20 September Thursday

മഹിമയുടെ മഹിമ മുഴുവൻ കോളിവുഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 12, 2018


കാസർകോട്ടുകാരി മഹിമ നമ്പ്യാരെ മലയാളി പ്രേക്ഷകർക്ക‌് അത്ര പരിചയമില്ല. പക്ഷേ, ഈ നാട്ടുമ്പുറത്തുകാരിക്ക‌് തമിഴിൽ കൈനിറയെ ചിത്രങ്ങളാണ‌്. കുംകി നായകൻ വിക്രം പ്രഭുവിന്റെ  ജോടിയായി എത്തുകയാണ‌് മഹിമ. അസുരപ്രഭു എന്ന സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. അയ്യങ്കാരൻ, ഇരവുക്ക‌് ആയിരം കൺകൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ‌് മഹിമ ഇപ്പോൾ.

2010ൽ കാര്യസ്ഥൻ എന്ന സിനിമയിൽ ദിലീപിന്റെ അനിയത്തി റോളിലൂടെയാണ‌് മഹിമ സിനിമയിലെത്തുന്നത‌്. എന്നാൽ, പിന്നീട‌് തമിഴിലാണ‌് ഇവരുടെ സമയം തെളിഞ്ഞത‌്. 2012ൽ സാട്ടൈ എന്ന സിനിമയിൽ തമിഴിൽ അരങ്ങേറി. അന്ന‌് പത്താം ക്ലാസുകാരിയായ മഹിമ, സമുദ്രക്കനിക്കൊപ്പം  തിളങ്ങി. അതിന്റെ ഗംഭീരവിജയം മഹിമയെ തമിഴിൽ ഉറപ്പിച്ചു. സൂപ്പർ ഹിറ്റായ പുതിയ പുതിർ, കൊടിവീരൻ തുടങ്ങിയവയടക്കം എട്ടുസിനിമ പൂർത്തിയാക്കി. ശശികുമാർ, വിജയ‌് സേതുപതി, സമുദ്രക്കനി തുടങ്ങിയ തമിഴിലെ നവതരംഗ സിനിമക്കാരുടെ നായികയായി മഹിമ സ്ഥാനം ഉറപ്പിച്ചു.

മമ്മൂട്ടി നായകനായ മാസ്റ്റർപീസ‌് എന്ന സിനിമയിലും വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സമുദ്രക്കനി സംവിധാനംചെയ‌്ത ബഹുഭാഷാ സിനിമയായ ‘കിത‌്ന’യുടെ മലയാളം, തമിഴ‌് പതിപ്പുകളിലും മഹിമ മുഖ്യവേഷത്തിൽ എത്തി. തമിഴിൽ നിറയുമ്പോഴും മാതൃഭാഷയിൽ അറിയപ്പെടുന്ന താരമാകാനുള്ള കാത്തിരിപ്പിലാണ‌് കാസർകോട‌് നായന്മാർമൂല സ്വദേശിയായ മഹിമ.

പ്രധാന വാർത്തകൾ
Top