22 October Monday

ഒരു നല്ലകാലം നമുക്കുണ്ടായിരുന്നു, കേരളത്തില്‍ അതിപ്പോഴും ഉണ്ടെന്നു പറയാം; എന്തിനെക്കുറിച്ചും തുറന്നുപറയാനുള്ള ഇടം ഇപ്പോഴും കേരളത്തിലുണ്ട്: രാജീവ് രവി

ഉണ്ണിUpdated: Saturday Dec 9, 2017

 പത്മാവതി സിനിമയുടെ പേരില്‍ ദീപിക പദുകോണിനെ അംഗഭംഗയാക്കാന്‍ ആഹ്വാനം മുഴങ്ങുമ്പോള്‍, പേരിഷ്ടപ്പെടാത്ത സിനിമയെ കോടതിയെ വെല്ലുവിളിച്ചും മേളയ്ക്ക് പുറത്തുനിര്‍ത്തുമ്പോള്‍ രാജ്യത്തെ കലാകാരന്മാര്‍ എന്താണ് ചെയ്യേണ്ടത്? 'ഇപ്റ്റയെ മറക്കരുത്' സംശയമില്ലാതെ രാജീവ് രവി പറഞ്ഞു. വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മുന്നില്‍ വഴിയുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ സിനിമകളിലൂടെ മലയാളത്തില്‍ ഭാവുകത്വപരിണാമത്തിന് വഴിമരുന്നിട്ട സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്.

ഭയത്തിന്റെ രാഷ്ട്രീയം
    കൊല്ലാന്‍ പരസ്യവെല്ലുവിളി നടത്തുന്നതും കൊല്ലുന്നതുമൊന്നും ആദ്യമായുള്ള കാര്യങ്ങളല്ല. നിലവില്‍ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടവിധം പോകുകയാണ് കാര്യങ്ങള്‍. കലയുടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും ലോകത്തേക്ക് ഭയം കടത്തിവിടാന്‍ അവര്‍ക്കായി. ഒരു നല്ലകാലം നമുക്കുണ്ടായിരുന്നു. കേരളത്തില്‍ അതിപ്പോഴും ഉണ്ടെന്നു പറയാം. എന്തിനെക്കുറിച്ചും തുറന്നുപറയാനുള്ള ഇടം ഇപ്പോഴും കേരളത്തിലുണ്ട്.
അവിശ്വസനീയമായ കാര്യങ്ങളാണ് ചുറ്റും സംഭവിക്കുന്നത്. ഗോവയില്‍ ഒരു സിനിമയെ പുറത്തുനിര്‍ത്താനുള്ള തീരുമാനം എത്ര ലളിതമായാണ് അവര്‍ നടപ്പാക്കിയത്. അതീവ ശ്രദ്ധയോടെയുമാണ് അവര്‍ ഓരോ ചുവടും വയ്ക്കുന്നത്. പ്രത്യയശാസ്ത്രത്തിലൂന്നിയാണ് അവര്‍ മുന്നോട്ടുപോകുന്നത്. വെറുപ്പിന്റെ, ഭയത്തിന്റെ ആ പ്രത്യയശാസ്ത്രം പരത്താനും അംഗീകരിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയുന്നു. അവരെ ചെറുക്കാന്‍ പ്രത്യയശാസ്ത്രപരമായ മുന്നേറ്റങ്ങള്‍ ഉണ്ടാകണം.

