേഹിയായി. രാജ്യത്ത് ആഭ്യന്തരമായി എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ഉടന്‍ ഒന്നുകില്‍ പാകിസ്ഥാന്‍ അല്ലെങ്കില്‍ ചൈന നമ്മളെ ആക്രമിക്കും. അതൊരു രാഷ്ട്രീയ തന്ത്രമാണ്. ക്രിക്കറ്റില്‍ പാകിസ്ഥാന്‍ നന്നായി കളിച്ചാല്‍ കളിച്ചു എന്ന് പറയാന്‍ പറ്റുന്നില്ലല്ലോ. ഓസ്‌ട്രേലിയയുടെ കളി നന്നായെന്നും പറയാം. ഇംഗ്ലണ്ടിന്റെയും ദക്ഷിണാഫ്രിക്കയുടെയും കളി നന്നായി എന്നു പറയാം. പാകിസ്ഥാന്‍ നന്നായി കളിച്ചു എന്നുപറഞ്ഞാല്‍ നിങ്ങള്‍ രാജ്യദ്രോഹിയായി. പുറത്ത് പോയാല്‍ എത്ര സാഹോദര്യത്തോടെയാണ് പാകിസ്ഥാനികള്‍ നമ്മോട് പെരുമാറുന്നത് എന്ന് കാണാനാവും.

? കലാരംഗത്ത് സ്വാധീനിച്ച വ്യക്തികള്‍ ആരാണ്.

= മുല്ലനേഴി, കെ ആര്‍ മോഹനന്‍, പി ടി കുഞ്ഞുമുഹമ്മദ്. എനിക്ക് എപ്പോഴും ആത്മവിശ്വാസം പകര്‍ന്നിട്ടുള്ളത് ഇവരാണ്. എന്റെ സ്‌ക്രിപ്റ്റുകള്‍ ആദ്യം വായിക്കുന്നതും സിനിമകള്‍ ആദ്യം കാണുന്നതും ഇവരാണ്. മുല്ലനേഴി മാഷെപ്പോലെ ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. മാഷ് വീട്ടില്‍ വന്നാല്‍ പിന്നെ വീട്ടിലെ ഒരംഗമാണ്. മാഷ്‌ക്ക് വേണ്ടി ഒരു തോര്‍ത്തുമുണ്ട് വീട്ടില്‍ എപ്പോഴും കരുതിവയ്ക്കും. വന്നാല്‍ അത് എടുത്ത് തലയില്‍ക്കെട്ടി ഒറ്റ ഇരിപ്പാണ്. രാവുണ്ണ്യേട്ടന്‍ പറയാറുണ്ട്, കടം കൊണ്ട് പൊറുതിമുട്ടി മരിക്കണം എന്ന് തോന്നിത്തുടങ്ങിയ കാലത്ത് സഹായവുമായി വന്നത് മുല്ലനേഴി മാഷാണ് എന്ന്. മാഷ്‌ക്കും നമ്മളെപ്പോലെ ചെറിയ വരുമാനമേയുള്ളൂ. റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ സജീവമാകാം എന്ന മോഹം മാഷ്‌ക്ക് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല.

സ്വര്‍ണപ്പണിയും നാടകവുമായി നടക്കുന്ന കാലത്ത് സ്വര്‍ണപ്പണി നിര്‍ത്തി സിനിമ പഠിക്കാന്‍ ഞാന്‍ ചെന്നത് കെ ആര്‍ മോഹനേട്ടന്റെ അടുത്താണ്. ഒരു സിനിമപോലും കൃത്യമായി റിലീസ് ചെയ്യാനാവാത്ത എന്റെ ഒപ്പം വേണോ എന്നായിരുന്നു മോഹനേട്ടന്റെ ചോദ്യം. നിങ്ങളുടെ സിനിമ കണ്ട് മനസ്സിലാക്കിയാണ് വന്നത്. എനിക്ക് നിങ്ങളില്‍നിന്ന് പഠിച്ചാല്‍ മതി എന്ന് തറപ്പിച്ച് പറഞ്ഞപ്പോഴാണ് എന്നെ കൂടെ കൂട്ടിയത്.

