21 September Friday

ഭയപ്പെടുത്താൻ അനുരാഗ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ബോളിവുഡ് സിനിമയെ പരമ്പരാഗത ചട്ടക്കൂട്ടിൽനിന്ന‌് മോചിപ്പിക്കുന്ന സിനിമകളുമായെത്തിയ സംവിധായകൻ അനുരാഗ് കശ്യപിന് തെന്നിന്ത്യൻ സിനിമയിൽ ഞെട്ടിപ്പിക്കുന്ന രംഗപ്രവേശം. നയൻതാര മുഖ്യകഥാപാത്രമായ ‘ഇമയ്ക്ക നൊടികൾ’ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് അനുരാഗ് തമിഴിൽ രംഗപ്രവേശം ചെയ്തത്. അതിബുദ്ധിമാനായ കൊലയാളിയുടെ വേഷമാണ് അനുരാഗ് ഗംഭീരമാക്കിയത്. നാടകരംഗത്തും ഹിന്ദി സിനിമകളിലും മുമ്പ‌് അനുരാഗ് കശ്യപ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഗജിനി ഒരുക്കിയ എ ആർ മുരുകദോസിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ അകീരയിൽ അനുരാഗിന്റെ പൊലീസ് ഓഫീസർ കഥാപാത്രം കൈയടി നേടിയിരുന്നു. മുരുകദോസിന്റെ അസിസ‌്റ്റന്റായിരുന്ന അജയ് ജ്ഞാനമുത്തുവാണ‌് ഇമൈക്ക നോടികളുടെ സംവിധായകൻ. തെന്നിന്ത്യൻ സൂപ്പർസംവിധായകൻ ഗൗതംവാസുദേവ് മേനോൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. തിരക്കുകൾമൂലം അദ്ദേഹം ഒഴിവായതിനെ തുടർന്നാണ‌് അജയ് അനുരാഗ് കശ്യപിനെ സമീപിച്ചത്.

രുദ്ര എന്ന കഥാപാത്രത്തിന്റെ സവിശേഷതകളിൽ ആകൃഷ്ടനായാണ് എല്ലാ തിരക്കും മാറ്റിവച്ച് അനുരാഗ് അഭിനയിക്കാൻ തയ്യാറായത്. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ അനുരാഗ് മികച്ച രീതിയിൽ അവതരിപ്പിച്ചെന്നാണ് പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം. മലയാളം, തമിഴ് സിനിമകളുടെ ആരാധകൻ കൂടിയാണ് അനുരാഗ്. ധനുഷ്, വിജയ് സേതുപതി എന്നിവരെ വച്ച് സിനിമയെടുക്കണമെന്ന ആഗ്രഹവും സിനിമയുടെ പ്രചാരണപരിപാടികളിൽ അനുരാഗ് മറച്ചുവച്ചില്ല. ഗ്യാങ്സ് ഓഫ് വശ്യപൂർ, ബ്ലാക്ക് ഫ്രൈഡേ, ദേവ് ഡി, ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട് തുടങ്ങിയ ശ്രദ്ദേയ സിനിമകൾ ഒരുക്കിയ അനുരാഗ് കശ്യപ് നവാസു ദ്ദീൻ സിദ്ധിഖി, വിക്കി കൗശാൻ തുടങ്ങിയ മികച്ച അഭിനേതാക്കളെ അവതരിപ്പിക്കുകയും ചെയ്തു. അനുരാഗിന്റെ ഏറ്റവും പുതിയ ചിത്രം ‘മൻമാർസിയാൻ’ ഈ മാസം റിലീസ് ചെയ്യും. തപ്സി പന്നുവും അഭിഷേക് ബച്ചനും വിക്കി കൗശാലുമാണ് മുഖ്യതാരങ്ങൾ.


പ്രധാന വാർത്തകൾ
Top