13 December Thursday

താരസംഘടനയെ ആര്‌ തിരുത്തും...സജിത മഠത്തില്‍ ചോദിക്കുന്നു

ഗിരീഷ‌് ബാലകൃഷ‌്ണൻUpdated: Sunday Jul 1, 2018

സജിത മഠത്തിൽ

കുറ്റാരോപിതനായ നടനെ സംഘടനയിൽ തിരിച്ചെടുക്കുന്നതിനെ എതിർക്കുന്നവർ എന്തുകൊണ്ട് യോഗത്തിൽ അതുന്നയിച്ചില്ല എന്നതാണ് ഡബ്ല്യുസിസിക്കെതിരെ ഉയർത്തുന്ന പ്രധാനചോദ്യം. എല്ലാ യോഗങ്ങളിലും എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാനാകണമെന്നില്ല. ഇത്തരത്തിൽ ഒരു പ്രധാനകാര്യം അജൻഡയിൽ ഇല്ലാതെ പുറത്തുനിന്ന് ഉന്നയിക്കുകയായിരുന്നു. പൊതുസമൂഹത്തിന്റെ അന്തസ്സിനെക്കൂടി ബാധിക്കുന്ന കാര്യം എന്ന നിലയിൽ മുൻകൂട്ടി ചർച്ചചെയ്തുമാത്രമേ തീരുമാനമെടുക്കാവൂ. എഎംഎംഎയിലെ ഡബ്ല്യുസിസി  അംഗങ്ങൾ മിക്കവരും മറ്റ് തിരക്കുകളിലായിരുന്നു. പലരും വിദേശത്ത്. ഈ വിഷയം ഉന്നയിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും അവിടെ ഡബ്ല്യുസിസിയുടെ എതിർപ്പ് ഉന്നയിക്കപ്പെടുമായിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ എതിർപ്പ് അറിയിക്കാൻ ഡബ്ല്യുസിസിതന്നെ വേണമെന്ന് ആർക്കോ പിടിവാശിയുള്ളതായിത്തോന്നും ചിലരുടെ പ്രതികരണം കാണുമ്പോൾ, അമ്മയുടെ തെറ്റുകൾ തിരുത്തുന്ന ജോലി മൊത്തമായി ഡബ്ല്യുസിസി ഏറ്റെടുത്തിട്ടില്ല. സാമൂഹ്യപ്രതിബദ്ധതയുള്ള അമ്മയിലെ മറ്റ് അംഗങ്ങൾക്കും ഇക്കാര്യത്തിൽ പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന നിലപാട് എടുക്കാൻ ബാധ്യതയില്ലേ. കുറ്റാരോപിതനായ ഒരാളെ പുറത്താക്കിയതായി പ്രഖ്യാപിച്ചശേഷം അന്നെടുത്ത തീരുമാനത്തിൽ സാങ്കേതികപ്പിഴവുണ്ടെന്നു പറഞ്ഞ് തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മറ്റാർക്കും ഒരു പ്രശ്നവും തോന്നുന്നില്ലെന്ന സ്ഥിതി അതിദയനീയമാണ്. 
 
 ഭാരവാഹികൾ നൽകുന്ന വിശദീകരണമാണ‌് കഷ്ടം. ചില പ്രമുഖ നടന്മാർ അവിടെ വേദിയിൽ കയറി പറഞ്ഞത‌് സംഘടനയുടെ തീരുമാനത്തിനെതിരെ കോടതിയിൽ പോകാത്ത ദിലീപിന്റെ മഹാമനസ്കതയെക്കുറിച്ച‌ാണ‌്. ദിലീപ് കോടതിയിൽ പോയെങ്കിൽ സംഘടന നാണംകെടേണ്ടിവന്നേനെ എന്ന്. അതേസമയം, നേരത്തെ എടുത്ത തീരുമാനത്തിലെ പിഴവ് തിരുത്താൻമാത്രമാണ് ശ്രമിച്ചതെന്നാണ് ഒരുകൂട്ടം വാദിക്കുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടതിനാൽ ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കി എന്ന് മമ്മൂട്ടിയും മോഹൻലാലും എല്ലാം ചേർന്ന് പ്രഖ്യാപിച്ചത് സംഘടനയ്ക്ക് സംഭവിച്ച പിഴവാണെന്നാണ് വ്യാഖ്യാനം. അപ്പോൾ ഇൗ താരങ്ങൾ ചാനലുകൾക്കു മുന്നിലെത്തി ചാനലിൽ വിളിച്ചുപറഞ്ഞത് വെറും നാടകമായിരുന്നോ. അതോ അവർ അമ്മയുടെ വേദിയിൽ കബളിപ്പിക്കപ്പെടുകയായിരുന്നോ. അങ്ങനെയെങ്കിൽ ആരാണ് ഇവരെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഇത്തരം ചോദ്യങ്ങൾക്ക് ഒന്നും ഉത്തരംനൽകാനുള്ള കെൽപ്പ് താരസംഘടനയ്ക്ക് ഇല്ല. ഞാനതിൽ അംഗമല്ല.  അക്രമിക്കപ്പെട്ട നടി ഇപ്പോൾ അതിജീവനപാതയിലാണ്. അവൾക്കുവേണ്ടി എന്താണ് സംഘടന ചെയ്തത്. 
 

