18 August Saturday

കുട്ടികളേ വരൂ... സിനിമ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018


കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത‌് തിങ്കളാഴ‌്ച തുടക്കം. പകൽ 12ന‌് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. ശിശുക്ഷേമസമിതിയും ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപറേഷനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ‌് 20 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത‌്. കേരളത്തിലാദ്യമായാണ‌് കുട്ടികൾക്കുവേണ്ടി ചലച്ചിത്രമേള സംഘടിപ്പിക്കുന്നത‌്. കൈരളി, ശ്രീ, നിള, ടാഗോർ, കലാഭവൻ എന്നീ തിയറ്ററുകളിലാണ‌്  പ്രദർശനം.

കുട്ടികളുടെ 140 ചിത്രങ്ങളും ഇരുനൂറോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും. ഡയറക്ടർസ് ഇൻ ഫോക്കസ് വിഭാഗത്തിൽ പത്തു ചിത്രങ്ങൾ പ്രദർശിപ്പിക്കും. അമോൽ ഗുപ്തെ, ശിവൻ, സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവർക്കുപുറമെ പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ചിത്രങ്ങളും കാണികൾക്കു കാഴ്ചവിരുന്നൊരുക്കും. സംഗീത് ശിവന്റെ  ജോണി, ശിവന്റെ അഭയം, കേശു എന്നീ ചിത്രങ്ങളാണ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മലയാളചിത്രങ്ങൾ.

ഇന്റർനാഷണൽ വിഭാഗത്തിൽ ഓസ‌്കർ നാമനിർദേശം ലഭിച്ച ഐറിഷ് അനിമേറ്റഡ് ഫാന്റസി ചിത്രം ‘സോങ് ഓഫ് ദി സീ’, പോർച്ചുഗീസ് ചലച്ചിത്രം ‘ദി ബോയ് ആൻഡ് ദി വേൾഡ്’, മുഹമ്മദ് അലി തലേബി സംവിധാനം ചെയ്ത പേർഷ്യൻ ചലച്ചിത്രം ‘ഗൗൾ’ എന്നിവയുണ്ടാകും.
 പഥേർ പാഞ്ചാലി,  ചാർളി ചാപ്ലിന്റെ  ദി ഗ്രേറ്റ് ഡിക്റ്റേറ്റർ, അനിമേഷൻ ചിത്രമായ ദി ലയൺ കിങ‌് എന്നീ ക്ലാസിക്കുകൾ തിങ്കളാഴ‌്ച പ്രദർശിപ്പിക്കും. ബൈസിക്കിൾ തീവ്സ്, ഹോം എലോൺ എന്നീ ചിത്രങ്ങളും ക്ലാസിക‌് വിഭാഗത്തിൽ  പ്രദർശനം നടത്തും.

പ്രധാന വാർത്തകൾ
Top