സമാന്തര സിനിമയുടെ സാധ്യതകള്‍ മനസ്സിലാക്കിയത് ജോണ്‍ എബ്രഹാമില്‍നിന്നാണ്. നാടകത്തില്‍ എന്റെ വഴി തുറന്നുതന്നത് ജോസ് ചിറമ്മേലാണ്. അരങ്ങിന്റെ രാഷ്ട്രീയ പ്രയോഗം കൃത്യമായി മനസ്സിലാക്കിത്തന്നത് ജോസേട്ടനാണ്. അദ്ദേഹം മുദ്രാരാക്ഷസം ചെയ്യാനായി വല്ലച്ചിറയില്‍ താവളമടിച്ചതോടെയാണ് എന്റെ നാടകലോകം വികസിച്ചത്. ഞാന്‍ ചന്ദനദാസനും ജയരാജ് വാര്യര്‍ ചാണക്യനും നന്ദകിഷോര്‍ സൂത്രധാരനുമായാണ് വേഷമിട്ടത്. നാടകം പല അനുഭവങ്ങള്‍ തന്നു. മുല്ലനേഴിയില്‍നിന്നും സുരാസുവില്‍നിന്നും മറ്റുമാണ് ഞാന്‍ പാബ്ലോ നെരൂദയെയും ബ്രെഹ്തിനെയുമൊക്കെ പരിചയപ്പെടുന്നത്.

? താരസാന്നിധ്യം സിനിമയ്ക്ക് ഗുണകരമാണോ.

= ഒരുസിനിമ പത്തുപേര്‍ കൂടുതല്‍ കാണുന്നതിന് താരങ്ങളുടെ സാന്നിധ്യം സഹായിക്കുമെങ്കില്‍ അത് തെറ്റല്ല. അടൂരൊക്കെ ആ സാധ്യതയെയാണ് ഉപയോഗപ്പെടുത്തിയത്. എനിക്ക് കാശില്ലാത്തതുകൊണ്ടാണ് ഞാന്‍ താരങ്ങളെ വിളിക്കാന്‍ പോകാത്തത്. നെയ്ത്തുകാരനില്‍ അഭിനയിക്കാന്‍ ഞാന്‍ മുരളിയേട്ടനെ കാണാന്‍ പോയത് താരമെന്ന നിലയിലൊന്നുമല്ല. വിപണി മൂല്യം നോക്കിയുമല്ല. എനിക്ക് ഒരു സിനിമാമോഹമുണ്ട്. എന്റെ കൈയില്‍ ആകെ 15 ലക്ഷം രൂപയേ ഉള്ളൂ എന്ന് പറഞ്ഞാണ് ഞാന്‍ മുരളിയേട്ടനെ കണ്ടത്. അദ്ദേഹം എന്നോട് പണത്തിന്റെ കണക്ക് പറഞ്ഞിട്ടില്ല. 18 ലക്ഷം രൂപകൊണ്ടാണ് നെയ്ത്തുകാരന്‍ തീര്‍ത്തത്.

കല രണ്ടുതരത്തിലുണ്ട്. ഒന്ന് ചോറാണ്. മറ്റൊന്ന് ചോരയാണ്. എന്റെ സിനിമ എന്റെ ചോരയാണ്. സ്വന്തം ചോരകൊണ്ടാണ് ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നത്. അത് കൂടുതല്‍ ആളുകള്‍ കാണാന്‍ താരസാന്നിധ്യം സഹായിക്കുമെങ്കില്‍ അത് നല്ലതാണ്. താരം വരുമ്പോള്‍ അത് ബ്രാന്‍ഡായി മാറും. ബ്രാന്‍ഡിന് ആവശ്യക്കാര്‍ കൂടും. സാറ്റലൈറ്റ് കിട്ടും. പക്ഷേ, വില കൂടും. ആ വില എന്റെ കൈയിലില്ല. താരം പലപ്പോഴും നടന്‍ മാത്രമായി നില്‍ക്കുകയാണ്. താരത്തിന്റെയും കലാകാരന്റെയും സ്ഥാനം ചരിത്രത്തില്‍ രണ്ടാണ്. മലയാളത്തിന്റെ ദീര്‍ഘമായ സിനിമാചരിത്രത്തില്‍ ഒരു കൊട്ടാരക്കര ശ്രീധരന്‍നായരും ഒരു പി ജെ ആന്റണിയും ഉയര്‍ന്നുനില്‍ക്കുന്നത് അതുകൊണ്ടാണ്.