ദിലീപിന്റെ കത്ത്

താരസംഘടനയുടെ നിലപാടില്ലായ്മയുടെ ഏറ്റവും ദയനീയമായ വെളുപ്പെടുത്തലാണ് കഴിഞ്ഞദിവസം ഇടവേള ബാബു പുറത്തുവിട്ട ദിലീപിന്റെ കത്ത്. അമ്മയിലേയ്ക്കില്ല എന്ന് ദിലീപ് കത്തെഴുതിയില്ലെങ്കിൽ ഈ പ്രശ്നത്തിൽ സംഘടന എന്തുചെയ്യുമായിരുന്നു. ഈ കത്ത‌് വന്നതോടെ എല്ലാ പ്രശ്നവും തീർന്നു എന്ന തോന്നൽ വേണ്ട. ഡബ്ല്യുസിസിയിലെ നടിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള ബാധ്യത ഭാരവാഹികൾക്കുണ്ട്. എന്താണ് സ്വന്തം നിലപാടെന്ന് വെളിപ്പെടുത്താൻ മാധ്യമങ്ങൾക്കു മുന്നിൽ വരാൻ ഭാരവാഹികൾ ഭയക്കുന്നു. ജനാധിപത്യസ്വഭാവമുള്ള ഒരു സംഘടനയ്ക്ക് ഇത‌് ഭൂഷണമാണോ.
  

അവൾ ഒറ്റയ്ക്കല്ല

ജനാധിപത്യവിരുദ്ധമായ അന്തരീക്ഷം നിലനിൽക്കുന്ന സംഘടനയിൽനിന്ന് പുറത്തുവരണമെന്ന ചിന്ത ചില അംഗങ്ങൾക്ക് നേരത്തെതന്നെയുണ്ട്. ഡബ്ല്യുസിസി, എഎംഎംഎയുടെ നിലപാടിനെ ശക്തമായി എതിർക്കാൻ തീരുമാനിച്ചു. അതിജീവനപാതയിലുള്ള നടി സംഘടനയിൽനിന്ന് രാജിവയ്ക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു. അവളെ തനിച്ചാക്കാൻ ഡബ്ല്യുസിസി തയ്യറായിരുന്നില്ല. എന്ത് പ്രത്യാഘാതം ഉണ്ടെങ്കിലും അവൾക്കൊപ്പം സംഘടന വിടാൻ ഗീതു മോഹൻദാസും രമ്യയും റിമയും തയ്യാറായി. അംഗങ്ങളുടെ വ്യക്തിപരമായ താൽപ്പര്യത്തെ മാനിക്കുന്ന ജനാധിപത്യസ്വഭാവമുള്ള സംഘടനയാണ് ഞങ്ങളുടേത്. താരസംഘടനയ‌്ക്കുള്ളിൽനിന്ന് ചർച്ചയ്ക്കുള്ള വേദിയൊരുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മറ്റുള്ളവർ.
 

ലക്ഷ്യമിട്ട് വേട്ടയാടപ്പെടുമ്പോൾ

ആൺകോയ്മ കൊടികുത്തിവാഴുന്ന മേഖലയിൽ പെണ്ണുങ്ങൾ സ്വന്തം സ്ഥാനം നേടിയെടുക്കാൻവേണ്ടി ആരംഭിച്ച ഡബ്ല്യുസിസിയിൽ പ്രവർത്തിക്കുക അത്ര സുഖകരമായ കാര്യമല്ല. ഇന്ത്യൻ സിനിമാചരിത്രത്തിലെതന്നെ ഏറ്റവും നിർണായക സംഭവമായി ഡബ്ല്യുസിസിയുടെ രൂപീകരണത്തെ കാണുന്നവരുണ്ട്. അംഗബലം ഇപ്പോൾ അറുപതിനും എഴുപതിനും ഇടയിൽമാത്രം. അഭിനയമേഖലയിൽമാത്രമാണ് നിങ്ങൾക്ക് സ്ത്രീസാന്നിധ്യം തിരിച്ചറിയാനാകുക. സിനിമയുടെ മറ്റു മേഖലകളിൽ സ്ത്രീപങ്കാളത്തം ഇപ്പോഴും നാമമാത്രം. അവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ പോരാടാനുറച്ച് ഇറങ്ങുന്ന ചാവേർ സ്വഭാവമുള്ള സംഘടനയെന്ന് ഇതിനെ വിശേഷിപ്പിക്കേണ്ടിവരും. ദിലീപ് വിഷയം വീണ്ടും ചൂടുപിടിച്ചതോടെ സംവിധായകരുടെയും നിർമാതാക്കളുടെയും വാട്സാപ‌് ഗ്രൂപ്പുകളിൽ സിനിമയിൽനിന്ന‌് ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക പ്രചരിക്കുന്നുണ്ട്. ആ പട്ടികയിൽ ഉള്ളവരിലേറെയും ഡബ്ല്യുസിസി അംഗങ്ങളാണ്. അവസരങ്ങൾ കുറയുമെന്ന് ഉറപ്പിച്ചുകൊണ്ട് പോരാടൻ എല്ലാവർക്കും സാധിക്കണമെന്നില്ല. 
 
