18 September Tuesday

അരുത്...കന്നട ചലച്ചിത്രലോകം

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

മലയാളത്തിലെ താരസംഘടനയുടെ നിലപാടിനെതിരെ ശക്തമായ വിമർശവുമായി കന്നട ചലച്ചിത്രലോകവും രം​ഗത്തുവന്നു. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള താരസംഘടനയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്  കന്നട ചലച്ചിത്രവ്യവസായ സംഘടനയായ കെഎഫ്ഐ,  ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ് ആൻഡ‌്എക്വാളിറ്റി (ഫയർ) എന്നീ സംഘടനകൾ സംയുക്തമായി കത്തെഴുതി. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിൽ കന്നട ചലച്ചിത്രലോകം കടുത്ത നിരാശ രേഖപ്പെടുത്തി.

പ്രമുഖനടനും സംവിധായകനുമായ  പ്രകാശ് രാജ്, സംവിധായകരായ കവിത ലങ്കേഷ്, രൂപ അയ്യർ, പന്ന​ഗ ഭാരന,  കന്നട താരങ്ങളായ ചേതൻ, ശ്രുതി ഹരിഹരൻ, ശ്രദ്ധ ശ്രിനാഥ്, ദി​ഗാനാഥ്, മേഘ്ന രാജ്, പൂജ ​ഗാന്ധി, അഭിനേതാക്കളും സംവിധായകരുമായ രക്ഷിത് ഷെട്ടി, പ്രകാശ് റായ് എന്നിവരടക്കം അമ്പതുപേർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. സ്ത്രീസുരക്ഷയും ലിം​ഗനീതിയും ദേശീയതലത്തിൽത്തന്നെ ശക്തമായ ചർച്ചകൾക്ക് വഴിവയ്ക്കുമ്പോൾ പൊതുസമൂഹത്തിന് മാതൃകയാകാനുള്ള ഉത്തരവാദിത്തം താരസംഘടനയ്ക്കുണ്ട്. അക്രമത്തിനിരയായ പെൺകുട്ടിയും താരസംഘടനയിൽ അം​ഗമായിരിക്കെ കുറ്റാരോപിതനെ തിരിച്ചെടുക്കാനുള്ള നീക്കം തെറ്റായ സന്ദേശം നൽകുമെന്നും താരംസഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് എഴുതിയ  കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആരെയും കുറ്റക്കാരനായി കാണാൻ താല്പര്യപ്പെടുന്നില്ലെങ്കിലും അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ താരസംഘടന സഹായിച്ചില്ലെന്നാണ് ഇപ്പോഴുള്ള നടപടികളിൽനിന്ന് വ്യക്തമാകുന്നതെന്ന് കന്നട നടനും സാമൂഹ്യപ്രവർത്തകനുമായ ചേതൻ പ്രതികരിച്ചു.

ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ കേരളത്തിലെ വനിതാ ചലച്ചിത്രകൂട്ടായ്മയുടേത് ശക്തമായ നിലപാടാണെന്ന് പാലക്കാട്ടുകാരിയായ കന്നട, മലയാളം ചലച്ചിത്രനടി ശ്രുതി ഹരിഹരൻ പ്രതികരിച്ചു. കരിയര്‍ നഷ്ടമാകുമെന്ന് ഭയന്ന് ചലച്ചിത്രലോകത്തെ പുരുഷാധിപത്യത്തിനും ലൈം​ഗികാതിക്രമങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ അഭിനേത്രിമാര്‍ ഭയന്ന കാലഘട്ടത്തിലാണ് ഡബ്ലിയുസിസി എന്ന സംഘടന ശക്തമായ നിലപാടുമായി രം​ഗത്തുവന്നതെന്നും അവര്‍ പറഞ്ഞു. സിനിമ കമ്പനി എന്ന മലയാള ചിത്രത്തിലൂടെ അഭിനയരം​ഗത്ത് എത്തിയ ശ്രുതി കന്ന‍ടയില്‍ ഇപ്പോള്‍ ശ്രദ്ധേയമായ താരമാണ്.

പ്രധാന വാർത്തകൾ
Top