14 December Friday

മീ ടൂ വെളിപ്പെടുത്തല്‍ : അമ്പ് അര്‍ജുന് നേരെയും

വെബ് ഡെസ്‌ക്‌Updated: Sunday Oct 21, 2018

അമ്പ് അര്‍ജുന് നേരെയും
തെന്നിന്ത്യന്‍ സിനിമയിലെ ആക‌്ഷന്‍ രാജാവായി അറിയപ്പെടുന്ന അര്‍ജുനെതിരെയും മീ ടൂ വെളിപ്പെടുത്തല്‍. കന്ന‍ട സിനിമകളിലൂട ശ്രദ്ധിക്കപ്പെട്ട മലയാളി നടി ശ്രുതി ഹരിഹരനാണ് സിനിമ ചിത്രീകരണത്തിനിടെ അര്‍ജുനില്‍നിന്ന് നേരിട്ട  അനുഭവം ഫെയ്സ്ബുക്കുവഴി തുറന്നുപറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിച്ച് അര്‍ജുൻ രം​ഗത്തുവന്നു.

മോഹന്‍ലാലിന്റെ പെരുച്ചാഴി ഒരുക്കിയ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത അര്‍ജുന്റെ 150–ാം ചിത്രം നിപുണനിലെ സെറ്റിലെ സംഭവങ്ങളാണ് ശ്രുതി തുറന്നെഴുതിയത്. സിനിമയില്‍ അര്‍ജുന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് ശ്രുതി ചെയ്തത്. സിനിമയിലെ റൊമാന്റിക് സീന്‍ അഭിനയിക്കുന്നതിനു മുന്നോടിയായി റിഹേഴ്സല്‍ നടത്തവെ നടന്‍ അനുമതിയില്ലാതെ ശരീരത്തോട് ചേര്‍ത്തുപിടിച്ചെന്നും ശ്രുതി പറയുന്നു. 

“”അമ്പതിലേറെ പേര്‍ സെറ്റില്‍ നോക്കിനില്‍ക്കെയാണ് സംഭവം. അര്‍ജുന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയില്‍ റിയലിസം വേണം. പക്ഷേ, പ്രൊഫഷണലായ സമീപനമല്ല ഉണ്ടായത്. അപ്പോള്‍ എന്തുപറയണമെന്നുപോലും അറിയാതെ നില്‍ക്കേണ്ടിവന്നു എനിക്ക്. ‘’

സ്ത്രീയുട‌െ വ്യക്തിപരമായ ഇടത്തെ ഒരു പുരുഷനും അയാള്‍ എത്ര പ്രമുഖനായാലും കവരാന്‍ പാടില്ലെന്ന് ഉറപ്പാക്കാന്‍ മീ ടൂ പ്രസ്ഥാനത്തിന് കഴിയണമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സിനിമ കമ്പനി (2012) എന്ന മലയാളചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രുതി ഹരിഹരന്‍ സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാരില്‍ ഒരാളായിരുന്നു. ലൂസിയ  (2013) എന്ന കന്ന‍ട ‌ചിത്രത്തിലെ ശ്രുതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രുതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കരിയറില്‍ ഇത്തരം ആരോപണം നേരിടേണ്ടിവരുന്നത് ആദ്യമാണെന്നും അര്‍ജുനന്‍ കന്ന‍ട ചാനലിന് അനുവ​ദിച്ച അഭിമുഖത്തില്‍ പറഞ്ഞു. നടിയും നര്‍ത്തകിയുമായ നിവേദിതയാണ് അര്‍ജുന്റെ ഭാര്യ. ഇവരുടെ രണ്ട് പെണ്‍മക്കളില്‍ ഇളയവളായ ഐശ്വര്യ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top