ഡബ്ല്യുസിസിയുടെ ഭാഗമായതുകൊണ്ട് അതിലെ എല്ലാ അംഗങ്ങൾക്കും അവസരങ്ങൾ നഷ്ടമായതിന്റെ കഥകൾ പറയാനുണ്ട്. അത്തരം സാഹചര്യത്തെ കൂട്ടായി നേരിടും. ഞങ്ങൾ എല്ലാവരും ആർടിസ്റ്റുകളാണ്. എല്ലാ മേഖലയിലുള്ളവരും ഞങ്ങൾക്കൊപ്പമുണ്ട്. 
 

പാർവതിക്ക് സംഭവിച്ചത്

രാജ്യാന്തരചലച്ചിത്രോത്സവവേദിയിൽ കച്ചവടസിനിമയിൽ സ‌്ത്രീകൾ ചിത്രീകരിക്കപ്പെടുന്നതിനെക്കുറിച്ച് കസബ എന്ന സിനിമ ഉദാഹരിച്ച്‌ സംസാരിച്ചതുകൊണ്ട്  പാർവതിക്ക് മാസങ്ങളോളം രൂക്ഷമായ ഗുണ്ടായിസം നേരിടേണ്ടിവന്നു. പൊതുപരിപാടികളിലും സൈബർലോകത്തും പാർവതിക്കെതിരെ കൂവലും അപവാദ പ്രചാരണവും ഉണ്ടായപ്പോൾ അതിനെ പ്രതിരോധിക്കാൻ ഞങ്ങൾ ഏറെ പണിപ്പെട്ടു.
 

മീ റ്റൂ ക്യാമ്പയിൻ

ഹോളിവുഡിൽ പീഡിപ്പിക്കപ്പെട്ട നടിമാർ അത‌് തുറന്നുപറഞ്ഞു തുടങ്ങിയ മീ റ്റൂ ക്യാമ്പയിൻ സജീവമാകുംമുമ്പുതന്നെ മലയാളത്തിൽ ഡബ്ല്യുസിസി പിറവി എടുത്തിരുന്നു. ആഗോളതലത്തിൽ ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്നത് എത്ര സമാനമായ സാഹചര്യങ്ങളാണെന്ന് ഇത‌് ബോധ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ചിന്തിക്കുന്ന സമൂഹം  ഞങ്ങളെ പിന്തുണയ്ക്കുന്നു. 
 

സ്ഥിരം പ്രതിഷേധക്കാരുടെ മൗനം

പൊതുവിഷയങ്ങളിൽ ശക്തമായ നിലപാട് എടുക്കുന്ന അഭിനേതാക്കൾ പലരും ഈ വിഷയത്തിൽ മൗനംപാലിക്കുന്നുണ്ട്. അവസരങ്ങൾ നഷ്ടപ്പെടുമെന്ന പേടിയാണ് പലർക്കും. വലിയ പ്രോജക്ടുകളുടെ ഭാഗമായി നിൽക്കുമ്പോൾ സിനിമയ‌്ക്ക് ഒന്നും സംഭവിക്കരുതെന്ന ഭയവും പലർക്കുമുണ്ട‌്. എന്നാൽ, ഡബ്ല്യുസിസിയുടെ പോരാട്ടം ദേശീയശ്രദ്ധ നേടിയിരിക്കുന്നു. രാജിവച്ചവരെ പിന്തുണച്ച് ദേശീയതലത്തിൽ അക്കാദമിക്‐മാധ്യമരംഗത്തെ പ്രമുഖരായ 86 പേർ സംയുക്തപ്രസ്താവന ഇറക്കി. നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ഞങ്ങൾക്കൊപ്പമുണ്ട്, രാഷ്ട്രീയ പ്രവർത്തകരുണ്ട്. അന്തർദേശീയമാധ്യമങ്ങൾപോലും കേരളത്തിലെ വനിതാ ചലച്ചിത്രപ്രവർത്തകരുടെ കൂട്ടായ്മയെ അനുകൂലിച്ചു. അമ്മയുടെ യോഗത്തിൾ പങ്കെടുത്തിട്ടും പ്രതികരിക്കാതിരുന്നവർപോലും പരസ്യമായി പിന്തുണ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ കൂട്ടായ പ്രതിഷേധത്തിനുവേണ്ടിയുള്ള പ്രചാരണം നടക്കുന്നു. റിമ കല്ലിങ്കൽ പറഞ്ഞതുപോലെ അടുത്ത തലമുറയിലെ പെൺകുട്ടികൾക്കെങ്കിലും സിനിമാലോകം സുരക്ഷിതമായ തൊഴിലിടമാക്കാൻ ഞങ്ങൾ പരിശ്രമിക്കും, പുറകോട്ട് നടക്കാൻ ഞങ്ങൾക്കാകില്ല!
 
unnigiri@gmail.com
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top