19 October Friday

കോളിവുഡിനെ നോക്കൂ; അവിടത്തെ മാറ്റം കാണൂ

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

തമിഴ‌്നാട്ടിൽ നക്ഷത്രത്തിളക്കമുള്ള നടൻമാരുടെ പിടിയിലായിരുന്ന സിനിമാരംഗത്തെ മോചിപ്പിക്കാൻ യുവ നടൻമാർ നടത്തിയ സംഘടിത നീക്കം ഫലം കണ്ടു. സൂപ്പർസ‌്റ്റാറുകളില്ലെങ്കിലും തിയറ്ററിൽ സിനിമ ഓടുമെന്ന‌് ബോധ്യപ്പെടുത്താനും അവർക്ക‌് കഴിഞ്ഞു. വിമർശിച്ചാൽ സിനിമാരംഗത്തുനിന്ന‌് ഭ്രഷ‌്ട‌് കൽപ്പിക്കുന്ന തമിഴ‌് സിനിമാരീതികളെ സംഘടിതമായി ചെറുത്തുതോൽപ്പിച്ചാണ‌് ചെറുപ്പക്കാർ അവിടെ വിജയം നേടിയത‌്. കോളിവുഡ‌് എന്നറിയപ്പെടുന്ന കോടമ്പാക്കത്തെ സിനിമാലോകമായിരുന്നു ഒരുകാലത്ത‌് തെന്നിന്ത്യൻ സിനിമയെ നിയന്ത്രിച്ചിരുന്നത‌്. മക്കൾ തിലകം എംജിആർ ആയിരുന്നു  നിയന്ത്രണക്കാര്യത്തിൽ മരണംവരെ മുന്നിലുണ്ടായിരുന്നത‌്. ഇതിനിടയിൽ നടികർതിലകം ശിവാജി ഗണേശൻ ഒതുക്കപ്പെട്ടു. അക്കാലത്ത‌് കലൈഞ‌്ജർ  കരുണാനിധിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും ഉണ്ടായിരുന്നു. ജയലളിത മുഖ്യമന്ത്രിയായതോടെ ഒരു ഘട്ടത്തിൽ രജനീകാന്തിനെ ഒതുക്കാനും ശ്രമിച്ചു. ഹാസ്യനടി മനോരമയേയും ഇടക്കാലത്ത‌് ഒതുക്കി.

തമിഴ‌്സിനിമയിലെ ഹാസ്യരാജാവായിരുന്നു വടിവേലുവിന‌്,  ജയലളിതയെ വിർശിച്ചുവെന്ന കാരണംകൊണ്ട‌് മാത്രം അഞ്ച‌് വർഷത്തോളം വീട്ടിൽ ഇരിക്കേണ്ടിവന്നു.   നടികർസംഘത്തിന്റെ തലപ്പത്ത‌് വിജയകാന്ത‌് വന്നിട്ടും മാറ്റം വരുത്താനായില്ല.  എന്നാൽ തമിഴ‌്സിനിമയിൽ മാറ്റങ്ങൾക്ക‌് വഴിവച്ച ‘സുബ്രഹ്മണ്യപുര’ത്തിലൂടെ എത്തിയ സമുദ്രക്കനി, ശശികുമാർ എന്നിവരും ബാല, ചേരൻ തുടങ്ങിയവരും സിനിമയിലെ മാഫിയകൾക്കെതിരെ ശബ‌്ദിച്ചു. വിശാൽ എന്ന യുവനടന്റെ നേതൃത്വത്തിൽ നടികൾ സംഘത്തിലും കലാപം തുടങ്ങി. സംഘത്തിന്റെ തലപ്പത്തേക്ക‌് വിശാൽ ജനറൽ സെക്രട്ടറിയായും  നാസർ പ്രസിഡന്റുമായും എത്തി. നിർമാതക്കളുടെ സംഘടനയിലും വിശാൽ പിടിമുറുക്കിയതോടെ, തമിഴ‌്സിനിമാവ്യവസായത്തിലെ മാഫിയവൽക്കരണത്തിന‌് ഒരു പരിധിവരെ അന്ത്യംകുറിക്കാൻ കഴിഞ്ഞു.

വിജയ‌്ചിത്രമായ ‘കത്തി’യുടെ കഥ മോഷ‌്ടിച്ചതാണെന്ന‌് ആരോപിച്ച‌് കോടതിയിൽ കേസ‌് നിലനിന്നിരുന്നു. മീഞ്ചൂർ ഗോപി എന്ന കലാകാരനായിരുന്നു കേസ‌് നൽകിയത‌്. എന്നാൽ ഗോപിയുടെ ശബ‌്ദം ആരും കേട്ടില്ല. മാഫിയവൽക്കരണത്തിന‌് അന്ത്യമായതോടെ ഗോപി നയിനാർ എന്ന പുതിയ പേരിൽ ഗോപി കഥയഴുതി സംവിധാനം ചെയ‌്ത ചിത്രമാണ‌് ‘അറം’. സിനിമ വൻ വിജയമായി. വടിവേലു തിരിച്ചുവന്നു. അവസരമില്ലാത്തവർ ടിവി സീരിയലുകളിലും സജീവമായി. തമിഴ‌് സിനിമയിലെ യുവമുന്നേറ്റം മികച്ച ഫലങ്ങളാണ‌് നൽകുന്നത‌്.  ശബ്ദമില്ലാത്തവർക്കും അവസരങ്ങളുണ്ടായി. മാറുകയാണ‌് തമിഴ് ലോകം.. നമ്മളോ?

 

പ്രധാന വാർത്തകൾ
Top