21 November Wednesday
സിനിമയ‌്ക്ക‌് പിന്തുണയുമായി കമലും രജനിയും

എഐഎഡിഎംകെ പ്രതിഷേധം; 'സർക്കാർ' സിനിമയിലെ വിവാദ രംഗങ്ങൾ നീക്കി

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ചെന്നൈ > വിജയ‌് നായകനായ സർക്കാർ സിനിമയ‌്ക്കെതിരായ എഐഎഡിഎംകെയുടെ  പ്രതിഷേധം തെരുവിലേക്ക‌് പടർന്നതോടെ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കി. വെള്ളിയാഴ‌്ച ഉച്ചയ‌്ക്ക‌ുശേഷം തമിഴ‌്നാട്ടിലെ തിയറ്ററുകളിൽ വിവാദ രംഗങ്ങൾ നീക്കിയ ചിത്രമാണ‌് പ്രദർശിപ്പിച്ചത‌്. കേരളമുൾപ്പെടെയുള്ള മറ്റ‌് സംസ്ഥാനങ്ങളിൽ ഇത‌് ബാധകമല്ലെന്ന‌് നിർമാതാക്കളായ സൺ പിക‌്ചേഴ‌്സിനെ ഉദ്ധരിച്ച‌് വാർത്താ ഏജൻസി റിപ്പോർട്ട‌് ചെയ‌്തു.

തമിഴ‌്നാട‌് മുൻ മുഖ്യമന്ത്രി ജയലളിതയെ ചിത്രത്തിൽ മോശമായാണ‌് ചിത്രീകരിച്ചതെന്നാണ‌് സിനിമയ‌്ക്കെതിരായ പ്രധാന ആക്ഷേപം. സർക്കാരിന്റെ പല പദ്ധതികളേയും സിനിമയിൽ അവഹേളിക്കുന്നതായും ആരോപിക്കുന്നു. തിരക്കഥയിൽ ഇത്തരം പരാമർശങ്ങൾ വരാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന‌് ഫിഷറീസ‌് മന്ത്രി ഡി ജയകുമാർ ആവശ്യപ്പെട്ടു.

സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട‌് മധുരയിലെ തിയറ്ററിനു മുന്നിൽ എഐഎഡിഎംകെ പ്രവർത്തകർ ധർണ നടത്തി. തിയറ്ററിന‌് മുന്നിൽ സ്ഥാപിച്ച വിജയ‌്‌യുടെ കൂറ്റൻ കട്ടൗട്ട‌് നശിപ്പിച്ചതോടെ സിനിമയുടെ പ്രദർശനം നിർത്തിവച്ചു. ചിത്രം പുകവലിയെ പ്രോൽസാഹിപ്പിക്കുന്നു എന്നാരോപിച്ച‌് നായകൻ വിജയ‌്ക്കും സംവിധായകൻ എ ആർ മുരുഗദോസിനുമെതിരെ ആരോഗ്യവകുപ്പ‌് നോട്ടീസയച്ചു.

വ്യാഴാഴ‌്ച രാത്രി എ ആർ മുരുഗദോസിന്റെ വീട്ടിൽ പൊലീസ‌് പരിശോധനയ‌്ക്കെത്തിയതും വിവാദമായി. ഇതിന‌് പിന്നാലെ വെള്ളിയാഴ‌്ച രാവിലെ സംവിധായകൻ മുൻകൂർ ജാമ്യാപേക്ഷയ‌്ക്ക‌് കോടതിയെ സമീപിച്ചു.സിനിമയ‌്ക്ക‌് പിന്തുണയുമായി മക്കൾ നീതി മയ്യം നേതാവ‌് കമൽ ഹാസനും സൂപ്പർ താരം രജനികാന്തും നടികർ സംഘം പ്രസിഡന്റ‌് വിശാലും രംഗത്തെത്തി. സെൻസർ സർട്ടിഫിക്കറ്റ‌് ലഭിച്ച സിനിമയുടെ നിർമാതാക്കൾക്കെതിരെ സർക്കാർ സമ്മർദം ചെലുത്തുന്നത‌് ആദ്യ സംഭവമല്ലെന്നും വിമർശനം അംഗീകരിക്കാത്ത ഭരണാധികാരികൾ താഴെ വീഴുമെന്നും കമൽ ഹാസൻ ട്വീറ്റ‌് ചെയ‌്തു. വിജയ‌് ചിത്രങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധം ശരിയല്ലെന്ന‌് നടിയും കോൺഗ്രസ‌് നേതാവുമായ ഖുശ‌്ബു പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top