17 August Friday

വിജയ് ചിത്രം ചൈനയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 

ജിഎസ്ടിയെ വിമർശിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായി മാറിയ വിജയ് ചിത്രം മെർസൽ ചൈനയിലേക്ക്. സിനിമയുടെ ചൈനീസ് പതിപ്പ് അടുത്തവർഷം ചൈനയിൽ വ്യാപക റിലീസിനൊരുങ്ങുന്നു. ആദ്യമായി ചൈനയിൽ റിലീസ് ചെയ്യുന്ന തമിഴ്ചിത്രമായിരിക്കും മെർസൽ.

മെർസലിന്റെ നിർമാതാക്കളായ ടിഎസ്എല്ലും ചൈനയിലെ പ്രമുഖ വിതരണ ഏജൻസിയായ എച്ച്ജിസിയും കോടികളുടെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽനിന്ന‌് അർബുദ മരുന്നുകൾ ചൈനയിലേക്ക് നിയമവിരുദ്ധമായി കടത്തി രോഗികളെ ചികിത്സിക്കുന്ന കഥപറഞ്ഞ ഡൈയിങ് ടു സർവൈവ് എന്ന ചിത്രം ചൈനയിൽ വൻ പ്രദർശനവിജയം നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ രംഗത്തെ ദുഷ്പ്രവണതകളെ ചോദ്യംചെയ്യുന്ന മെർസൽ ചൈനയിൽ റിലീസ് ചെയ്യുന്നത്്. യുവസംവിധായകൻ അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ  വിജയ് മൂന്ന് വേഷങ്ങളിൽ എത്തുന്നു.സാമന്ത, കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവരും അഭിനയിക്കുന്നു. മലയാളിതാരം ഹരീഷ് പേരടി ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകനും നടനുമായ എസ് ജെ സൂര്യ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.ചിത്രത്തിനായി എ ആര്‍ റഹ്മാന്‍ ഒരുക്കിയ ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജിഎസ്ടിയെ തുറന്നുവിമർശിച്ചതിന്റെ പേരിൽ ചിത്രത്തിനെതിരെ രംഗത്തുവന്ന ബിജെപി നേതാക്കൾ വിജയ്യെ ജാതിപറഞ്ഞ് വിമർശിച്ചത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.

ജിഎസ്ടി പിരിക്കുന്നവർക്ക് എന്തുകൊണ്ട് സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട സേവനം  ഒരുക്കിക്കൂടാ എന്നാണ് ചിത്രത്തിൽ ഇളയദളപതി വിജയ് യുടെ കഥാപാത്രം ചോദിക്കുന്നത്. ഇതേതുടർന്ന് വിജയ് എന്നതാരം സി ജോസഫ് വിജയ് ആണെന്ന് എടുത്തുകട്ടുവിധം ബിജെപി ദേശീയസെക്രട്ടറി എച്ച് രാജ അദ്ദേഹത്തിന്റെ തിരിച്ചറിയൽ കാർഡ് ഓൺലൈനായി പുറത്തുവിട്ടത് വൻ ഒച്ചപ്പാടുണ്ടാക്കി. 130 കോടി മുടക്കിയ നിർമിച്ച ചിത്രത്തെ ചുരുങ്ങിയ ദിനങ്ങൾകൊണ്ട് 200 കോടി ക്ലബ്ബിൽ കടത്തിയാണ് വിജയ് ആരാധകർ മറുപടി നൽകിയത്. അമേരിക്കയിലടക്കമുള്ള രാജ്യങ്ങളിൽ നിന്നായി ചിത്രം 35 ലക്ഷം ഡോളർ വരുമാനമുണ്ടാക്കിയെന്നും റിപ്പോർട്ടുണ്ട്.

ആമിർ ഖാന്റെ പികെ, ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ, സൽമാൻ ഖാന്റെ ബജ‌്റംഗി ഭായിജാൻ എന്നിവ ചൈനയിൽ സൂപ്പർഹിറ്റായി ഓടിയിരുന്നു. ഇർഫാൻ ഖാന്റെ ഹിന്ദി മീഡിയം ഈവർഷം ചൈനയിൽ മികച്ച വിജയം നേടി. സൽമാൻ ഖാന്റെ 2015ലെ ചിത്രം സുൽത്താൻ ചൈനീസ് ചലച്ചിത്രവിപണിയിൽ ഈമാസം അവസാനമോടെ റിലീസ് ചെയ്യും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top