16 November Friday

മലയാളത്തിളക്കം

എം അഖിൽUpdated: Saturday Apr 14, 2018

ദേശീയ ചലചിത്രപുരസ്‌കാരങ്ങള്‍ അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പ്രഖ്യാപിക്കുന്നു

ന്യൂഡൽഹി > നവതി ആഘോഷിക്കുന്ന മലയാള സിനിമയ്ക്ക് 65ാമത് ദേശീയചലച്ചിത്രപുരസ്‌കാര പ്രഖ്യാപനത്തിൽ അഭിമാനത്തിളക്കം. മികച്ച സംവിധായകൻ, ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, ഗായകൻ തുടങ്ങി പത്തിലേറെ പ്രധാനപുരസ്‌കാരങ്ങൾ മലയാളചലച്ചിത്രപ്രതിഭകൾക്ക്. അന്തരിച്ച ബോളിവുഡ്താരം ശ്രീദേവി അവസാനം അഭിനയിച്ച 'മോം' എന്ന ചിത്രത്തിലൂടെ മികച്ച നടിയായി. ബംഗാളിതാരം ഋതി സെൻ ആണ് മികച്ച നടൻ (നഗർകീർത്തൻ). അന്തരിച്ച പ്രമുഖ ബോളിവുഡ്താരം വിനോദ്ഖന്നയ്ക്ക് ദാദേസാഹേബ് ഫാൽക്കെ പുരസ്‌കാരം നൽകുമെന്നും പ്രശസ്ത സംവിധായകൻ ശേഖർകപൂർ അധ്യക്ഷനായ ജൂറി അറിയിച്ചു.

'ഭയാനകം' എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. ഇതേചിത്രത്തിലൂടെ നവാഗതനായ നിഖിൽ എസ് പ്രവീൺ മികച്ച ഛായാഗ്രാഹകനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ജയരാജ് നേടി. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ഹഫദ്ഫാസിൽ മികച്ച സഹനടനായപ്പോൾ സജീവ്പാഴൂർ മികച്ച തിരക്കഥാകൃത്തായി. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' മികച്ച മലയാള ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. 'വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം...' എന്ന ഗാനത്തിലൂടെ കെ ജെ യേശുദാസ് മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം ഒരിക്കൽ കൂടി നേടി. ഇത് എട്ടാം തവണയാണ് യേശുദാസിന് ദേശീയപുരസ്‌കാരം.

 നവാഗതനായ വി സി അഭിലാഷിന്റെ 'ആളൊരുക്കം' മികച്ച സാമൂഹ്യവിഷയം കൈകാര്യംചെയ്ത സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാനഅവാർഡ് നേടിയ ഇന്ദ്രൻസ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അവസാനഘട്ടം വരെ പരിഗണിക്കപ്പെട്ടെന്ന് ജൂറി ചെയർമാൻ വെളിപ്പെടുത്തി. 'ടേക്ക്ഓഫി'ലൂടെ പാർവതി പ്രത്യേകപരാമർശത്തിന് അർഹയായി. ഇതേ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങിന് സന്തോഷ്‌രാമൻ പുരസ്‌കാരം നേടി. ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയായ ജെസരിയിൽ ഒരുക്കിയ 'സിൻജാർ' എന്ന ചിത്രത്തിലൂടെ കോഴിക്കോട് സ്വദേശിയായ സന്ദീപ് പാമ്പള്ളി മികച്ച നവാഗത സംവിധായകനുള്ള അവാർഡ് നേടി. ഷിബു സുശീലൻ നിർമിച്ച ചിത്രം ജെസരി ഭാഷയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ലഡാക്കി ചിത്രമായ വാക്കിങ് വിത്ത് ദ വിൻഡിലൂടെ മികച്ച സൗണ്ട് ഡിസൈനറായി സനൽ ജോർജും റീ റിക്കോഡിങ്ഫൈനൽ മിക്‌സിങ് പുരസ്‌കാരം  ജസ്റ്റിൻ എ ജോസും നേടി.

കഥേതരവിഭാഗത്തിലും മലയാളം അഭിമാനാർഹമായ നേട്ടം സ്വന്തമാക്കി. ഈ വിഭാഗത്തിലെ മികച്ച ഛായാഗ്രാഹകനായി അപ്പു പ്രഭാകർ (ഐ ടെസ്റ്റ്) തെരഞ്ഞെടുക്കപ്പെട്ടു. വയനാട്ടിലെ പണിയസമുദായത്തിന്റെ ജീവിതം വരച്ചിട്ട അനീസ് കെ മാപ്പിളയുടെ 'ദ സ്ലേവ് ജെനസിസ്' മികച്ച എത്തനോഗ്രാഫിക്ക് ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'ദി സ്വോർഡ് ഓഫ് ലിബർട്ടി: ദി ലൈഫ് ആൻഡ് ഡെത്ത് ഓഫ് വേലുത്തമ്പിദളവ' മികച്ച ചരിത്രസിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലൂടെ രമേഷ്‌നാരായണൻ കഥേതരവിഭാഗത്തിലെ മികച്ച സംഗീതസംവിധായകനായി. സുരേഷ്എറിയാട്ട് സംവിധാനം ചെയ്ത 'ബാസ്‌ക്കറ്റ്' ആണ് മികച്ച അനിമേഷൻ ചിത്രം.

'വില്ലേജ് റോക്ക്സ്റ്റാർ' ആണ് ദേശീയതലത്തിൽ മികച്ച ചിത്രം. 'കാട്ര് വെളയിടെ' എന്ന മണിരത്‌നം ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരവും 'മോം'മിലൂടെ പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരവും എ ആർ റഹ്മാൻ നേടി.ജനപ്രിയചിത്രമായി 'ബാഹുബലി: ദി കൺക്ലൂഷൻ' തെരഞ്ഞെടുക്കപ്പെട്ടു. മെയ് മൂന്നിന് രാഷ്ട്രപതി പുരസ്‌കാരങ്ങൾ വിതരണംചെയ്യും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top