? ഇത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിന് സംഭവിച്ചതെന്താണ്.

= അത് ഞാന്‍ പറഞ്ഞാല്‍ പൂര്‍ണമാവില്ല. ഒരുകാരണവശാലും മന്ദാരപ്പൂവ് നടക്കരുത് എന്ന് ആഗ്രഹിച്ച നിരവധി ആളുകളുണ്ട്. വിലക്കും ഭീഷണിയും വന്നിട്ടും പൃഥ്വിരാജ് അതുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു. അമ്മയുടെ ആളുകള്‍ ആ സിനിമയുമായി സഹകരിക്കില്ലെന്ന് പറഞ്ഞു. നിരവധി ഭീഷണികളുണ്ടായി. ഒരിക്കലും കോംപ്രമൈസ് ചെയ്യില്ലെന്ന് നമ്മള്‍ കരുതുന്ന, സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ വീമ്പിളക്കുന്ന പലരും അന്ന് ആ ഭീഷണിക്കൊപ്പമാണ് നിന്നത്. വലിയ പ്രമാണിമാരും വാചകമടിക്കാരുമൊന്നും ഒപ്പമുണ്ടായില്ല. ഞാന്‍ പടം ചെയ്യാന്‍ തയ്യാറായിരുന്നു. അഭിനയിക്കാന്‍ പൃഥ്വിരാജും തയ്യാറായിരുന്നു. പണം മുടക്കുന്നവര്‍ ഭയന്നുപോയി. നമ്മുടെ എത്ര വര്‍ഷത്തെ സ്വപ്‌നവും പരിശ്രമവുമാണ് ഒരു നിമിഷംകൊണ്ട് തകര്‍ന്നുപോയതെന്ന് വീമ്പുപറച്ചിലുകാര്‍ ചിന്തിക്കണം. ആറുദിവസത്തെ ഷൂട്ട് കഴിഞ്ഞതാണ്. പാട്ടുകളും റെക്കോഡ് ചെയ്തു. ഷഹ്ബാസ് അമനൊക്കെ സംഗീത സംവിധായകനായത് ആ പടത്തിലൂടെയാണ്.

? മകന്‍ അശ്വഘോഷനെ ക്യാമറ ഏല്‍പ്പിക്കാന്‍ ആത്മവിശ്വാസം നല്‍കിയതെന്താണ്.

= പഴുത്തിട്ടുതന്നെയാണ് പറിച്ചത്. അച്ഛനും മകനും തമ്മിലുള്ള ബന്ധമൊന്നും ഇതിലില്ല. അവന്‍ ആ ജോലി ചെയ്യാന്‍ പ്രാപ്തനായി എന്നു തോന്നിയതുകൊണ്ടാണ് ഏല്‍പ്പിച്ചത്. ഇവിടെ വേറെ ചട്ടക്കൂടുകളൊന്നുമില്ല. അവന് ചെറുപ്പം മുതലേ ക്യാമറ പഠിക്കണം എന്ന് താല്‍പര്യമുണ്ടായിരുന്നു. ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ജയിച്ചുപോന്നിട്ടുള്ള കുട്ടിയൊന്നുമായിരുന്നില്ല അവന്‍. അതിനായി ഞാന്‍ നിര്‍ബന്ധിക്കാറുമില്ല. പ്ലസ്ടു കഴിഞ്ഞ വെക്കേഷനില്‍ തൃശൂരില്‍വിട്ട് സ്റ്റില്‍ ക്യാമറ പഠിപ്പിച്ചു. പ്ലസ് ടു പാസായപ്പോള്‍ ഇനിയെന്താണ് പരിപാടി എന്ന് ചോദിച്ചു. ക്യാമറ പഠിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞു. അപ്പോള്‍ എറണാകുളത്ത് കൊണ്ടുചെന്നാക്കി. എന്റെ സുഹൃത്തായ സമീര്‍ ബാബു ഉള്‍പ്പെടെ പലര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്്ത് പഠിച്ചു. കുറേ ആളുകള്‍ക്കൊപ്പം പണിയെടുത്തു. അവരോടൊക്കെ ഞാന്‍ ഒറ്റകാര്യമേ പറഞ്ഞിട്ടുള്ളൂ. പ്രിയനന്ദനന്റെ മകനാണെന്ന പരിഗണന കൊടുക്കരുത്.

