21 November Wednesday

അതിശയനിലെ ദേവദാസ് തിരികെയെത്തുന്നത്‌ നായകനായി... 'കളിക്കൂട്ടുകാരൻ' ചിത്രീകരണം പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 8, 2018

ദേവദാസും നായിക നിധിയും കളിക്കൂട്ടുകാരനിൽ

കൊച്ചി > വിനയൻ സംവിധാനം ചെയ്‌ത അതിശയനിലൂടെ ബാലതാരമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ദേവദാസ്‌ എന്ന കൊച്ചുമിടുക്കനെ ഓർമ്മയില്ലേ? ആ കൊച്ചു പയ്യനിപ്പോൾ 19 വയസ്സായി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന് കീഴിലുള്ള മുംബൈയിലെ വിസിലിംഗ് വുഡ് ഇന്‍റര്‍നാഷണലില്‍ ബിഎസ്‌സി ഫിലിം മേക്കിംഗില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ദേവദാസ്‌ മലയാള സിനിമയിലേക്ക്‌ മടങ്ങിയെത്തുന്നത്‌ നായകനായാണ്‌. ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ  ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന 'കളിക്കൂട്ടുകാരി'ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്.



പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍. കൗമാര പ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആക്ഷനും സസ്പെന്‍സുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണെന്നും സംവിധായകന്‍ പറയുന്നു. യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് കഥയും തിരക്കഥയും ഒരുക്കിയ തിരക്കഥാകൃത്ത് രാമു പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ കൗമാരക്കാര്‍ വീട്ടില്‍നിന്ന് മാത്രമല്ല  സമൂഹത്തില്‍ നിന്നും ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും  നേരിടുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുമ്പോള്‍ അവര്‍ നേരിടുന്ന ചില സോഷ്യല്‍ റിയാലിറ്റികളാണ് കളിക്കൂട്ടുകാര്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് രാമു പറയുന്നു.

തൃശ്ശൂരിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തൃശ്ശൂര്‍, ഗോവ, വാഗമണ്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. എംടി - ഹരിഹരന്‍ കൂട്ടുകെട്ടിലൂടെ കടന്നുവന്ന് ഭദ്രന്‍, പി.എന്‍ മേനോന്‍, ജി.എസ് വിജയന്‍ തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിച്ചുവന്ന പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കളിക്കൂട്ടുകാര്‍.



ദേവദാസിന് പുറമെ ഈ ചങ്ങാതിക്കൂട്ടത്തിലെ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് യുവതാരങ്ങളായ നിധി, ആല്‍വിന്‍, ജെന്‍സണ്‍ ജോസ്, സ്നേഹ സുനോജ്, ഭാമ എന്നിവരാണ്. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍,  ബൈജു, ഷമ്മി തിലകന്‍,  രാമു, ശിവജി ഗുരുവായൂര്‍, വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി എന്നിവരും ഈ ചിത്രത്തിലെ അഭിനയിക്കുന്നു.

ഛായാഗ്രഹണം - പ്രദീപ് നായര്‍, എഡിറ്റിംഗ് - അയൂബ് ഖാന്‍, പശ്ചാത്തല സംഗീതം - ബിജിബാല്‍,  സംഗീതം- വിഷ്ണു മോഹന്‍ സിത്താര, വിനു തോമസ്, ഗാനരചന - റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍, കലാസംവിധാനം - എം. ബാവ, വസ്ത്രാലങ്കാരം - നിസാര്‍ റഹ്മത്ത്, മേക്കപ്പ് - സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എം. വി ജിജേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നസീര്‍ കൂത്തുപറമ്പ്, ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് - മോമി, സംഘട്ടനം - മാഫിയ ശശി, പ്രദീപ് ദിനേശ്, നൃത്തം - രേഖ മഹേഷ്, അബ്ബാസ്, പി ആര്‍ ഒ - പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ - അരുഗോപ്, സഞ്ജു അമ്പാടി, അസിസ്റ്റന്‍റ് ഡയറക്ടര്‍ - യദുകൃഷ്ണ പി.ജെ, റിതു,  എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
 


പ്രധാന വാർത്തകൾ
Top