12 December Wednesday

യൂ ...ടൂ... ബച്ചൻ ? ബോളിവുഡിനെ പിടിച്ചുകുലുക്കി മീ ടൂ വെളിപ്പെടുത്തലുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 14, 2018

ബോളിവുഡിനെ പിടിച്ചുകുലുക്കി മീ ടൂ വെളിപ്പെടുത്തലുകൾ തുടരുന്നു. ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചനുനേരെയും മീ ടൂ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ബോളിവുഡ് താരങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റും എഴുത്തുകാരിയുമായ സപ്ന ഭവാനിയാണ് സാക്ഷാൽ അമിതാഭ് ബച്ചനെതിരെ രം​ഗത്തുവന്നത്.

മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ പ്രതികരണത്തിന് മറുപടിയുമായാണ് സപ്ന ഭവാനി രം​ഗത്തുവന്നത്. 'നിങ്ങൾ പറയുന്നത് ഏറ്റവും വലിയ കള്ളമാണ്. പിങ്ക് സിനിമ വന്നതോടെ നിങ്ങൾ സ്ത്രീകൾക്കുവേണ്ടി പോരാടുന്ന വ്യക്തിയാണെന്ന ഇമേജ് വന്നിട്ടുണ്ടാകും. പക്ഷെ നിങ്ങളെ കുറിച്ചുള്ള സത്യവും ഉടൻ പുറത്തുവരും'. സപ്ന ട്വിറ്ററിൽ കുറിച്ചു.

ട്വിറ്റർ പരാമർശം ബോളിവുഡ് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കൂടുതൽ വിശദീകരണവുമായി അവർ വീണ്ടും രം​ഗത്തുവന്നു. തനിക്ക് വ്യക്തിപരമായി ബച്ചനിൽനിന്ന‌് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും എന്നാൽ, ബച്ചനിൽനിന്ന‌് മോശം അനുഭവം നേരിട്ട പലരുടെയും അനുഭവം തനിക്കറിയാമെന്നും അവർക്ക് തുറന്നുപറയാനുള്ള ധൈര്യം പകരുകയാണ് ലക്ഷ്യമെന്നും അവർ വിശദീ​കരിച്ചു. 

ശക്തമായ ഫെമിനിസ്റ്റ് നിലപാട് പിന്തുടരുന്ന സപ്ന ഭവാനി, ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഹിന്ദി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്യാർ കീ സൈഡ് എഫ്ക്ട്സ്, അ​ഗ്ലി ഓർ പ​ഗ്ലി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടി തനുശ്രീ ദത്ത, നാനാ പടേക്കർ അടക്കമുള്ളവർക്കെതിരെ നടത്തിയ തുറന്നുപറച്ചിലോടെയാണ് ബോളിവുഡിൽ മീ ടൂ ക്യാമ്പയിൻ ശക്തമായത്. താൻ തനുശ്രീയോ നാന പടേക്കറോ അല്ലാത്തതിനാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന ബച്ചന്റെ നിലപാട് ഏറെ വിവാദമുയർത്തിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ബച്ചൻ നിലപാട് തിരുത്തി. ഒരു സ്ത്രീയും തൊഴിലിടത്ത് പീഡിപ്പിക്കപ്പെടരുതെന്നാണ് വ്യക്തിപരമായ നിലപാടെന്നായിരുന്നു ബച്ചന്റെ പ്രതികരണം.


പ്രധാന വാർത്തകൾ
Top