കലാകാരന്മാര്‍ എന്ത് ചെയ്യണം
   ഇപ്റ്റയെ മറക്കരുത്. ഇടതുപക്ഷത്തിന്റെ സാംസ്‌കാരികവിഭാഗമായ ഇപ്റ്റയില്‍നിന്നാണ് രാജ്യത്ത് പുരോഗമനസ്വഭാവമുള്ള കലയും സാഹിത്യവും സിനിമയുമെല്ലാം പിറന്നുവീണത്. ഇന്ത്യയിലെ കൊളോണിയല്‍ ഭരണകര്‍ത്താക്കളെ വെല്ലുവിളിച്ചാണ് ഇപ്റ്റ പിറവിയെടുത്തത്. എഴുത്തുകാരും ചിത്രകാരന്മാരും സംഗീതജ്ഞരും ചലച്ചിത്രകാരന്മാരുമെല്ലാം പ്രതിരോധത്തിന്റെ ശബ്ദം ഉയര്‍ത്തേണ്ടതുണ്ട്. തികച്ചും നൈസര്‍ഗികമായി വേണം എതിരൊഴുക്കുകള്‍ ഉണ്ടാകേണ്ടത്. സാമൂഹിക പ്രതിബദ്ധതയുള്ള ഏത് കലാകാരനിലും അത് ആന്തരികമായി സംഭവിക്കേണ്ടതാണ്. ഇപ്റ്റ ഒരിക്കല്‍ അതായിരുന്നു. ആ കാലഘട്ടം നാം മറന്നുപോകരുത്. നമുക്കുമുന്നില്‍ വഴികളുണ്ട്. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പെട്ടെന്ന് നിശബ്ദമാകും. എതിര്‍ശബ്ദങ്ങളുടെ പാരാവാരമാണ് നമുക്ക് വേണ്ടത്.

അന്നയും റസൂലും ചിത്രീകരണ വേളയില്‍

അന്നയും റസൂലും ചിത്രീകരണ വേളയില്‍മലയാള സിനിമയില്‍ പ്രതീക്ഷ

       കേരളത്തില്‍ വലിയ പ്രതീക്ഷയുള്ള സമയമാണിപ്പോള്‍. സിനിമ എടുക്കുന്നവരിലും കാണാനെത്തുന്നവരിലും ഗുണകരമായ മാറ്റമുണ്ടായി. നിരവധി പുതിയ നടന്മാരെത്തി. അവര്‍ താരങ്ങളല്ല, അഭിനേതാക്കളായി നില്‍ക്കുന്നു. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെല്ലാം നിറഞ്ഞ സദസ്സില്‍ ഓടുകയെന്നാല്‍, അത് വലിയ മാറ്റമാണ്. അത്തരത്തില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തുറക്കുകയാണ്. കൊച്ചുകഥകളെക്കുറിച്ചും ചെറിയ ജീവിതസന്ദര്‍ഭങ്ങളെക്കുറിച്ചുമെല്ലാം അവര്‍ ചിന്തിച്ചുതുടങ്ങി. ഫോര്‍മുലകള്‍ മാറും. കുറഞ്ഞത് അഞ്ചുവര്‍ഷത്തേക്കെങ്കിലും ഇത്തരത്തിലുള്ള സിനിമകള്‍ വന്നുകൊണ്ടിരിക്കും. പിന്നീട് ഇതൊരു ഫോര്‍മുലയായി മാറിയേക്കാം. എങ്കിലും കുറച്ചുനാളത്തേക്ക് സിനിമയ്‌ക്കൊരു നവീനതയുണ്ടാകും.

എന്‍ എന്‍ പിള്ളയാകാന്‍ നിവിന്‍ പോളി
   തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍. നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ജീവിതം ആധാരമാക്കിയുള്ള സിനിമയാണ് അടുത്തതായി മലയാളത്തില്‍ ഒരുക്കുന്നത്. അടുത്തവര്‍ഷം അവസാനമാകും തുടങ്ങാന്‍. രണ്ടാംലോകയുദ്ധം, സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യ, ഐക്യകേരളം എന്നിവ ചേരുന്ന വലിയ ക്യാന്‍വാസാണ് സിനിമയില്‍. വളരെ സാധാരണക്കാരനായ മലയാളിയുടെ ലുക്ക് നിവിന്‍ പോളിക്കുണ്ട്. എന്‍ എന്‍ പിള്ളയുടെ മട്ടും ഭാവവുമൊക്കെ നിവിന് വഴങ്ങുമെന്ന് തോന്നി രാജീവ് രവി പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top