26 September Wednesday

‘ഗപ്പി’ക്ക്‌ ശേഷം ‘അമ്പിളി’യുമായി ജോൺപോൾ; സൗബിൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

കൊച്ചി > ജോൺപോൾ എന്ന പുതുമുഖ സംവിധായകൻ മലയാള സിനിമയിലേക്കുള്ള വരവറിയിച്ച ചിത്രമാണ്‌ ടൊവിനോ തോമസ്‌ നായകനായ ഗപ്പി.  ഏറെ പ്രേക്ഷകപ്രശംസ നേടിയ ‘ഗപ്പി’ക്ക്‌ ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് ജോണ്‍പോള്‍.

‘അമ്പിളി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ സൗബിന്‍ ഷാഹിറാണ് നായകന്‍. ദുല്‍ഖര്‍ സല്‍മാനാണ് വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കമ്പിളി തൊപ്പി ധരിച്ച് ക്ലീന്‍ ഷേവില്‍ കൗതുകമുള്ള ലുക്കിലാണ് സൗബിന്‍ പോസ്റ്ററില്‍. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സൗബിന്‍ നായകനാകുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിക്കുണ്ട്.

നസ്രിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അമ്പിളി. തന്‍വി റാം എന്ന പുതുമുഖതാരമാണ്‌ നായിക. ഗപ്പി നിര്‍മ്മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌ തന്നെയാണ്‌ ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.

നവീന്‍ നസീമും തന്‍വി റാമും

നവീന്‍ നസീമും തന്‍വി റാമും



ഗപ്പി അഞ്ച് സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. രണ്ട് വര്‍ഷമായി അമ്പിളിയുടെ പണിപ്പുരയിലായിരുന്നുവെന്ന് ജോണ്‍പോൾ പറയുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് പുതിയ ചിത്രത്തിന്റെയും നിര്‍മ്മാണം. മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍. തന്‍വി റാം എന്ന നായികയെയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്.

രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മൂവിയുമായി ജോണ്‍പോള്‍ എത്തുന്നത്. ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിവസം ആരാധകര്‍ മുന്‍കയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. റിലീസിന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകസ്വീകാര്യത നഷ്ടമാകാത്ത ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍.ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

കിരണ്‍ ദാസ് എഡിറ്റിങ്ങും വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളർ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top