17 December Monday

അവള്‍ക്കൊപ്പം ബോളിവുഡ്

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

ബോളിവുഡിലെ ലൈം​ഗിക പീഡനങ്ങൾ ദിനംപ്രതി വെളിപ്പെടവെ ശക്തമായ നിലപാടുമായി വനിതാ സംവിധായകർ. ചലച്ചിത്രമേഖലയിലെ ലൈം​ഗിക പീഡകർ എത്ര ഉന്നതരായാലും അവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് 11 പ്രമുഖ വനിതാ സംവിധായകർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ലിപ് സ്റ്റിക് അണ്ടർ മൈ ബുർഖ സംവിധാനംചെയ്ത അലൻകൃത ശ്രീവാസ്തവ, ശ്രീദേവിയുടെ മടങ്ങിവരവ് ചിത്രം ഇം​ഗ്ലീഷ് വി​ഗ്ലീഷ് ഒരുക്കിയ ​ഗൗരി ഷിൻഡെ, ആമിർ ഖാന്റെ ഭാര്യയും  സംവിധായികയുമായ കിരൺ റാവു, ദേശീയ പുരസ്കാരം നേടിയ നടിയും സംവിധായികയുമായ കൊങ്കണ സെൻശർമ, ​ഗുൽസാറിന്റെ മകളും തൽവാർ, റാസി തുടങ്ങിയ  സിനിമകളുടെ സംവിധായികയുമായ മേഘ്ന ​ഗുൽസാർ, പ്രമുഖ നടിയും അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ സംവിധായികയുമായ നന്ദിത ദാസ്, ബാർ ബാർ ദേഖോ ഒരുക്കിയ നിത്യ മെഹ്റ, ഹണിമൂൺ ട്രാവൽസ്, തലാഷ് എന്നീ  ചിത്രങ്ങളൊരുക്കിയ റീമ കാ​ഗ്തി, തിരക്കഥാ കൃത്തും സംവിധായികയുമായ രുചി നരെയ്ൻ, അമു, മാർ​ഗരീത്ത വിത്ത് എ സ്ട്രാ തുടങ്ങിയവ ഒരുക്കിയ തിരക്കഥാകൃത്തും സംവിധായികയുമായ ഷൊണാലി ബോസ്, ജവേദ് അക്തറുടെ  മകളും സംവിധായികയുമായ സോയ അക്തർ എന്നിവരാണ് ശക്തമായ നിലപാടുമായി രം​ഗത്തുവന്നത്.

ആരോപണവിധേയനായ സുഭാഷ് കപൂറിനൊപ്പമുള്ള സിനിമ ആമിർ ഖാൻ വേണ്ടെന്നുവച്ചു. ആക്ഷയ് കുമാറിന്റെ  ഹൗസ് ഫുൾ നാലിന്റെ  സംവിധായക സ്ഥാനത്തുനിന്നും സാജിദ് ഖാനെ മാറ്റി. ഇതിനു പിന്നാലെയാണ് വനിതാ സംവിധായകരും രം​ഗത്തുവന്നത്. ആരോപണവിധേയരെ ബോളിവുഡിൽ പോലും മാറ്റിനിർത്തുമ്പോൾ മലയാളത്തിൽ കുറ്റപത്രത്തിൽ പേരുവന്നയാളെ നായകനാക്കി ചലച്ചിത്ര സംഘടനാ ഭാരവാഹികൾ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കഴിഞ്ഞദിവസം മലയാള സിനിമയിലെ വനിതാ ചലച്ചിത്ര കൂട്ടായ്മ ചൂണ്ടിക്കാട്ടിയിരുന്നു.

 


പ്രധാന വാർത്തകൾ
Top