Top
27
Tuesday, June 2017
About UsE-Paper

ബാഹുബലി ടീം 23ന് കൊച്ചിയിൽ

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതി. ബാഹുബലി 2 ദ കൺക്ലൂഷൻ ഏപ്രിൽ 28 ന് പുറത്തിറങ്ങും. 4 വർഷമാണ് സിനിമയുടെ ചിത്രീകരണത്തിനായി എടുത്തത്. മറ്റൊരു ചിത്രത്തിനും ഡേറ്റ് നൽകാതെ ബാഹുബലിക്കു വേണ്ടി മാത്രമായി നായക നടനായ പ്രഭാസ് നാല് വർഷമാണ് മാറ്റി വച്ചത്. 2013ൽ പുറത്തിറങ്ങിയ മിർച്ചി ആയിരുന്നു പ്രഭാസ് നായകനായി അവസാനം ഇറങ്ങിയ ചിത്രം. അവിടുന്നിങ്ങോട്ട് ബാഹുബലിക്കൊപ്പം ആയിരുന്നു പ്രഭാസ്.

ബാഹുബലിയുടെ രണ്ടാം ഭാഗം തീയറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ബാഹുബലി ടീം കേരളത്തിൽ വരുന്നു. 23 നാണ് പരിപാടി. നായകനായ പ്രഭാസ് കട്ടപ്പയായി അഭിനയിച്ച സത്യരാജ്, സംവിധായകൻ രാജമൗലി, നായിക അനുഷ്‌ക ഷെട്ടി, നാസർ എന്നിവരാണ് പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തുന്നത്.

പ്രഭാസ് എന്ന നടന്റെ സിനിമയോടുള്ള ആത്മാർത്ഥതയേയും സമർപ്പണമനോഭാവത്തേയും സംവിധായകൻ എസ് എസ് രാജമൗലി എടുത്തു പറയുന്നു. വേണമെങ്കിൽ ഏഴു വർഷം വരെ ബാഹുബലിക്കു വേണ്ടി മാറ്റി വച്ചേനെ എന്ന് പറയുന്ന പ്രഭാസ് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജമൗലിയുടെ സിനിമയോടുള്ള അഭിനിവേശം ആണ് ബാഹുബലിയെ വലിയ വിജയത്തിലേക്ക് എത്തിച്ചത് എന്നും താൻ രാജമൗലിയെ പൂർണമായും വിശ്വസിച്ച് കൂടെ നിൽക്കുക മാത്രമാണ് ചെയ്തതെന്നും പ്രഭാസ് പറയുന്നു. എന്നാൽ പ്രഭാസിനെപ്പോലെ തിളങ്ങി നിൽക്കുന്ന നടൻ ഇത്രയും സമയം ഒരു സിനിമക്ക് വേണ്ടി മാത്രം മാറ്റി വക്കുന്നതും തന്നിൽ അർപ്പിച്ച വിശ്വാസവുമാണ് ബാഹുബലി ഉണ്ടാകാൻ കാരണം എന്നാണ് രാജമൗലിയുടെ പക്ഷം.

ചിത്രീകരണത്തിനിടെ പ്രഭാസിന്റെ തോളിന് പരിക്കേൽക്കുകയും ഉണ്ടായി. അതി സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. ബാഹുബലിയുടെ ചിത്രീകരണം അവസാനിച്ചപ്പോൾ ആദ്യം ചെയ്തകാര്യം വളർന്നു നിൽക്കുന്ന മുടി മുറിച്ചു മാറ്റുകയായിരുന്നു. മുടിമുറിച്ചുകളഞ്ഞപ്പോൾ തന്റെ പകുതി ഭാരം കുറഞ്ഞു എന്നും പ്രഭാസ് പറയുന്നു. ചെന്നൈയിൽ വച്ചു നടന്ന ബാഹുബലിയുടെ ഓഡിയോ റിലീസ് ചടങ്ങിൽ സംസാരിക്കുമ്പോൾ തന്റെ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരോടുള്ള നന്ദിയും അറിയിച്ചു.

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവമായിരിക്കും ബാഹുബലി രണ്ടിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ബ്രഹ്മാണ്ഡ സെറ്റും അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കോണ്ട് ആരാധകരെ കൈയ്യിലെടുത്ത സിനിമയുടെ ട്രെയിലർ നൽകുന്ന സൂചന ബാഹുബലി 2 ദ കൺക്ലൂഷൻ പ്രേക്ഷകർക്ക് നവ്യാനുഭവമായിരിക്കും എന്നു തന്നെ ആണ്.

 

Related News

കൂടുതൽ വാർത്തകൾ »