മൂന്നുവര്‍ഷം ക്യാമറ പഠിച്ചു. ഏഴുസിനിമകളില്‍ വര്‍ക്ക് ചെയ്തു. അതിനുശേഷമാണ് അവനെ സ്വതന്ത്ര ക്യാമറാമാനായി ഞാന്‍ ഉപയോഗിച്ചത്. സ്വതന്ത്ര ക്യാമറാമാനായുള്ള അവന്റെ അരങ്ങേറ്റം എന്റെ സിനിമയിലായതില്‍ സന്തോഷമുണ്ട്. അവന്റെ പല ഷോര്‍ട് ഫിലിമുകളും ഞാന്‍ കണ്ടു. പ്രാപ്തി ആയിട്ടുണ്ട് എന്ന് തോന്നി ക്യാമറ കൊടുക്കുകയായിരുന്നു. സെറ്റില്‍ പ്രിയനന്ദനനും അശ്വഘോഷനും മാത്രമേയുള്ളൂ. ഇപ്പോള്‍ അവന്‍ ആദിയുടെ 'പന്ത്' എന്ന പുതിയ സിനിമയില്‍ ക്യാമറ ചെയ്യുന്നുണ്ട്.

? പുതിയ കാലത്ത് കലയുടെ സാധ്യതകള്‍ എന്ത്.

= ഡിജിറ്റല്‍ കാലം ഒരേസമയം വലിയ സാധ്യതയും അപകടവും മുന്നോട്ടുവയ്ക്കുന്നുണ്ട്. വലിയ വര്‍ണക്കാഴ്ചകളൊരുക്കി ഞെട്ടിക്കുകയാണ് പ്രൊഡക്ഷന്‍ ഹൗസുകള്‍. ഡിജിറ്റല്‍ സൗകര്യങ്ങളുടെയും സാങ്കേതിക തള്ളിച്ചയുടെയും പ്രളയത്തില്‍ കലയെ കൈവിട്ടാല്‍ അവിടേക്ക് കടന്നുവരുന്നത് ഫാസിസമാവും. കലയും സംസ്‌കാരവും ഇല്ലാത്ത ഇടത്തിലേക്കാണ് ഫാസിസം കടന്നുവരുന്നത്.

40 ആംഗിളുകളില്‍ ക്യാമറ വച്ച് ഷൂട്ട് ചെയ്ത് ആദ്യം ജനങ്ങളെ ഞെട്ടിച്ചത് ഏതെങ്കിലും സിനിമാക്കാരനല്ല, അഡോള്‍ഫ് ഹിറ്റ്‌ലറാണ്. എന്നാല്‍ സാങ്കേതിക വിദ്യയുടെ ബലത്തില്‍ അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന് ചരിത്രം പഠിപ്പിച്ചു. പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവില്‍നിന്ന് പരിമിതമായ സൗകര്യങ്ങളോടെ ഗ്രേറ്റ് ഡിക്ടേറ്റര്‍ പിടിച്ച് ചാപ്ലിന്‍ ഹിറ്റ്‌ലറെ പരിഹസിച്ചു. ചരിത്രം സ്വീകരിച്ചത് ഹിറ്റ്‌ലറെയല്ല ചാപ്ലിനെയാണ്.

ഡിജിറ്റല്‍ കാലത്തിന്റെ സാധ്യതകള്‍ ഏറ്റവും തിരിച്ചറിഞ്ഞത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്തെല്ലാം പ്രചാരണമാണ് നടക്കുന്നത്. ഡിജിറ്റലൈസേഷന്റെ തന്ത്രങ്ങളെ പ്രതിരോധിക്കാനാവില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയല്ല വേണ്ടത്. ബാഹുബലിക്കുമുന്നില്‍ പരാജയപ്പെട്ടു നില്‍ക്കുകയല്ല വേണ്ടത്. അതാണ് സിനിമ എന്ന് വിശ്വസിക്കരുത്. ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് സൂപ്പര്‍ഹിറ്റുകളല്ല. നമുക്ക് ഒരുപാട് അമര്‍ചിത്രകഥകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മനസ്സില്‍ പതിഞ്ഞത് അരവിന്ദന്‍ വരച്ചിട്ട ചെറിയ മനുഷ്യരും വലിയ ലോകവുമാണ് .


 

പ്രധാന വാർത്തകൾ
Top