19 November Monday

രജനിയും മമ്മൂട്ടിയുമല്ല; ദുല്‍ഖറും വിജയ് സേതുപതിയും ഒപ്പം ഫഹദും, ഞെട്ടിക്കാനൊരുങ്ങി മണിരത്‌നം

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

ഇന്ത്യന്‍ സിനിമാലോകം കണ്ട എക്കാലത്തേയും മികച്ച ചിത്രമായിരുന്നു ദളപതി. ചിത്രത്തിലെ മമ്മൂട്ടിയേയും രജനിയേയും കണ്ടവര്‍ ഒരിക്കലും മറക്കില്ല, കോമ്പിനേഷന്‍ സീനുകളില്‍ ഇവര്‍ക്കിടയില്‍ വര്‍ക്ക് ചെയ്ത കെമിസ്ട്രി ഇന്നും അമ്പരപ്പിക്കുന്നതാണ്. മണിരത്‌നമെന്ന മാസ്റ്റര്‍പീസ് സംവിധായകന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു ദളപതി. ബോക്‌സ് ഓഫീസ് വിജയം നേടിയൊ ഇല്ലയോ എന്നതിനേക്കാളുപരിയായി ഒരു മണിരത്‌നം ചിത്രം എന്നു പറഞ്ഞാല്‍ ഇപ്പോഴും ആരാധകര്‍ കാത്തിരിക്കും.... ചൂരുക്കും സംവിധായകരുടെ സിനിമക്ക് വേണ്ടി മാത്രം ഉണ്ടാകുന്ന ഒരു കാത്തിരിപ്പ്.

'കാട്ര് വെളിയിടെ' എന്ന അവസാന സിനിമ പരാജയപ്പെട്ടതിന് ശേഷം മണിരത്‌നം ചെയ്യുന്ന അടുത്ത സിനിമ ഏതായിരിക്കും എന്നതാണ് കുറച്ച് കാലമായി ഇന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ച. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി ഒരു ആക്ഷന്‍ ത്രില്ലറിനാണ് മണിരത്‌നം ഒരുങ്ങുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി രാഷ്ട്രീയക്കാരനായും മോഹന്‍ലാല്‍ ബിസിനസുകാരനായും എത്തുമെന്നായിരുന്നു വിവരം. അതേസമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ യുവതാരങ്ങളെ അണി നിരത്തി സിനിമ ചെയ്യുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.  എന്നാല്‍ ഏറ്റവും ഒടുവിലായി കേള്‍ക്കുന്നത് മലയാളത്തിന്റെ ക്രൗഡ് പുള്ളര്‍ ദുല്‍ഖറും തമിഴ് താരം വിജയ് സേതുപതിക്കും ഒപ്പം ഫഹദ് ഫാസിലും ഒന്നിക്കുമെന്നാണ്. ഇവരോടൊപ്പം 'തനി ഒരുവനി'ലൂടെ തിരിച്ച് വരവ് നടത്തിയ അരവിന്ദ് സാമിയും പ്രധാന വേഷം കൈകാര്യം ചെയ്യും. സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് എ ആര്‍ റഹ്മാന്‍ സംഗീതം പകരും. ഷൂട്ടിങ്ങ് ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യ ലഭിച്ച നടനാണ് ദുല്‍ഖര്‍, അതേസമയം അരവിന്ദ് സാമിയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത് തന്നെ മണിരത്‌നമായിരുന്നു. എന്നാല്‍ ഫഹദും വിജയ് സേതുപതിയും ആദ്യമായിട്ടാണ് മണിരത്‌നവുമായി സഹകരിക്കുന്നത്. ദുല്‍ഖറിന്റെ സോലോ ടീസര്‍ റിലീസിങ്ങ് സമയത്ത് വിജയ് സേതുപതിയും മണിരത്‌നവും കൂടിക്കാഴ്ച നടത്തിയത് സിനിമാ ലോകം വളരെ പ്രതീക്ഷയോടെ നോക്കികണ്ടിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top