19 January Saturday

രജീഷ... സൂപ്പർ മേക്ക്ഓവർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019


 കുറുമ്പുകാണിക്കുന്ന, ബുക്കിൽ വച്ച‌് ഭക്ഷണം കഴിക്കുന്ന, പ്ലേറ്റിലും കാമുകന്റെ പേരെഴുതുന്ന, അവനോടൊത്ത് യാത്രചെയ്യുന്ന പെൺകുട്ടിയായി രജീഷ വിജയൻ മാറിയ ജൂൺ സിനിമയിലെ ഗാനരംഗം  സമൂഹമാധ്യമങ്ങളിൽ തരംഗമായി. പക്ഷേ ഇതിനുപിന്നിൽ രജീഷക്ക് പറയാൻ ആരും പ്രതീക്ഷിക്കാത്ത മേക്ക്ഓവർ കഥയുണ്ട്. കഠിനമായ ജിം വർക്ക്ഔട്ടുകൾ, പല്ലിൽ കമ്പിയിടൽ, ഭക്ഷണ ക്രമീകരണം തുടങ്ങി ഏറെ പണിപ്പെട്ടാണ് രജീഷ കൗമാരക്കാരിയായ ജൂൺ ആയിമാറിയത്. ഇതിനെല്ലാമുപരി തനിക്കേറെ പ്രിയപ്പെട്ട മുടിയും മുറിക്കേണ്ടിവന്നു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ‘മിന്നി മിന്നി’ എന്നുതുടങ്ങുന്ന ഗാനവുമാണ് ആദ്യം പുറത്തുവന്നത്. ഗാനരംഗങ്ങളിൽ നിന്ന‌്തന്നെ രജീഷയുടെ മേക്ക്ഓവർ സിനിമാലോകത്ത് ചർച്ചയായിരുന്നു. പിന്നാലെ മേക്ക്ഓവറിന്റെ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഈ ലുക്കിലെത്താൻ വളരെ കുറച്ചൊന്നുമല്ല രജീഷ വർക്കുചെയ്തതെന്ന് തെളിയിക്കുന്നതാണ് വീഡിയോ. തന്റെ ശരീരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മുടിയായിരുന്നു. അത് മുറിക്കാൻ താൻ ആദ്യം സമ്മതിച്ചിരുന്നില്ലെന്നും നിർമാതാവ് വിജയ് ബാബു പറഞ്ഞതിന് ശേഷമാണ് മുടിമുറിക്കാൻ തയ്യാറായതെന്ന് രജീഷ പറയുന്നു.

കുറച്ച് കഷ്ടപ്പെട്ടെങ്കിലും ജൂണിൽ ഒരുപാട് പ്രതീക്ഷയിലാണ് രജീഷ. സ്‌ക്രിപ്റ്റ് കേട്ടപ്പോഴെ താൻ ചാടിക്കയറി യെസ് പറഞ്ഞ ചിത്രമാണ് ജൂൺ, ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണിത്. ജൂണിനെ എന്നെ ഏൽപ്പിച്ചതിന് ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ഒരുപാട് നന്ദിയുണ്ടെന്നും രജീഷ പറഞ്ഞു. 17 വയസ് മുതൽ 25 വയസ് വരെയുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് സിനിമ പറയുന്നത്. 17ഉം 25ഉം വയസുള്ള പെൺകുട്ടിയുടെ വേഷത്തിൽ രജീഷ എത്തുന്നുണ്ട്. ചിത്രത്തിനായി ഒൻപത് കിലോ ഭാരവും രജീഷ കുറച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നവാഗതനായ അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.

കോഴിക്കോട‌് പേരാമ്പ്ര സ്വദേശിയായ രജിഷ, ചാനൽ അവതാരികയായാണ‌് സിനിമയിലെത്തുന്നത‌്. ആദ്യസിനിമ ‘അനുരാഗ കരിക്കിൻ വെള്ള’ത്തിലെ അഭിനയത്തിന‌് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. ജോർജേട്ടൻസ‌് പൂരം, ഒരു സിനിമാക്കാരൻ എന്നീ സിനിമകളിലും നായികയായി.


പ്രധാന വാർത്തകൾ
Top